
Perinthalmanna Radio
Date: 13-11-2022
മലപ്പുറം: ജില്ലയിൽ കഴിഞ്ഞ മാസം റോഡിലെ നിയമ ലംഘനങ്ങൾക്ക് മോട്ടർ വാഹന വകുപ്പ് പിഴയായി ഈടാക്കിയത് ഒരു കോടിയിലേറെ രൂപ. 5794 കേസുകളിലായി ആകെ 1.13 കോടി രൂപയാണ് പിഴ ചുമത്തിയത്.
കാൽനടയാത്രക്കാർക്കും മറ്റ് വാഹന യാത്രക്കാർക്കും ഭീഷണിയായി അപകടകരമായ രീതിയിൽ ഡ്രൈവിങ്
നടത്തുന്ന വാഹന ഡ്രൈവർമാർക്കും, ഇഷ്ടാനുസരണം വാഹനങ്ങൾക്ക് മോടി കൂട്ടിയവർക്കും കാതടപ്പിക്കുന്ന ശബ്ദത്തിലുള്ള ഹോണിൽ ഇമ്പം കണ്ടെത്തിയവർക്കും എട്ടിന്റെ പണി കൊടുത്ത് മോട്ടോർ വാഹന വകുപ്പ്. കഴിഞ്ഞ മാസം ജില്ലയിലെ വിവിധയിടങ്ങളിൽ നടത്തിയ പരിശോധനയിൽ 36 പേരുടെ ലൈസൻസ് സസ്പെൻഡ് ചെയ്യുകയും അപാകത കണ്ടെത്തിയ 44 വാഹനങ്ങളുടെ ഫിറ്റ്നസും മോട്ടോർ വാഹന വകുപ്പ് റദ്ദാക്കി.
ജില്ലാ ആർ.ടി.ഒ സി.വി.എം. ഷരീഫിന്റെ നിർദ്ദേശപ്രകാരം ജില്ലയിൽ കഴിഞ്ഞ (ഒക്ടോബറിൽ) മാസം നടത്തിയ പരിശോധനയിൽ ടൂറിസ്റ്റ് ബസുകൾ ഉൾപെടെ 249 വാഹനങ്ങളിൽ രൂപമാറ്റം വരുത്തിയതായി കണ്ടെത്തിയിരുന്നു. ഇത്തരത്തിൽ ജില്ലയിൽ നിന്നും കഴിഞ്ഞ മാസം 5794 നിയമലംഘനങ്ങളാണ് കണ്ടെത്തിയത്. കാതടിപ്പിക്കുന്ന ശബ്ദത്തിലുള്ള എയർ ഹോൺ ഉപയോഗിച്ചത് 49, അപകടകരമായ രീതിയിൽ നിരത്തുകളിൽ റൈസിങ് ഉൾപ്പെടെ അപകടകരമായ ഡ്രൈവിങ് നടത്തിയത് 53, ലൈസൻസ് ഇല്ലാതെ വാഹനം ഓടിച്ചത് 225, ഓവർലോഡ് 51, ഇൻഷുറൻസ് ഇല്ലാതെ വാഹനം ഓടിച്ചത് 463, ഫിറ്റ്നസ് ഇല്ലാത്തത് 122, ഹെൽമെറ്റ് ഇല്ലാതെ വാഹനം ഓടിച്ചത് 3396, മൊബൈൽ ഫോൺ ഉപയോഗിച്ച് ഡ്രൈവിങ് ചെയ്തത് 78, നികുതി ഇല്ലാത്തത് 223, ഫാൻസി നമ്പർ പ്ലേറ്റുകൾ ഘടിപ്പിച്ചത് 187, നമ്പർ പ്ലേറ്റുകൾ പ്രദർശിപ്പിക്കാത്തത് 240, മൂന്നു പേരെ കയറ്റിയുള്ള ഇരുചക്ര വാഹന യാത്ര 139, പെർമിറ്റ് ഇല്ലാത്തത് 36, സ്പീഡ് ഗവർണറില്ലാത്തത് 75 എന്നിങ്ങനെ 5794 കേസുകളിലായാണ് മോട്ടോർ വാഹന വകുപ്പ് 11,351,725 രൂപപിഴ ചുമത്തിയത്.
മലപ്പുറം ആർ.ടി.ഒ സി.വി.എം. ഷരീഫിന്റെ നിർദ്ദേശപ്രകാരം മോട്ടോർ വാഹന വകുപ്പ് എൻഫോഴ്സ്മെന്റ് വിഭാഗം, മലപ്പുറം ജില്ലാ ആർ.ടി.ഒ ഓഫീസ്, തിരൂരങ്ങാടി, തിരൂർ, നിലമ്പൂർ, പെരിന്തൽമണ്ണ, കൊണ്ടോട്ടി, പൊന്നാനി എന്നീ റീജിയണൽ ഓഫീസികളിലെ ഉദ്യോഗസ്ഥർ എന്നിവരുടെ നേതൃത്വത്തിൽ ജില്ലയിലെ സംസ്ഥാന – ദേശീയപാതകൾ കേന്ദ്രീകരിച്ച് രാപകൽ വ്യത്യാസമില്ലാതെ നടത്തിയ പരിശോധനയിലാണ് ഈ നിയമലംഘനങ്ങൾ കണ്ടെത്തിയത്.
