
അവസാന എട്ടിലേക്ക് ആരെല്ലാം? അർജന്റീന ഇന്നിറങ്ങും
Perinthalmanna Radio
Date: 03-12-2022
ദോഹ: അട്ടിമറികൾ തുടർക്കഥയായ ഗ്രൂപ്പ് ഘട്ട പോരാട്ടങ്ങൾക്ക് ശേഷം ഖത്തർ ലോകകപ്പ് ഫുട്ബോളിൽ പ്രീക്വാർട്ടർ ഫൈനലുകൾക്ക് ഇന്ന് തുടക്കം. നാല് ദിവസങ്ങളിലായി നോക്കൗട്ട് അടിസ്ഥാനത്തിലുള്ള എട്ടുമത്സരങ്ങളിൽ 16 ടീമുകൾ ഏറ്റുമുട്ടും. തോൽക്കുന്ന ടീമിന് നാട്ടിലേക്ക് മടങ്ങാം. പ്രീക്വാർട്ടറിലെ ആദ്യമത്സരത്തിൽ ഇന്ന് രാത്രി 8.30ന് നെതർലൻഡ്സ് അമേരിക്കയെ നേരിടും രണ്ടാം മത്സരത്തിൽ അർജന്റീന ഓസ്ട്രേലിയയെ നേരിടും (രാത്രി 12.30).
നിലവിലെ ചാമ്പ്യൻമാരായ ഫ്രാൻസ് ഞായറാഴ്ച രാത്രി 8.30ന് പോളണ്ടിനേയും രാത്രി 12.30ന് ഇംഗ്ലണ്ട് സെനഗലിനേയും നേരിടും. തിങ്കളാഴ്ച രാത്രി 8.30ന് നിലവിലെ റണ്ണറപ്പുകളായ ക്രെയേഷ്യ ജപ്പാനേയും രാത്രി 12.30ന് ബ്രസീൽ ദക്ഷിണ കൊറിയയുമായും ഏറ്റുമുട്ടും. ചൊവ്വാഴ്ച സ്പെയിൻ മൊറോക്കോയേയും പോർച്ചുഗീസ് പട സ്വിസ് പടയേയും നേരിടും. എട്ട് മത്സരങ്ങളിലായി ജയിക്കുന്ന ടീമുകൾ ക്വാർട്ടറിലേക്ക് മുന്നേറും.
നോക്കൗട്ടിന് പന്തുരുളുമ്പോൾ ആദ്യ റൗണ്ടിൽ എല്ലാ കളിയും ജയിച്ച ഒരൊറ്റ ടീം പോലുമില്ല പ്രീക്വാർട്ടറിൽ. 32 ടീമുകൾ മാറ്റുരച്ച ഗ്രൂപ്പ് ഘട്ടം തോൽവിയറിയാതെ അതിജീവിച്ചത് ഇംഗ്ലണ്ട്, ക്രൊയേഷ്യ, നെതർലൻഡ്, യു.എസ്.എ, മൊറോക്കോ എന്നീ ടീമുകൾ മാത്രമാണ്. പ്രീക്വാർട്ടറിലേക്ക് മുന്നേറിയ കരുത്തരായ അർജന്റീന, ബ്രസീൽ, പോർച്ചുഗൽ, ഫ്രാൻസ് എന്നിവരെല്ലാം തോൽവിയറിഞ്ഞു. സമനിലയുടെ കളികളും ഇനിയില്ല. ജയം മാത്രം ലക്ഷ്യമിട്ട് പതിനാറ് ടീമുകളും അടുത്ത നാല് ദിവസങ്ങളിലായി പോരാട്ടത്തിനിറങ്ങും.
ഇന്നത്തെ പേരാട്ടം
അർജന്റീന- ഓസ്ട്രേലിയ
മുമ്പ് രണ്ടുതവണ ഏറ്റുമുട്ടിയപ്പോഴും അർജന്റീനയ്ക്കായിരുന്നു ജയം. 4-3-3 ശൈലിയിലായിരിക്കും അവർ ഇറങ്ങുക. ടീമിനെ പരിക്ക് അലട്ടുന്നില്ല. ഗ്രൂപ്പ് സി ചാമ്പ്യന്മാരായാണ് അർജന്റീനയുടെ വരവ്. ആദ്യ മത്സരത്തിൽ സൗദി അറേബ്യയോട് തോറ്റ (1-2) അവർ അടുത്ത മത്സരങ്ങളിൽ മെക്സിക്കോയെയും പോളണ്ടിനെയും 2-0 സ്കോറിൽ തോൽപ്പിച്ചു.
ഗ്രൂപ്പ് ഡി രണ്ടാംസ്ഥാനക്കാരായാണ് ഓസ്ട്രേലിയ എത്തിയത്. ആദ്യ മത്സരത്തിൽ ഫ്രാൻസിനോടു തോറ്റ (1-4) അവർ രണ്ടാം മത്സരത്തിൽ ടുണീഷ്യയെയും അവസാന മത്സരത്തിൽ ഡെന്മാർക്കിനെയും 1-0 സ്കോറിൽ തോൽപ്പിച്ചു. 4-4-2 ശൈലിയിലായിരിക്കും ഇറങ്ങുക. ടീമിൽ പരിക്കുള്ള ആരുമില്ല. 2006-നുശേഷം ആദ്യമായാണ് അവർ നോക്കൗട്ട് ഘട്ടത്തിലെത്തുന്നത്.
നെതർലൻഡ്സ്- അമേരിക്ക
ഇരു ടീമുകളും മുമ്പ് നാലു തവണ ഏറ്റുമുട്ടിയപ്പോൾ മൂന്നിലും നെതർലൻഡ്സിനായിരുന്നു ജയം. നെതർലൻഡ്സ് കഴിഞ്ഞ 17 മത്സരങ്ങളിൽ തോറ്റിട്ടില്ല. കഴിഞ്ഞ ആറു കളികളിൽ അഞ്ചെണ്ണത്തിലും ഗോൾ വഴങ്ങിയിട്ടുമില്ല. ടീമിനെ പരിക്ക് അലട്ടുന്നില്ല. ഇറങ്ങാൻ സാധ്യതയുള്ള ശൈലി- 3-4-1-2. എ ഗ്രൂപ്പ് ചാമ്പ്യന്മാരായാണ് പ്രീക്വാർട്ടറിലെത്തിയത്. പ്രാഥമിക റൗണ്ടിൽ സെനഗലിനെയും (2-0) ഖത്തറിനെയും (2-0) തോൽപ്പിച്ചു. എക്വഡോറിനെതിരേ (1-1) സമനില വഴങ്ങി. കഴിഞ്ഞ 11 മത്സരങ്ങളിൽ പത്തിലും അമേരിക്ക തോറ്റിട്ടില്ല.
