ലോകകപ്പ് ആവേശ ലഹരിയിൽ പെരിന്തൽമണ്ണ നെഹ്റു സ്റ്റേഡിയം

Share to

Perinthalmanna Radio
Date: 19-12-2022

പെരിന്തൽമണ്ണ: ലോകകപ്പ് ഫുട്ബോളിന്റെ ആവേശ ലഹരിയിൽ പെരിന്തൽമണ്ണ നെഹ്റു സ്റ്റേഡിയം സ്റ്റേഡിയത്തിൽ പ്രീമിയർ ക്ലബ്ബിന്റെ നേതൃത്വത്തിൽ കളി കാണാനൊരുക്കിയ കൂറ്റൻ സ്ക്രീനിൽ ഇന്നലെ ഫൈനൽ മത്സരത്തിന് വിസിൽ മുഴങ്ങുമ്പോൾ സ്റ്റേഡിയം കാണികളെ കൊണ്ടു നിറഞ്ഞു കവിഞ്ഞിരുന്നു. കാൽ ലക്ഷത്തിലേറെ പേരാണ് ഇന്നലെ സ്റ്റേഡിയത്തിൽ എത്തിയത്.

ആയിരക്കണക്കിന് സ്ത്രീകളും കുട്ടികളും ഉൾപ്പെടെ കളി കാണാൻ എത്തിയിരുന്നു. മത്സരം തുടങ്ങുന്നതിന് അര മണിക്കൂർ മുൻപു തന്നെ സ്റ്റേഡിയത്തിന്റെ ഗാലറിയും സ്റ്റേഡിയത്തിനകത്തും നിറഞ്ഞു കവിഞ്ഞിരുന്നു. പിന്നെയും ആളുകൾ എത്തിക്കൊണ്ടിരുന്നു. അർജന്റീനയുടെയും ഫ്രാൻസിന്റെയും ആരാധകർ ജഴ്സി അണിഞ്ഞും കൊടികളുയർത്തിയും ആവേശഭരിതരായി.

അർജന്റീനയുടെയും ഫ്രാൻസിന്റെയും ഓരോ മുന്നേറ്റത്തിലും ആരാധകർ ജഴ്സി ഉയർത്തി വീശിയും കൊടി ഉയർത്തിയും ആഹ്ലാദ നൃത്തം ചെയ്തും ആവേശം ഉയർത്തി. മെസ്സി തന്നെ ആദ്യ ഗോൾ നേടിയതോടെ സ്റ്റേഡിയം പ്രകമ്പനം കൊള്ളിച്ചു കൊണ്ടായിരുന്നു ആരാധകരുടെ ആവേശം. എംബയുടെ സമനില ഗോളിൽ സ്റ്റേഡിയം ഒരു നിമിഷം നിശബ്ദമായി. പിന്നെ ആർത്തു വിളിച്ചു. ആരാധകരുടെ ആവേശം വാനോളം ഉയർന്നു. പിന്നീട് ആകാംക്ഷയുടെ മുൾ മുനയിലായ അവസാന നിമിഷം വരെയും സ്റ്റേഡിയത്തിൽ ആവേശ കൊടുങ്കാറ്റ് വീശി. പെരിന്തൽമണ്ണ സബ് കലക്ടർ ശ്രീധന്യ സുരേഷ്, എഡിഎം എൻ.എം.മെഹറലി, നഗരസഭാധ്യക്ഷൻ പി.ഷാജി തുടങ്ങിയവരും കളി കാണാൻ എത്തിയിരുന്നു. പ്രീമിയർ ക്ലബ് ഭാരവാഹികളായ പ്രസിഡന്റ് യു.അബ്ദുൽ കരീം, സെക്രട്ടറി സി.എച്ച്.റിയാസ്, ട്രഷറർ ജലാൽ പച്ചീരി, കെ.പി.എം.സക്കീർ തുടങ്ങിയവർ കളി കാണാൻ സൗകര്യം ഒരുക്കാൻ നേതൃത്വം നൽകി.

പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FI3ej2Q2HPOAVXXzE9Z7oK

®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *