
Perinthalmanna Radio
Date: 16-12-2022
സർക്കാർ ഓഫീസുകളിൽ പഞ്ചിംഗ് ഉറപ്പാക്കണമെന്ന് ചീഫ് സെക്രട്ടറി വി പി ജോയിയുടെ അന്ത്യശാസനം. അടുത്തമാസം ഒന്നാം തീയതി മുതൽ ബയോമെട്രിക് പഞ്ചിംഗ് ഉറപ്പാക്കണമെന്നാണ് നിർദേശം. സെക്രട്ടറിയേറ്റിലും കളക്‌ട്രേറ്റിലുമടക്കം പഞ്ചിംഗ് നടപ്പാക്കണമെന്നും ഉത്തരവിൽ പറയുന്നു. പല തവണ പഞ്ചിംഗ് സംബന്ധിച്ച് നിർദേശങ്ങൾ നൽകിയിട്ടും നടപ്പിലാകാത്ത സാഹചര്യത്തിലാണ് ചീഫ് സെക്രട്ടറി അന്ത്യശാസനം നൽകിയിരിക്കുന്നത്. ജീവനക്കാരുടെ ഹാജർ ശമ്പളവുമായി ബന്ധിപ്പിക്കുമെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.
ബയോമെട്രിക് നിർദേശങ്ങൾ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് പുരോഗതിയൊന്നും കാണുന്നില്ലെന്നും, മാർഗ നിർദേശങ്ങൾ സമയബന്ധിതമായി നടപ്പാക്കുന്നതിനായി വകുപ്പ് മേധാവികൾ കർശന നടപടികൾ സ്വീകരിക്കേണ്ടതാണെന്നും ഉത്തരവിൽ പറയുന്നു. ജീവനക്കാരുടെ കാര്യക്ഷമത ഉറപ്പുവരുത്താനും, ജോലി സമയത്ത് ജീവനക്കാർ ഓഫീസിലുണ്ടെന്ന് ഉറപ്പാക്കാനുമൊക്കെയാണ് ബയോമെട്രിക് പഞ്ചിംഗ് നടപ്പാക്കണമെന്ന് നിർദേശം നൽകാൻ കാരണം.
