ബ്രസീലിനെതിരെ ഗോൾ നേടിയത് പെരിന്തൽമണ്ണയിൽ കളിച്ച താരമോ?

Share to

പ്രചരിക്കുന്നതിലെ സത്യാവസ്ഥ ഇതാണ്

Perinthalmanna Radio
Date: 03-12-2022

പെരിന്തൽമണ്ണ: പ്രീക്വാര്‍ട്ടര്‍ കാണാതെ പുറത്തായെങ്കിലും ആരാധക ഹൃദയം കീഴടക്കിയാണ് ആഫ്രിക്കൻ ടീമായ കാമറൂൺ ഖത്തർ ലോകകപ്പിൽ നിന്ന് നാട്ടിലേക്ക് മടങ്ങുന്നത്. അവസാന മത്സരത്തിൽ ടീം തോൽപ്പിച്ചത് ഫുട്‌ബോൾ ലോകത്തെ അതികായരായ ബ്രസീലിനെ. ഇഞ്ച്വറി ടൈമിൽ നായകൻ വിൻസെന്റ് അബൂബക്കർ നേടിയ ഹെഡറിലാണ് കാമറൂൺ കാനറികളെ വീഴ്ത്തിയത്.

ഹീറോ ആയി മാറിയതിന് പിന്നാലെ, കേരളത്തിൽ പെരിന്തൽമണ്ണയിൽ ഉൾപ്പെടെ സെവൻസ് കളിച്ച താരമാണ് വിൻസെന്റ് എന്ന പ്രചാരണം സമൂഹ മാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു. നിരവധി പേരാണ് ഇതുമായി ബന്ധപ്പെട്ട കാർഡുകളും കുറിപ്പുകളും ഫേസ്ബുക്കിലും വാട്‌സാപ്പിലും പങ്കുവച്ചത്. ‘ആയിരം ബ്രസീലിന് അര അബു’ തുടങ്ങി നിരവധി കമന്‍റുകളില്‍ ആന്റി ബ്രസീൽ ആരാധകര്‍ ഇതാഘോഷമാക്കുകയും ചെയ്തു.

പ്രമുഖ സെവൻസ് ഫുട്‌ബോൾ ടീമായ സൂപ്പർ സ്റ്റുഡിയോ മലപ്പുറം, തൃശൂര്‍ ജിംഖാന തുടങ്ങിയ ക്ലബ്ബുകൾക്ക് വേണ്ടി വിൻസെന്റ് കളിച്ചു രന്നാണ് പ്രചാരണം. ഇതേക്കുറിച്ച് സൂപ്പർ സ്റ്റുഡിയോ മലപ്പുറം ക്ലബ് മാനേജർ അഷ്‌റഫ് ബാവുക്ക പ്രതികരിച്ചത് ഇങ്ങനെ;

‘വിൻസന്റ് അബൂബക്കർ ഞങ്ങളുടെ ക്ലബിൽ കളിച്ചുവെന്നത് വ്യാജ വാർത്തയാണ്. അയാൾ ഇന്ത്യയിൽ തന്നെ വരാത്ത പ്ലേയറാണ്. ഈ റിപ്പോർട്ടുകൾ കണ്ട് സെവൻസ് ഫുട്‌ബോൾ മാനേജർമാരുമായി ബന്ധപ്പെട്ടിരുന്നു. അങ്ങനെയൊരാൾ കേരളത്തിൽ വന്നിട്ടില്ല. ലൈബീരിയ, ഐവറി കോസ്റ്റ് എന്നിവിടങ്ങളിൽ നിന്നാണ് ഇപ്പോൾ താരങ്ങൾ കൂടുതലായി വരുന്നത്. നേരത്തെ കാമറൂണിൽനിന്ന് കളിക്കാര്‍ വന്നിരുന്നു. ഇപ്പോൾ കൂടുതലില്ല. നൈജീരിയയിലുള്ള കളിക്കാർ നേരത്തെ ധാരാളം വന്നിരുന്നെങ്കിലും ഇപ്പോൾ അവർക്ക് നിയന്ത്രണങ്ങളുണ്ട്.’

ആരാണ് വിൻസെന്‍റ് അബൂബക്കർ?

1992 ജനുവരി 22ന് കാമറൂണിലെ വടക്കൻ മേഖലയായ ഗറൗവയിലാണ് വിൻസന്റിന്റെ ജനനം. എഡ്വേഡ് അബൂബക്കറിന്റെയും മൗബിൽ ആലിസിന്റെയും എട്ടു മക്കളിൽ അഞ്ചാമനാണ്. പഠിക്കുന്ന കാലത്ത് ഗോൾകീപ്പറായിരുന്ന വിൻസന്റ് പിന്നീട് സ്‌ട്രൈക്കിങ്ങിലേക്ക് കളം മാറി. പ്രാദേശിക സ്‌കൗട്ടുകൾ പയ്യന്റെ കളിവൈഭവം കണ്ടെത്തിയതോടെ വിൻസെന്റിന്റെ തലവര തെളിഞ്ഞു. 2006ൽ ഗരൗഡിയിലെ കോടൺ സ്‌പോർട് ക്ലബിൽ പ്രവേശനം കിട്ടി. നാലു വർഷത്തന് ശേഷം ഫ്രഞ്ച് ഫുട്‌ബോൾ ക്ലബ്ബായ വലൻസിനെസ് വിൻസന്റിനെ റാഞ്ചി.

ക്ലബിനായി 72 കളികളിൽനിന്ന് ഒമ്പതു ഗോളുകൾ നേടി. 2013ൽ മറ്റൊരു ഫ്രഞ്ച് ക്ലബ്ബായ ലോറിയന്റിലേക്ക് ചേക്കേറി. ഒരു വർഷം മാത്രമേ അവിടെ നിന്നുള്ളൂ. അപ്പോഴേക്കും മുൻനിര ക്ലബ്ബായ പോർട്ടോയിൽനിന്നുള്ള വിളിയെത്തി. പോർട്ടോയ്ക്കു വേണ്ടി 36 ഗോളാണ് വിൻസന്റ് അടിച്ചു കൂട്ടിയത്. ഇക്കാലയളവിൽ വായ്പാ അടിസ്ഥാനത്തിൽ തുർക്കി ക്ലബ്ബായ ബെസിക്ടാസിന് വേണ്ടി കളിച്ചു. 2020ൽ അവരുമായി കരാറൊപ്പിട്ടു. തുർക്കിഷ് ക്ലബിൽ നിന്ന് കഴിഞ്ഞ വർഷം സൗദി ക്ലബ് അൽ നസ്‌റിലേക്ക് ചേക്കേറി. അൽ നസ്‌റിനു വേണ്ടി 31 കളികളിൽനിന്ന് പത്ത് ഗോളാണ് വിൻസെന്റ് നേടിയിട്ടുള്ളത്.

കാമറൂൺ അണ്ടർ 20 ടീമിലും 2010 മുതൽ ദേശീയ ടീമിലും കളിച്ചു വരുന്നു. ദേശീയ ടീമിനായി 95 കളിയിൽനിന്ന് 39 ഗോളുകൾ സ്വന്തമാക്കിയിട്ടുണ്ട്.

ഈ ലോകകപ്പിൽ ബ്രസീലിനെതിരെ ഗോൾ നേടുന്ന ആദ്യത്തെ കളിക്കാരനാണ് വിൻസെന്റ് അബൂബക്കർ. ഒരു ലോകകപ്പ് മത്സരത്തിൽ സിനദിൻ സിദാനു ശേഷം റെഡ് കാർഡ് കിട്ടുന്ന താരം കൂടിയാണ് ഇദ്ദേഹം. 2006ൽ ഇറ്റലിക്കെതിരെയുള്ള ഫൈനലിലാണ് ഫ്രഞ്ച് ഇതിഹാസമായ സിദാൻ റെഡ് കാർഡ് വാങ്ങിയത്.

Share to

Leave a Reply

Your email address will not be published. Required fields are marked *