ബ്രസീലും അർജന്‍റീനയും മാത്രമല്ല, ക്രൊയേഷ്യക്കും സെനഗലിനും വരെ ഫാൻസ്; ജൂബിലി വേറെ ലെവല്‍!

Share to

Perinthalmanna Radio
Date: 18-11-2022

പെരിന്തൽമണ്ണ: ഫുട്‌ബോൾ ആരാധകരുടെ ഇഷ്ട ടീമായ ബ്രസീലും അർജന്‍റീനയും മാത്രമല്ല, ക്രൊയേഷ്യക്കും സെനഗലിനും വരെ ഫാൻസുണ്ട് പെരിന്തൽമണ്ണ ജൂബിലിയിൽ. ഖത്തർ ലോകകപ്പിന് വരവേറ്റ് ഇഷ്ട ടീമുകൾക്ക് വേണ്ടി ഫ്‌ളക്സുകൾ തൂക്കുമ്പോൾ ജൂബിലി വേറെ ലെവലാകുകയാണ്. ഫ്ലക്സുകളും കൊടികളും തോരണങ്ങളും കൂടി ആയതോടെ ഉത്സവ പ്രതീതിയാണ് ജൂബിലി റോഡ്. ഈഗിൾസ് ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബ്ബിന്‍റെ നേതൃത്വത്തിലാണ് ഇതെല്ലാം ഒരുക്കിയത്.

ഫുട്ബാൾ ലോകകപ്പ് കാണാൻ ജൂബിലിയിൽ വലിയ പ്രൊജക്ടർ സ്‌ക്രീനും ഒരുക്കിയിട്ടുണ്ട്. ലോകകപ്പ് ബിഗ് സ്ക്രീനില്‍ കാണാന്‍ എത്തുന്നവർക്ക് പ്രത്യേക പന്തൽ ഉൾപ്പെടെയുള്ള സൌകര്യവും ഒരുക്കുന്നുണ്ട്. ജൂബിലി റോഡിൻ്റെ ഒരുവശത്ത് അർജൻറീന ആരാധകർ ടീമംഗങ്ങളുടെ ഫ്ലക്സ് ബോർഡുകൾ സ്ഥാപിച്ചിട്ടുണ്ട്. മറു വശത്ത് ബ്രസീൽ ആരാധകരും കട്ടക്ക് പിന്നാലെയുണ്ട്. കട്ടൗട്ടുകൾ വെക്കാൻ ഇവരും മോശമല്ലെന്ന് തെളിയിച്ച് കഴിഞ്ഞു. അർജൻ്റീന ആരാധകര്‍ മെസ്സിയുടെ കട്ടൗട്ട് സ്ഥാപിച്ചതിന് പിന്നാലേ ബ്രസീല്‍ ആരാധകര്‍ നെയ്മറുടെ കട്ടൗട്ടും സ്ഥാപിച്ചു. ഇതിന് ഇടയിൽ സെനഗൽ ഫാൻസും ഒരു ഫ്ലക്സ് വെച്ചു. ഇതിന് എതിർ വശത്തായി ക്രൊയേഷ്യ ഫാൻസും ഫ്ലക്സ് സ്ഥാപിച്ചു.

മൊത്തത്തിൽ കളർ ഫുള്ളാണ് ജൂബിലി. വൈകുന്നേരങ്ങളിൽ ഫുട്‌ബോൾ ആരാധകർ തമ്മിലുള്ള വാക്ക്‌ പോരും ഇവിടെ പതിവാണ്. ഖത്തറിൽ ആര് കപ്പ് ഉയർത്തിയാലും ജൂബിലി ഈഗിൾസ് ആർട്‌സ് ആൻഡ് സ്‌പോർട്‌സ് ക്ലബിന്‍റെ കീഴിൽ ഒറ്റക്കെട്ടാണ് എന്നാണ് വസ്തുത. ജൂബിലിയിലെ എല്ലാ ക്ലബുകളുടേയും സംയുക്ത ആഭിമുഖ്യത്തിൽ ലോകകപ്പ് ഉദ്ഘാടന ദിവസമായ ഈ ഞായറാഴ്ച ജൂബിലിയിലെ എല്ലാ ഫുട്ബാള്‍ പ്രേമികളേയും ഉൾപ്പെടുത്തി ഒരു റോഡ് ഷോ നടത്താനും തീരുമാനിച്ചിട്ടുണ്ട്. അതിനിടെ ബ്രസീലിൻ്റെ ആദ്യ മൽസരത്തിന് കളി കാണാന്‍ എത്തുന്ന എല്ലാവര്‍ക്കും ബിരിയാണിയും ഓഫർ ചെയ്തിട്ടുണ്ട് സെൻട്രൽ ജൂബിലിയിലെ ബ്രസീല്‍ ഫാൻസ്.

Share to

Leave a Reply

Your email address will not be published. Required fields are marked *