മങ്കട ബ്ലോക്ക് പഞ്ചായത്ത് ഭൂമി വ്യക്തികൾക്ക് എഴുതിക്കൊടുത്തു

Share to

Perinthalmanna Radio
Date: 17-11-2022

മങ്കട ബ്ലോക്ക് പഞ്ചായത്തിന്റെ വ്യവസായ എസ്‌റ്റേറ്റിലെ 2.95 ഏക്കർ ഭൂമി ബ്ലോക്ക്പഞ്ചായത്ത് സെക്രട്ടറി വിരമിക്കുന്നതിന്റെ തലേന്ന് അദ്ദേഹത്തിന്റെ ഭാര്യയടക്കം 14 പേർക്ക് ജൻമാധാരമായി എഴുതിക്കൊടുത്തു. ഭരണസമിതി തീരുമാനം നടപ്പാക്കുന്ന ഉദ്യോഗസ്ഥൻ എന്ന നിലയ്ക്ക് ബ്ലോക്ക്പഞ്ചായത്ത് സെക്രട്ടറി വിജി ജോസാണ് ആധാരത്തിൽ ഒപ്പുവെച്ചത്. ഏറ്റവും കൂടുതൽ ഭൂമി (52.02 സെന്റ്) കിട്ടിയത് അദ്ദേഹത്തിന്റെ ഭാര്യയ്ക്കും.

2021 ഡിസംബറിലാണ് വിജി ജോസ് ഇവിടെ ബ്ലോക്ക്പഞ്ചായത്ത് സെക്രട്ടറിയായി ചുമതലയേറ്റത്. ഈവർഷം മേയ് 31-ന് വിരമിച്ചു. അതിന്റെ തലേന്ന്, അതായത് മേയ് 30-നാണ് മക്കരപ്പറമ്പ് സബ് രജിസ്ട്രാർ ഓഫീസിൽ ആധാരം നടന്നത്. നിലവിൽ വ്യവസായം നടത്തുന്നവർക്കാണ് ഭൂമി നൽകിയതെന്നും അത് എസ്റ്റേറ്റിന്റെ ഭരണഘടന അനുസരിച്ചാണെന്നും പഞ്ചായത്തധികൃതർ വിശദീകരിക്കുന്നു. എന്നാൽ, സർക്കാർ അംഗീകരിക്കാതെ തിരിച്ചയച്ച ഭരണഘടനയാണിതെന്ന് ഓഡിറ്റ് വിഭാഗം കണ്ടെത്തി. മറ്റു സർക്കാർ ഏജൻസികളും ഇടപാടിനെക്കുറിച്ച് അന്വേഷണം തുടങ്ങിയതായി അറിയുന്നു. മുസ്‍ലിം ലീഗാണ് ബ്ലോക്ക്പഞ്ചായത്ത് ഭരിക്കുന്നത്.

ഭരണസമിതി പറയുന്നത്

ജനകീയാസൂത്രണത്തിന് തുടക്കംകുറിച്ച സമയത്ത്‌ 1995-2000 ഭരണസമിതിയുടെ കാലത്താണ് പുഴക്കാട്ടിരി പഞ്ചായത്തിലെ പാലൂർകോട്ടയിൽ വ്യവസായ എസ്‌റ്റേറ്റിനായി 5.05 ഏക്കർ വാങ്ങിയത്. ഇത് പ്ലോട്ടുകളായി തിരിച്ച് 27 സംരംഭകർക്കായി നൽകി. ഹയർപർച്ചേസ് സ്‌കീം (ഓരോ വർഷവും നിശ്ചിത തുക അടയ്ക്കുന്ന ആളിന് സ്ഥലം സ്വന്തമാകുന്ന പദ്ധതി) അനുസരിച്ചാണ് പ്ലോട്ടുകൾ നൽകിയത്.

സെന്റിന് 600 രൂപയ്ക്ക് വാങ്ങിയ സ്ഥലം 6000 രൂപയ്ക്കാണ് കൊടുത്തത്. പത്തുവർഷം കഴിഞ്ഞപ്പോൾ സ്ഥലം സംരംഭകർക്ക് എഴുതിക്കൊടുക്കേണ്ടതായിരുന്നു. മാറിമാറി വന്ന ഭരണസമിതികൾ ഇതിൽ തീരുമാനമെടുത്തില്ല. ഒടുവിൽ ഒരാൾ ഹൈക്കോടതിയെ സമീപിച്ചു. ഉചിത തീരുമാനമെടുക്കാൻ ഹൈക്കോടതി ഭരണസമിതിക്ക് നിർദേശം നൽകി. ഇക്കാര്യം ജില്ലാ വ്യവസായകേന്ദ്രം ജനറൽ മാനേജരെ അറിയിച്ചു. ഭരണഘടനപ്രകാരം പ്രവർത്തിക്കാൻ മാനേജർ നിർദേശിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ സ്ഥലം ജൻമാധാരമായി എഴുതിക്കൊടുക്കാൻ തീരുമാനിക്കുകയായിരുന്നു

ഓഡിറ്റ് വിഭാഗം പറയുന്നത്

നിലവിലെ നിയമത്തിൽ ഒരു തദ്ദേശ സ്ഥാപനത്തിന്റെയും ഭൂമി സ്വകാര്യവ്യക്തികൾക്ക് എഴുതിക്കൊടുക്കാൻ വ്യവസ്ഥയില്ല. പാട്ടത്തിനു നൽകാനേ കഴിയൂ. സ്വകാര്യവ്യക്തികൾക്ക് ജൻമാധാരം നൽകാൻ വ്യവസ്ഥചെയ്യുന്ന ബൈലോ സംസ്ഥാന സർക്കാർ തിരിച്ചയച്ചതാണ്. മാത്രമല്ല, എസ്റ്റേറ്റ് തുടങ്ങിയ കാലത്ത് 27 പേർക്ക് നൽകിയ ഭൂമി ഇപ്പോൾ 14 ആളുകളുടെ പേരിലുമായി. ഒരു സംരംഭകൻ ഉപേക്ഷിച്ച സ്ഥലം മറ്റൊരാൾ വാങ്ങിയതാണെങ്കിൽ അത് പരസ്യലേലം വിളിച്ചു നൽകണം. വർഷങ്ങൾക്കുമുൻപ്‌ നിശ്ചയിച്ച വിലയ്ക്ക് ഇപ്പോൾ ഭൂമി കൊടുക്കുന്നത് വൻ നഷ്‌ടം വരുത്തുന്നു. ഓരോരുത്തരും എത്ര രൂപ അടച്ചുവെന്നതിന്റെ രേഖയോ സർക്കാർ അംഗീകരിച്ച ബൈലോയോ കണ്ടെത്താൻ കഴിഞ്ഞില്ല.

Share to

Leave a Reply

Your email address will not be published. Required fields are marked *