കേരളത്തിലെ ബ്രസീല്‍ ആരാധകരോട് നന്ദി പറഞ്ഞ് നെയ്മര്‍

Share to

Perinthalmanna Radio
Date: 16-12-2022

കേരളത്തിലെ ആരാധകരുടെ സ്നേഹത്തിന് നന്ദി പറഞ്ഞ് ബ്രസീല്‍ ഫുട്ബോള്‍ താരം നെയ്മര്‍. കുട്ടിയെ പുറത്തേറ്റി തന്‍റെ കൂറ്റന്‍ കട്ടൗട്ട് നോക്കിനില്‍ക്കുന്ന ആരാധകന്റെ ചിത്രത്തോടൊപ്പമാണ് നെയ്മര്‍ കുറിപ്പ് പങ്കുവെച്ചത്.

‘ലോകത്തിലെ എല്ലായിടങ്ങളില്‍ നിന്നും സ്‌നേഹം വരുന്നു! വളരെ നന്ദി, കേരളം, ഇന്ത്യ’ നെയ്മര്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചു. നെയ്മര്‍ ജൂനിയറിന്‍റെ ഒഫീഷ്യല്‍ വെബ്സൈറ്റിന്‍റെ പേരിലുള്ള ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലാണ് കേരളത്തിന് നന്ദി പറഞ്ഞുള്ള പോസ്റ്റ് പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. മലപ്പുറം ചങ്ങരംകുളത്ത് ഒതല്ലൂരില്‍ ബ്രസീല്‍ ആരാധകരായ നാട്ടുകാര്‍ സ്ഥാപിച്ച നെയ്മറിന്‍റെ കൂറ്റന്‍ ഫ്ലക്സാണ് ചിത്രത്തിലുള്ളത്.

ലോകകപ്പ് തുടങ്ങും മുന്‍പെ കേരളത്തിലെ വിവിധ ഇടങ്ങളില്‍ പ്രിയ ടീമുകളുടെയും താരങ്ങളുടെയും ഫ്ലക്സുകളും കട്ടൗട്ടുകളും ആരാധകര്‍ സ്ഥാപിച്ചിരുന്നു. ഇതില്‍ വൈറലായ ഒന്നായിരുന്നു കോഴിക്കോട് പുള്ളാവൂരിലെ കട്ടൗട്ട്. പുള്ളാവൂരിലെ ചെറുപുഴയിലെ തുരുത്തില്‍ ലയണല്‍ മെസ്സിയുടെ കൂറ്റന്‍ കട്ടൗട്ടാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. ഇതിനു പിന്നാലെ 40 അടി ഉയരത്തിലുള്ള കട്ടൗട്ടും ഉയരുകയായിരുന്നു. അധികം താമസിയാതെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ കട്ടൗട്ടും പ്രത്യക്ഷപ്പെട്ടു. തുടര്‍ന്ന് ഇത് വിവാദത്തിലാവുകയും ചെയ്തു. അഭിഭാഷകനായ ശ്രീജിത്ത് പെരുമന കട്ടൗട്ടുകള്‍ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് പഞ്ചായത്തില്‍ പരാതി നല്‍കി. എന്നാല്‍ കട്ടൗട്ടുകള്‍ മാറ്റില്ലെന്ന നിലപാടിലായിരുന്നു ആരാധകര്‍. പിന്നീട് പുള്ളാവൂരിലെ കൂറ്റന്‍ കട്ടൗട്ടുകള്‍ ഫിഫയും ഏറ്റെടുത്തു. തങ്ങളുടെ ട്വിറ്റര്‍ പേജില്‍ പങ്കുവയ്ക്കുകയും ചെയ്തു.

ഖത്തര്‍ ലോകകപ്പില്‍ അപ്രതീക്ഷിത തോല്‍വി വഴങ്ങിയാണ് നെയ്മറും സംഘവും മടങ്ങിയത്. ക്വാര്‍ട്ടര്‍ മത്സരത്തില്‍ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ ക്രോയേഷ്യയാണ് ബ്രസീലിനെ വീഴ്ത്തിയത്. 4.2നായിരുന്നു ക്രൊയേഷ്യയുടെ വിജയം. ക്വാര്‍ട്ടറില്‍ പുറത്തായതിനു ശേഷം കണ്ണീരോടെയാണ് നെയ്മര്‍ മൈതാനം വിട്ടത്.

Share to

Leave a Reply

Your email address will not be published. Required fields are marked *