ഹൈദരാബാദിനെ എതിരില്ലാത്ത ഒരു ഗോളിന് തകർത്ത് ബ്ലാസ്റ്റേഴ്‌സ് മൂന്നാമത്

Share to

Perinthalmanna Radio
Date: 19-11-2022

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ഹൈദരാബാദ് എഫ്‌സിയുടെ വിജയക്കുതിപ്പ് അവസാനിപ്പിക്കാന്‍ ഒടുവില്‍ കേരള ബ്ലാസ്റ്റേഴ്‌സ് വേണ്ടിവന്നു. ഹൈദരാബാദിനെ അവരുടെ തട്ടകത്തിലെത്തി എതിരില്ലാത്ത ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്‌സ് വീഴ്‌ത്തിയത്. 18-ാം മിനുറ്റില്‍ ദിമിത്രിയോസ് ബ്ലാസ്റ്റേഴ്‌സിനായി വിജയഗോള്‍ നേടി. കഴിഞ്ഞ സീസണിലെ തോല്‍വിക്ക് പകരംവീട്ടാന്‍ ഇവാന്‍ വുകോമനോവിച്ചിനും സംഘത്തിനുമായി.

ആവേശകരമായ ആദ്യപകുതിക്കാണ് ഹൈദരാബാദ് സാക്ഷ്യം വഹിച്ചത്. ആക്രമണവും പ്രത്യാക്രമണവും കണ്ട ആദ്യ നിമിഷങ്ങളില്‍ 18-ാം മിനുറ്റില്‍ ദിമിത്രിയോസ് കൃത്യതയാര്‍ന്ന ഫിനിഷിലൂടെ കേരള ബ്ലാസ്റ്റേഴ്‌സിനെ മുന്നിലെത്തിച്ചു. ദിമിത്രിയോസിന്‍റെ സൂപ്പര്‍ ഫിനിഷിംഗിന് പിന്നാലെ തുടരെ തുടരെ ആക്രമണങ്ങള്‍ നടത്തുന്ന കേരള ബ്ലാസ്റ്റേഴ്‌സിനെ ഹൈദരാബാദില്‍ കണ്ടു. 37-ാം മിനുറ്റില്‍ സഹലിന്‍റെ ഹെഡര്‍ നേരിയ വ്യത്യാസത്തില്‍ പാളിയില്ലായിരുന്നെങ്കില്‍ കേരള ബ്ലാസ്റ്റേഴ്‌സ് ആദ്യപകുതിയില്‍ തന്നെ രണ്ട് ഗോളിന്‍റെ ലീഡ് ഉറപ്പിച്ചേനേ.

ഹൈദരാബാദും ആക്രമണത്തില്‍ ഒട്ടും മോശമായിരുന്നില്ല. എന്നാല്‍ ഓഗ്‌ബെച്ചെയുണ്ടായിട്ടും ഹൈദരാബാദിന്‍റെ ശ്രമങ്ങള്‍ 45 മിനുറ്റുകളില്‍ ഗോളിന് വഴിമാറിയില്ല

രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്‌സ് ലീഡുയര്‍ത്താനും ഹൈദരാബാദ് ഒപ്പത്തിനൊപ്പമെത്താനും കിണഞ്ഞ് ശ്രമിച്ചെങ്കിലും ഗോള്‍ഭാഗ്യം മാറിനിന്നു. ബ്ലാസ്റ്റേഴ്‌സ് ഗോള്‍മുഖത്ത് ഹൈദരാബാദ് താരങ്ങള്‍ നിരന്തര ആക്രമണം നടത്തി. ജയത്തോടെ ഏഴ് കളിയില്‍ 12 പോയിന്‍റുമായി കേരള ബ്ലാസ്റ്റേഴ്‌സ് പട്ടികയില്‍ മൂന്നാംസ്ഥാനത്തേക്ക് ഉയര്‍ന്നു. ഇത്രതന്നെ മത്സരങ്ങളില്‍ 16 പോയിന്‍റുള്ള ഹൈദരാബാദ് തലപ്പത്ത് തുടരുന്നു. 15 പോയിന്‍റുമായി മുംബൈ സിറ്റി എഫ്‌സിയാണ് രണ്ടാമത്. കഴിഞ്ഞ മത്സരത്തില്‍ എഫ്‌സി ഗോവയെ വീഴ്‌ത്തിയ ആവേശം ആരാധകരില്‍ നിലനിര്‍ത്താന്‍ ഇതോടെ കൊമ്പന്‍മാര്‍ക്കായി.

Share to

Leave a Reply

Your email address will not be published. Required fields are marked *