കോവിഡ് കാലത്തെ കേസുകൾ പിൻ‌വലിക്കൽ; മാർഗ നിർദേശങ്ങൾ പുറത്തിറക്കി സർക്കാർ

Share to

Perinthalmanna Radio
Date: 02-12-2022

കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനു റജിസ്റ്റർ ചെയ്ത ഗുരുതര സ്വഭാവമില്ലാത്ത കേസുകൾ പിൻവലിക്കുന്നതിന് സർക്കാർ മാർഗ നിർദേശങ്ങൾ പുറത്തിറക്കി. കേസുകൾ പിൻവലിക്കാന്‍ ആഭ്യന്തര അഡി.ചീഫ് സെക്രട്ടറി കൺവീനറായ സമിതി നേരത്തെ തീരുമാനിച്ചിരുന്നു.

കോവിഡ് കാലത്ത് സംസ്ഥാനത്ത് 1,40,000ൽ അധികം കേസുകളാണ് റജിസ്റ്റർ ചെയ്തത്. സാമൂഹിക അകലം പാലിക്കാത്തത്, മാസ്ക് ധരിക്കാത്തത് തുടങ്ങിയ കേസുകളാണ് അധികവും. ആഭ്യന്തര അഡി.ചീഫ് സെക്രട്ടറിയാണ് കേസുകൾ പിൻവലിക്കാൻ മാർഗ നിർദേശങ്ങൾ പുറത്തിറക്കിയത്.

സുപ്രീം കോടതിയുടെ വിധിയിലെ നിർദേശങ്ങൾ അനുസരിച്ചും ബന്ധപ്പെട്ട കോടതിയുടെ അനുമതിയോടെയും കേസുകൾ അടിയന്തരമായി പിൻവലിക്കാനാണ് ഡിജിപിക്ക് നിർദേശം നൽകിയിരിക്കുന്നത്. ജില്ലകളിൽ പബ്ലിക് പ്രോസിക്യൂട്ടർമാർ ഇതിനു മേൽനോട്ടം വഹിക്കണം.

കേസ് റജിസ്റ്റർ ചെയ്തിട്ടുള്ള വകുപ്പുകൾ: ഐപിസി 188 (സർക്കാർ ഉത്തരവുകൾ ലംഘിക്കൽ), ഐപിസി 269 (പകർച്ചവ്യാധി പടർത്തൽ), 290 (പൊതുജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന തരത്തിൽ പെരുമാറൽ), കേരള പൊലീസ് ആക്ടിലെ 118 (ഇ), കേരള എപ്പിഡെമിക് ഡിസീസസ് ഓർഡിനൻസ് ആക്ടിലെ 4 (2) (എ) മുതൽ 4 (2) (ജെ)വരെ, ദുരന്ത നിവാരണ നിയമം. ഈ വകുപ്പുകൾ അനുസരിച്ചുള്ള കേസുകൾ പിൻവലിക്കും. കോവിഡ് മാനദണ്ഡങ്ങൾ ലംഘിച്ചതിനു റജിസ്റ്റർ ചെയ്ത ഗുരുതര സ്വഭാവമില്ലാത്ത കേസുകൾ സിആർപിസി 321 അനുസരിച്ച് പിൻവലിക്കാൻ ഒക്ടോബർ 30ന് ചേർന്ന യോഗമാണ് തീരുമാനിച്ചത്. നിയമസെക്രട്ടറി, ഡിജിപി എന്നിവരായിരുന്നു കമ്മിറ്റിയിലെ അംഗങ്ങൾ.

Share to

Leave a Reply

Your email address will not be published. Required fields are marked *