
Perinthalmanna Radio
Date: 30-11-2022
പെരിന്തൽമണ്ണ: നഗരസഭകളുടെ കെട്ടിടങ്ങളുടെ വിസ്തീർണം പരിശോധിക്കാൻ രണ്ട് വാർഡിൽ പൈലറ്റ് സർവേക്ക് ആലോചന. 31, 19 വാർഡുകളിലാണ് പൈലറ്റ് സർവേ ആലോചിക്കുന്നത്. എൻജിനീയറിങ് വിദ്യാർഥികളെ ഉപയോഗിച്ചാണ് സർവേ. 34 വാർഡുകളുള്ള നഗര സഭയിൽ മുഖ്യ വരുമാനം കെട്ടിട നികുതിയും വ്യാപാര സ്ഥാപനങ്ങളുടെ ലൈസൻസ് ഫീസുമാണ്. രണ്ട് കോടിയിലേറെ രൂപ ഇപ്പോൾ തന്നെ കെട്ടിടനികുതി ഇനത്തിൽ പിരിച്ചെടുക്കാൻ ബാക്കിയുണ്ട്. ഇടക്കാലത്ത് വസ്തു നികുതി പരിഷ്കരണത്തിനിടെ വന്നതാണ് ഈ കുടിശ്ശിക. കെട്ടിട നിർമാണങ്ങൾ പൂർത്തിയാക്കി നികുതി അടച്ചു വരുന്നതിനിടെ ചില കേന്ദ്രങ്ങളിൽ കെട്ടിടം വിപുല പെടുത്തുന്നുണ്ട്. ഇവക്ക് ചട്ട പ്രകാരം നരസഭയുടെ അനുമതി വേണം. ഇത് അനുസരിച്ച് വസ്തു നികുതി പുനഃക്രമീകരണവും നടത്തണം. എന്നാൽ, വർഷങ്ങളായി ഇത്തരത്തിൽ പരിശോധനകൾ നടത്തുന്നില്ല. നികുതി നഷ്ടം ഒഴിവാക്കാനും യഥാർഥ നികുതി കണ്ടെത്താനും വേണ്ടിയാണ് പൈലറ്റ് സർവേ. ആദ്യം രണ്ടു വാർഡുകളിൽ പൂർത്തിയാക്കിയ ശേഷമാവും മറ്റു വാർഡുകളിൽ കെട്ടിടങ്ങൾ പരിശോധന നടത്തുന്ന കാര്യം തീരുമാനിക്കുക.
