കാക്കത്തോട് പാലം നാളെ നാടിന് സമര്‍പ്പിക്കും

Share to

Perinthalmanna Radio
Date: 13-11-2022

പോരൂര്‍-പാണ്ടിക്കാട് പഞ്ചായത്തുകളെയും വണ്ടൂര്‍- മഞ്ചേരി നിയോജക മണ്ഡലങ്ങളെയും ബന്ധിപ്പിക്കുന്ന വടപുറം- പട്ടിക്കാട് സംസ്ഥാന പാതയിലെ അയനികോടുള്ള വളരെ പഴക്കം ചെന്ന കാക്കത്തോട് പാലത്തിന്റെ പുനര്‍ നിര്‍മാണം പൂര്‍ത്തീകരിച്ചതിന്റെ ഉദ്ഘാടനം നാളെ (നവംബര്‍ 14) വൈകീട്ട് നാലിന് പൊതു മരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് നിര്‍വഹിക്കും. 3.85 കോടി രൂപ ചെലവിലാണ് കാക്കത്തോടിനു കുറുകെ നിര്‍മാണം പൂര്‍ത്തിയാക്കിയ പാലത്തിന്റെ നിര്‍മാണ ചെലവ്. എ.പി. അനില്‍ കുമാര്‍ എം.എല്‍.എ ചടങ്ങിന് അധ്യക്ഷനാവും. ചടങ്ങില്‍ എം.പിമാരായ രാഹുല്‍ ഗാന്ധി, എം.പി. അബ്ദുസമ്മദ് സമദാനി, അഡ്വ.യു.എ. ലത്തീഫ് എം.എല്‍.എ തുടങ്ങിയവര്‍ മുഖ്യാതിഥികളാവും.

പോരൂര്‍, പാണ്ടിക്കാട് പഞ്ചായത്തുകളുടെ അതിര്‍ത്തി പങ്കിടുന്ന നിലവിലുള്ള പാലം ദ്രവിച്ച് അപകടാവസ്ഥയിലായിരുന്നു. 1942 ല്‍ ബ്രിട്ടീഷുകാര്‍ നിര്‍മിച്ച പാലത്തിന്റെ തൂണുകള്‍ക്കും സ്ലാബുകള്‍ക്കും ബലക്കുറവും പാര്‍ശ്വഭിത്തിക്കു സമീപം ഇടിച്ചിലും തൂണുകള്‍ക്കു വിള്ളലുകളും അടി ഭാഗത്തെ കരിങ്കല്‍ കെട്ടിന്റെ പല ഭാഗങ്ങളും തകര്‍ച്ചയിലായിരുന്നു. ഈ സാഹചര്യത്തിലാണ് പഴയ പാലത്തിനു സമാന്തരമായി തൊട്ടടുത്തുതന്നെ പുതിയ പാലം നിര്‍മിച്ചത്. ഈ പാലത്തിന് 10 മീറ്റര്‍ നീളമായിരുന്നു. മൂന്ന് സ്പാനോടുകൂടിയ 3.60 മീറ്റര്‍ വീതിയുള്ള ഒറ്റവരി പാലം പുനര്‍നിര്‍മിക്കുന്നതിനായി നബാര്‍ഡ് പദ്ധതിയില്‍ ഉള്‍പ്പെടുത്തി ഭരണാനുമതിയും സാങ്കേതികനുമതിയും ലഭിച്ചു. 2020 ജൂണിലാണ് ഒന്നാം പിണറായി സര്‍ക്കാറിന്റെ കാലത്ത് അന്നത്തെ പൊതുമരാമത്തുവകുപ്പ് മന്ത്രി ജി.സുധാകരന്‍ വീഡിയോകോണ്‍ഫറന്‍സ് വഴി പാലത്തിന്റെ തറക്കല്ലിട്ടത്.

ലോക്ക്ഡൗണിനെ തുടര്‍ന്ന് പദ്ധതിയുടെ നിര്‍മാണ ജോലികള്‍ നിര്‍ത്തിവെച്ചിരുന്നതിനാലും പുഴയില്‍ ജലനിരപ്പ് ഉയര്‍ന്ന കാരണത്താലും നിര്‍മാണ പ്രവൃത്തികള്‍ നടത്താന്‍ സാധിച്ചിരുന്നില്ല. കോവിഡിന്റെ രണ്ടാം തരംഗത്തില്‍ ലോക്ക് ഡൗണ്‍ലോഡ് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് നിര്‍മാണ സാമഗ്രികളും മറ്റു ക്രഷര്‍ മെറ്റീരിയലുകളും ലഭിയ്ക്കാത്ത സാഹചര്യവും ന്യൂനമര്‍ദ്ദം കാരണമുണ്ടായ കനത്ത മഴയില്‍ നിര്‍മാണ ജോലികള്‍ തടസപ്പെട്ടതും പദ്ധതി പൂര്‍ത്തീകരണത്തിനായി കാലതാമസം നേരിട്ടിരുന്നു. അതു കൊണ്ടു തന്നെ പദ്ധതി പൂര്‍ത്തീകരണ കാലാവധി മെയ് 2022 വരെ ദീര്‍ഘിപ്പിച്ചു കിട്ടി.

പുതിയ പാലം ഗതാഗത യോഗ്യമാകുന്നതോടെ സമീപ സംസ്ഥാനമായ തമിഴ്‌നാട്ടിലെ ഗൂഡല്ലൂര്‍ മുതലായ ഭാഗങ്ങളില്‍ നിന്നും ജില്ലയിലെ വഴിക്കടവ്, നിലമ്പൂര്‍ മുതലായ ഭാഗങ്ങളില്‍ നിന്നും പാണ്ടിക്കാട്, പെരിന്തല്‍മണ്ണ എന്നീ ഭാഗങ്ങളിലേക്ക് പെട്ടന്ന് എത്തിച്ചേരാന്‍ സാധിക്കും. ഈ ഭാഗങ്ങളിലുള്ളവര്‍ ചികിത്സക്ക് പ്രധാനമായും ആശ്രയിക്കുന്നത് പെരിന്തല്‍മണ്ണയിലെ വിവിധ ആശുപത്രികളെയാണ്. അതിനാല്‍ ദിവസവും നൂറുകണക്കിന് ആംബുലന്‍സുകളാണ് ഈ പാലത്തിലൂടെ കടന്നു പോകുന്നത്. പഴയ വീതി കുറഞ്ഞ പാലത്തിലെ ആംബുലന്‍സുകളടക്കമുള്ള വാഹനങ്ങള്‍ക്ക് യാത്ര ചെയ്യാന്‍ വളരെയധികം പ്രയാസം നേരിട്ടിരുന്നതിനാല്‍ അവയ്ക്ക് പരിഹാരമാവുകയും ജില്ലയിലെ വടക്കന്‍ മേഖലയെ കേരളത്തിലെ തെക്കന്‍ ഭാഗങ്ങളുമായി വ്യാപാരത്തിനും മറ്റും ബന്ധപ്പെടുന്നതിന് ഈ പാലം വീതി കൂട്ടി പുതുക്കി നിര്‍മിച്ചതിലൂടെ സാധ്യമാവുകയും ചെയ്യുമെന്ന് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. 22 മീറ്റര്‍ നീളത്തിലുള്ള രണ്ട് സ്പാനോടുകൂടി ആകെ 44 മീറ്റര്‍ നീളവും 7.50 മീറ്റര്‍ റോഡ് വേയും ഇരുവശത്തും 1.50 മീറ്റര്‍ വീതം നടപ്പാതകളും അടക്കം ആകെ 11.00 മീറ്റര്‍ വീതിയിലാണ് പാലം നിര്‍മിച്ചിട്ടുള്ളത്. പാണ്ടിക്കാട് ഭാഗത്തേക്ക് 471 മീറ്ററും വണ്ടൂര്‍ ഭാഗത്തേക്ക് 14 മീറ്ററും വീതമുള്ള അപ്രോച് റോഡുമാണ് പൂര്‍ത്തീകരിച്ചിട്ടുള്ളത്.

Share to

Leave a Reply

Your email address will not be published. Required fields are marked *