രാത്രിയാത്ര നിരോധനം നീട്ടല്‍; വയനാടിന്റെ ടൂറിസം മേഖല തകരും

Share to

Perinthalmanna Radio
Date: 17-12-2022

ലോറിയിടിച്ച് ആന ചരിഞ്ഞതിന്റെ പശ്ചാത്തലത്തില്‍ വൈകീട്ട് ആറുമണി മുതല്‍ യാത്രയ്ക്ക് നിരോധനം വേണമെന്നാവശ്യപ്പെട്ട് കത്തയക്കുമെന്ന ബന്ദിപ്പൂര്‍ കടുവസങ്കേതം ഡയറക്ടര്‍ പി. രമേഷ് കുമാര്‍ പറഞ്ഞത് വയനാട്ടില്‍ വലിയ ആശങ്കയാണ് സൃഷ്ടിച്ചിരിക്കുന്നത്. മുത്തങ്ങവഴിയുള്ള രാത്രിയാത്രാ നിരോധനം 12 മണിക്കൂറാക്കിയാല്‍ വയനാടിന്റെ വിനോദസഞ്ചാര രംഗവും കാര്‍ഷികമേഖലയും ഒരുപോലെ കടുത്ത പ്രതിസന്ധിയിലാവും. രാത്രി ഒന്‍പതുമണിമുതലുള്ള രാത്രിയാത്രാ നിരോധനം വന്നശേഷംതന്നെ ഈ രണ്ടുമേഖലകളും പ്രതിസന്ധി നേരിടുന്നുണ്ട്. തേയിലയും കുരുമുളകുമൊഴികെ വയനാട്ടില്‍ നിന്നുള്ള കാര്‍ഷികോത്പന്നങ്ങളുടെ പ്രധാന വിപണി കര്‍ണാടകയാണ്.

കര്‍ണാടകയില്‍ നിന്നുള്ള വിനോദ സഞ്ചാരികളാണ് വയനാടിന്റെ പ്രധാന വരുമാന മാര്‍ഗങ്ങളിലൊന്ന്. രാത്രി ഒന്‍പത് മണി മുതലുള്ള നിയന്ത്രണം കൊണ്ടു തന്നെ കര്‍ണാടകയില്‍ നിന്നുള്ള വിനോദ സഞ്ചാരികളുടെ എണ്ണത്തില്‍ മുപ്പത് ശതമാനത്തോളം കുറവുണ്ടെന്ന് വയനാട് ടൂറിസം ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് കെ.ആര്‍. വാഞ്ചീശ്വരന്‍ പറയുന്നു.

ബെംഗളൂരുവിലെ ഐ.ടി. കമ്പനികളില്‍ നിന്നുള്‍പ്പെടെ വാരാന്ത്യത്തില്‍ വയനാട്ടിലെത്തിയിരുന്ന വിനോദ സഞ്ചാരികള്‍ അധികവും കൂര്‍ഗ് കേന്ദ്രമാക്കിത്തുടങ്ങി. വയനാട്ടിലേക്ക് പകല്‍ സമയത്ത് തന്നെ യാത്രചെയ്യേണ്ട അവസ്ഥവന്നാല്‍ കര്‍ണാടകയില്‍ നിന്ന് വിനോദ സഞ്ചാരികളെത്താത്ത അവസ്ഥവരും.

ടൂറിസം കേന്ദ്രങ്ങളെ മാത്രമല്ല, റിസോര്‍ട്ടുകളെയും ബാധിക്കും. വെള്ളിയാഴ്ച വൈകീട്ട് കര്‍ണാടയില്‍ നിന്ന് പുറപ്പെട്ട് ഞായറാഴ്ച വൈകീട്ട് തിരിച്ചു പോകുന്ന രീതിയിലാണ് യാത്രകള്‍ പ്ലാന്‍ ചെയ്യാറുള്ളത്. നീലഗിരി വയനാട്, കര്‍ണാടക വയനാട് പാക്കേജുകളില്‍ വരുന്നവരുമുണ്ട്. അവരെല്ലാം മറ്റു കേന്ദ്രങ്ങള്‍ തേടും. വയനാട്ടുകാര്‍ക്ക് മൈസൂരു എയര്‍പോര്‍ട്ടും പ്രയോജനപ്പെടുത്താന്‍ കഴിയാതെയാവും.

അടക്കയും ഇഞ്ചിയും ചേനയും വാഴക്കുലയുമാണ് ഇവിടെനിന്ന് പ്രധാനമായും കൊണ്ടുപോവുന്നത്. അതില്‍ പച്ച അടക്ക(പൈങ്ങ)യാണ് കൂടുതല്‍ കയറ്റി അയക്കുന്നത്. വൈകുന്നേരംവരെ വിളവെടുത്ത് കടകളില്‍ കൊണ്ടുവന്ന് ഏഴുമണിയോടെ പാക്ക് ചെയ്ത് ലോറിയില്‍ കയറ്റി അയക്കുകയാണ് രീതി. അത് ആറു മണിയാക്കിയാല്‍ വിളവെടുക്കുന്ന ദിവസം സാധനം കൊണ്ടുപോകാന്‍ പറ്റില്ല. പച്ച അടക്കയായതിനാല്‍ െതാട്ടടുത്ത ദിവസം കേടുവരികയും ചെയ്യും. 200 ടണ്‍വരെ പച്ചയടക്ക ദിവസവും കര്‍ണാകടയിലേക്ക് കൊണ്ടുപോയിരുന്നെന്ന് വ്യാപാരികള്‍ പറയുന്നു. ആറു മാസത്തോളം അടക്കവിപണി സജീവമായിരിക്കും. അടക്ക വയനാട്ടിലെ കര്‍ഷകരുടെ പ്രധാന വരുമാന മാര്‍ഗമാണ്.

ഇഞ്ചികര്‍ഷകരും ഇതേ പ്രശ്‌നം നേരിടുന്നുണ്ട്. ഇപ്പോള്‍ അതിര്‍ത്തി ചെക്‌പോസ്റ്റ് കടക്കാനുള്ള സമയം രാത്രി ഒന്‍പത് മണിവരെയാക്കിയതിനാല്‍ ലോറിയുടെ പകുതിലോഡ് ഇഞ്ചിയാണ് കൊണ്ടുപോവുന്നതെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ പ്രസിഡന്റ് കെ.കെ. വാസുദേവന്‍ പറഞ്ഞു. ബത്തേരിയില്‍നിന്ന് മാനന്തവാടിയിലെത്തിച്ച് കുട്ടവഴി കൊണ്ടുപോയാല്‍ ഒരു കിലോയ്ക്ക് അഞ്ചുരൂപയിലധികം നഷ്ടം വരും. കര്‍ണാടകയില്‍നിന്നാണ് ഗുണ്ടില്‍പേട്ട് വഴി കേരളത്തിലേക്ക് പച്ചക്കറിയെത്തുന്നത്. കേരളവിപണി ലക്ഷ്യമാക്കി പൂവും പച്ചക്കറിയും കൃഷിചെയ്യുന്നവരുണ്ട്. നിരോധനം നീട്ടുന്നത് അവിടെയുള്ള കര്‍ഷകരെയും ബാധിക്കും.

പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FI3ej2Q2HPOAVXXzE9Z7oK

®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *