
Perinthalmanna Radio
Date: 19-11-2022
പെരിന്തൽമണ്ണ: ജില്ലയിൽ മൂന്ന് റെയിൽവേ മേൽപാലങ്ങൾ നിർമിക്കുന്നതിന് 2.31 കോടി രൂപ അനുവദിച്ച് സംസ്ഥാന സർക്കാർ ഉത്തരവിറക്കി. ഷൊർണൂർ – അങ്ങാടിപ്പുറം പാതയിലെ ചെറുകര ഗേറ്റ്, അങ്ങാടിപ്പുറം- വാണിയമ്പലം പാതയിലെ ചുങ്കം പട്ടിക്കാട് ഗേറ്റ്, താനൂർ- പരപ്പനങ്ങാടി പാതയിലെ ചിറമംഗലം ഗേറ്റ് എന്നിവിടങ്ങളിൽ മേൽപാലം നിർമിക്കാനാണ് ഫണ്ട് അനുവദിച്ചത്. പദ്ധതിക്കായി ഭൂമി ഏറ്റെടുക്കുന്നതിനും അതുമായി ബന്ധപ്പെട്ട പ്രാരംഭ പ്രവർത്തനങ്ങൾക്കും ആണ് ഫണ്ട് അനുവദിച്ചത്. ബജറ്റിൽ ഉൾപ്പെടെ നേരത്തേ പല തവണ ചെറിയ തുകകൾ നീക്കി വച്ചിരുന്നെങ്കിലും ഇതു വരെ പാലം യാഥാർഥ്യമായിട്ടില്ല.
ജില്ലയിൽ ഏറ്റവും കൂടുതൽ ഫണ്ട് അനുവദിച്ചിരിക്കുന്നത് അങ്ങാടിപ്പുറം – വാണിയമ്പലം പാതയിലെ ചുങ്കം പട്ടിക്കാട് ഗേറ്റിൽ മേൽപാലം നിർമിക്കാനാണ്. 1.11 കോടി രൂപയാണ് ഇവിടെ അനുവദിച്ചിരിക്കുന്നത്. താനൂർ പരപ്പനങ്ങാടി പാതയിലെ ചിറമംഗലത്ത് മേൽപാലത്തിന് 1.04 കോടി രൂപ അനുവദിച്ചു. ഷൊർണൂർ- അങ്ങാടിപ്പുറം പാതയിലെ ചെറുകരയിൽ പാലത്തിനു 16 ലക്ഷം രൂപയാണു വകയിരുത്തിയിരിക്കു ന്നത്. കെ റെയിൽ കോർപറേഷനാണു പദ്ധതി നടപ്പാക്കുക. ചുങ്കം പട്ടിക്കാട്, ചെറുകര ഗേറ്റുകളിൽ മേൽപാലം വരുന്നതോടെ പെരുമ്പിലാവ്- നിലമ്പൂർ പാതയിലെ ഗതാഗത കുരുക്കിന് ഒരു പരിധിവരെ പരിഹാരമാകും.
