Perinthalmanna Radio
Date: 09-12-2022
അങ്ങാടിപ്പുറം: കൊച്ചുവേളി റെയിൽവേ സ്റ്റേഷന്റെ നവീകരണ പ്രവൃത്തികൾ ഈ മാസം 11ന് പൂർത്തിയാവും. 13 മുതൽ നിലമ്പൂർ രാജ്യറാണി എക്‌സ്പ്രസ് സർവീസ് പുനഃരാരംഭിക്കും. അവസാനഘട്ട നിർമ്മാണ പ്രവൃത്തികളുടെ ഭാഗമായി ഈമാസം ഏഴ് മുതൽ 12 വരെ രാജ്യറാണിയുടെ സർവീസ് റദ്ദാക്കിയത് യാത്രക്കാർക്ക് വലിയ ദുരിതമായിട്ടുണ്ട്. 39.57 കോടിയുടെ വികസന പ്രവൃത്തികളാണ് കൊച്ചുവേളിയിൽ പുരോഗമിക്കുന്നത്. രണ്ട് പുതിയ പ്ലാറ്റ്ഫോമുകളുടെയും പുതിയ സ്റ്റബ്‌ലിംഗ് ലൈനിന്റെയും നിർമ്മാണം അവസാന ഘട്ടത്തിലാണ്. നിലവിലുള്ള രണ്ട്, മൂന്ന് പ്ലാറ്റ്ഫോമുകളുടെ നീളവും കൂട്ടുന്നുണ്ട്. പ്ലാറ്റ് ഫോം രണ്ട്, മൂന്ന്, നാല്, അഞ്ച് എന്നിവയിൽ ഷെൽട്ടറും നിർമ്മിക്കും. പുതിയ സിഗ്‌നൽ, ടെലി കമ്മ്യൂണിക്കേഷൻ സംവിധാനങ്ങളും ഒരുക്കുന്നുണ്ട്.
തിരുവനന്തപുരം സെൻട്രൽ ജംഗ്ഷനിലെ സൗകര്യക്കുറവ് മൂലം കൂടുതൽ ട്രെയിനുകളുടെ സർവീസ് കൊച്ചുവേളിയിലേക്ക് മാറ്റുന്നുണ്ട്. നേരത്തെ രാജ്യറാണി എക്സ്പ്രസ് തിരുവനന്തപുരം സെൻട്രൽ വരെ സഞ്ചരിച്ചിരുന്നു. ഇവിടത്തെ അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടി സർവീസ് കൊച്ചുവേളി വരെയാക്കി. ട്രെയിൻ സർവീസുകളുടെ എണ്ണം കൂടിയെങ്കിലും പ്ലാറ്റ്‌ഫോമുകളുടെയും ഷെൽട്ടറുകളുടെയും സ്റ്റബ്‌ലിംഗ് ലൈനുകളുടെയും കുറവ് കൊച്ചുവേളിയിൽ വെല്ലുവിളിയായിരുന്നു. ഡിസംബർ ഒന്നിന് തുടങ്ങിയ അവസാനഘട്ട നിർമ്മാണ പ്രവൃത്തികൾ 11ന് പൂർത്തിയാകും. ഇതോടെ കൊച്ചുവേളിയിൽ ആറ് പ്ലാറ്റ്‌ഫോമുകളും നാല് സ്റ്റബ്‌ലിംഗ് ലൈനുകളും നിലവിൽ വരും.
രാജ്യറാണിയുടെ സർവീസ് തിരുവനന്തപുരം സെൻട്രലിലേക്ക് നീട്ടണമെന്ന ആവശ്യം പരിഗണിച്ചേക്കില്ലെന്നാണ് പാലക്കാട് സോണൽ അധികൃതർ നൽകുന്ന വിവരം. കൊച്ചുവേളിയിൽ കൂടുതൽ സൗകര്യങ്ങൾ ഒരുക്കുന്നതും തിരുവനന്തപുരം സെൻട്രലിലേക്കുള്ള സർവീസുകളുടെ ആധിക്യവും അധികൃതർ ചൂണ്ടിക്കാട്ടുന്നു. പുലർച്ചെ കൊച്ചുവേളിയിലെത്തുന്ന യാത്രക്കാർക്ക് തിരുവനന്തപുരം നഗരത്തിലേക്കും ആർ.സി.സി അടക്കമുള്ള ഇടങ്ങളിലേക്കും എത്താനുള്ള യാത്രാസൗകര്യങ്ങളുടെ കുറവാണ് പ്രധാനപ്രശ്നം. വൈകിട്ട് കൊച്ചുവേളിയിലേക്ക് ബസ് സർവീസുകളുടെ കുറവും പ്രതിസന്ധിയാണ്.
കൊച്ചുവേളി റെയിൽവേ സ്റ്റേഷനിലെ നിർമ്മാണ പ്രവൃത്തികളുമായി ബന്ധപ്പെട്ട് രാജ്യറാണി എക്സ്‌പ്രസിന്റെ സർവീസ് പൂർണ്ണമായും റദ്ദാക്കിയത് യാത്രക്കാർക്ക് ദുരിതമായിട്ടുണ്ട്. ഡിസംബർ എഴ് മുതൽ 12 വരെയാണ് സർവീസ് റദ്ദാക്കിയത്. ആറിന് കായംകുളം ജംഗ്ഷൻ വരെ സർവീസ് നടത്തിയിരുന്നു. മലയോര മേഖലയിലുള്ളവരുടെ പ്രധാന ആശ്രയം രാജ്യറാണിയാണ്. തിരുവനന്തപുരം ആർ.സി.സിയിലേക്കുള്ള രോഗികളിൽ നല്ലൊരുപങ്കും രാജ്യറാണിയെ ആണ് ആശ്രയിക്കുന്നത്.