കള്ളക്കടത്ത് സ്വർണം തട്ടാൻ ശ്രമിച്ച കേസിൽ രണ്ടു പേർകൂടി അറസ്റ്റിൽ

Share to

Perinthalmanna Radio
Date: 03-12-2022

പെരിന്തൽമണ്ണ: ദേശീയപാത കേന്ദ്രീകരിച്ച് കള്ളക്കടത്ത് സ്വർണം കൊണ്ടുപോകുന്നവരെയും വാഹനങ്ങളെയും ആക്രമിച്ച് സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ച കേസിൽ രണ്ടുപേർ കൂടി അറസ്റ്റിലായി. തൃശ്ശൂർ കാക്കഞ്ചേരി നരിയംപുള്ളി വീട്ടിൽ ഗോകുൽ കൃഷ്ണ (24), പെരുമ്പിലാവ് കോട്ടപ്പുറത്ത് സനു (21) എന്നിവരെയാണ് കോയമ്പത്തൂർ സുളൂരിലെ ഒളിത്താവളത്തിൽനിന്ന് പെരിന്തൽമണ്ണ ഇൻസ്പെക്ടർ സി. അലവിയും സംഘവും പിടികൂടിയത്.

26-ന് കോയമ്പത്തൂർ വിമാനത്താവളം വഴി ശരീരത്തിലൊളിപ്പിച്ച് കൊണ്ടുവന്ന ഒരു കിലോഗ്രാം സ്വർണമിശ്രിതവുമായി കാസർകോട്ടേക്ക് പോകുകയായിരുന്ന രണ്ടുപേരെ താഴേക്കോട് കാപ്പുമുഖത്തുനിന്ന് പോലീസ് പിടികൂടിയിരുന്നു. ഈ സ്വർണം തട്ടിയെടുക്കാൻ ശ്രമിച്ച സംഘത്തിലെ അഞ്ചുപേരും അറസ്റ്റിലായി.

ഈ സംഘത്തിൽപ്പെട്ടവരാണ് ഇപ്പോൾ പിടിയിലായത്. അഞ്ചുപേർ പിടിയിലായ വിവരമറിഞ്ഞ് രണ്ടുപേരും കോയമ്പത്തൂരിലേക്ക് കടക്കുകയായിരുന്നു. ഒളിവിൽ താമസിച്ചിരുന്ന സ്ഥലത്തെക്കുറിച്ച് വിവരം ലഭിച്ച പോലീസ് അവിടെയെത്തി പ്രതികളെ കസ്റ്റഡിയിലെടുത്തു.

ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരം രൂപവത്കരിച്ച പ്രത്യേകസംഘത്തിന്റെ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ഇരുവരും സ്വർണം തട്ടിയെടുക്കാനുള്ള ശ്രമത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്നും അടിപിടിക്കേസുകളിൽ ഉൾപ്പെട്ടവരാണെന്നും പോലീസ് പറഞ്ഞു. മയക്കുമരുന്ന് കേസിലും ഉൾപ്പെട്ട സനു മാസങ്ങൾക്ക് മുമ്പാണ് ജാമ്യത്തിലിറങ്ങിയത്.

മറ്റ് പ്രതികൾക്കായി അന്വേഷണം തുടരുകയാണെന്നും പോലീസ് അറിയിച്ചു.

എസ്.ഐ. എ.എം. യാസിർ, എ.എസ്.ഐ. രാജേഷ്, സക്കീർ ഹുസൈൻ, മുഹമ്മദ് ഷെജീർ, ഉല്ലാസ്, രാകേഷ്, മിഥുൻ എന്നിവരും പെരിന്തൽമണ്ണ ഡാൻസാഫ് സ്‌ക്വാഡുമാണ് സംഘത്തിലുണ്ടായിരുന്നത്.

Share to

Leave a Reply

Your email address will not be published. Required fields are marked *