ലോകകപ്പിൽ ഇന്ന് കിരീടപ്പോരാട്ടം; അർജന്‍റീനയും ഫ്രാൻസും നേർക്കുനേർ

Share to

Perinthalmanna Radio
Date: 18-12-2022

ഫുട്ബോള്‍ ലോകത്തെ പുതിയ രാജാക്കന്മാരെ ഇന്നറിയാം. ഖത്തര്‍ ലോകകപ്പിന്‍റെ കലാശ പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ഫ്രാന്‍സ് മുന്‍ ചാമ്പ്യന്മാരായ അര്‍ജന്‍റീനയെ നേരിടും. ലോക ഫുട്ബോളിലെ ഗ്ലാമര്‍ താരങ്ങളായ ലയണല്‍ മെസിയും കിലിയന്‍ എംബാപ്പെയും നേര്‍ക്കുനേര്‍ വരുന്ന ഫൈനല്‍ പോരാട്ടത്തെ വലിയ ആവേശത്തോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഇന്ത്യന്‍ സമയം രാത്രി എട്ടരയ്ക്ക് ലുസൈല്‍ സ്റ്റേഡിയത്തിലാണ് മത്സരം.

ഒരേയൊരു അസ്തമയത്തിന്റ ദൂരം. 120 മീറ്റര്‍ നീളമുള്ളൊരു കളം. രണ്ടറ്റങ്ങളിലുമായി നൈലോണ്‍ വലയാല്‍ തീര്‍ത്ത പ്രപഞ്ചം. ഒരറ്റത്ത് നീലയും വെള്ളയും നിറത്തില്‍ 10 പേര് മരിക്കാനിറങ്ങും. അവരെ മരണത്തിന് വിട്ടുകൊടുക്കാതിരിക്കാന്‍ മുന്നിലൊരു പത്താം നമ്പറുകാരനും. ഇപ്പുറത്ത് സാക്ഷാല്‍ ബോള്‍ട്ടിനെ പോലും ഓടിത്തോല്‍പ്പിക്കാന്‍ കെല്‍പ്പുള്ളൊരുത്തന്‍ വീണ്ടും പ്രപഞ്ചത്തെ പുല്കാനിറങ്ങും. 360 ഡിഗ്രിയില്‍ ലൈനുകള്‍ കണക്ട് ചെയ്ത് മധ്യത്തിലൊരു ഗ്രീസ്മാനും. ഖത്തറൊരുക്കിയ അതിശയത്തമ്പിലിന്ന് വിശ്വഫുട്ബോളിന്റെ അന്തിമ പോരാട്ടം.

കാറ്റും കോളും കനല്‍ വഴികളും താണ്ടി ഫൈനലിനെത്തിയ അര്‍ജന്റീനയും ഫ്രാന്‍സും. പരിക്കും പനിയും ഫ്രഞ്ച് ക്യാമ്പില്‍ അങ്കലാപ്പുണ്ടാക്കുന്നുവെന്ന് കിംവദന്തികള്‍. വാര്‍ത്ത നിഷേധിച്ച് കോച്ച് ദിദിയര്‍ ദെഷാംപ്സ്. അല്ലലേതുമില്ലാത്തതിന്‍റെ ആത്മവിശ്വാസത്തില്‍ അര്‍ജന്‍റീന ക്യാമ്പ്. ഡി മരിയയെ ആദ്യ പതിനൊന്നിലിറക്കി വീണ്ടും ഭാഗ്യം പരീക്ഷിക്കാന്‍ കോച്ച് സ്കലോണിയുടെ നീക്കങ്ങള്‍. പലവട്ടം കൈവിട്ട കളിദൈവങ്ങള്‍ ഇത്തവണയെങ്കിലും മിശിഹായെ കാക്കുമോ? പൂര്‍ണതയെ പുല്കാന്‍ കഴിയാതെ ലയണല്‍ മെസിക്ക് ദോഹയോട് വിടപറയേണ്ടി വരുമോ? 19ലും പിന്നെ 23ലും കപ്പുയര്‍ത്തി എംബാപ്പെ പ്രായം കുറഞ്ഞ ഇതിഹാസമാകുമോ

ദോഹയുടെ തീരങ്ങളില്‍ ആശങ്കയുടെയും പ്രതീക്ഷകളുടെയും തിരയിളക്കങ്ങള്‍. എന്തായാലും ഇന്ത്യന്‍ സമയം രാത്രി എട്ടരയ്ക്ക് മണി മുഴങ്ങും. 90 മിനുട്ടും ചിലപ്പോള്‍ മാത്രം ഒരധിക മുപ്പതും എന്നിട്ടും തീരുന്നില്ലെങ്കില്‍ പിന്നെയൊരു ഷൂട്ടൌട്ടും കടന്ന് അന്തിമ കാഹളം. കായികലോകത്തിന്‍റെ കനകസിംഹാസനത്തിന് മിശിഹാ അവകാശം പറയുമോ? അതോ ഫ്രഞ്ചുകാര്‍ തന്നെ കാലും നീട്ടിയിരിക്കുമോ?

പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FI3ej2Q2HPOAVXXzE9Z7oK

®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *