
Perinthalmanna Radio
Date: 20-12-2022
ഏലംകുളം: ഏലംകുളം സ്വദേശികളായ രണ്ടു യുവാക്കളുടെ അപ്രതീക്ഷിത വേർപാടിന്റെ നടുക്കത്തിലാണ് നാട്. ചെർപ്പുളശ്ശേരിയിലുണ്ടായ അപകടത്തിൽ ഏലംകുളം സ്വദേശികളായ രണ്ടു പേർ മരിച്ചെന്ന വിവരം മാത്രമാണ് ആദ്യമുണ്ടായിരുന്നത്. ആരൊക്കെയാണ് മരിച്ചതെന്നതു സംബന്ധിച്ച് കൃത്യമായ വിവരങ്ങൾ നൽകാൻ തുടക്കത്തിൽ ആർക്കും സാധിച്ചില്ല.
ഡി.വൈ.എഫ്.ഐ. മേഖലാ സെക്രട്ടറിയും നാട്ടിലെ സാമൂഹിക പ്രവർത്തനങ്ങളിൽ എപ്പോഴും മുന്നിലുണ്ടായിരുന്ന ശ്രീനാഥിന്റെ മരണ വിവരമാണ് ആദ്യം സ്ഥിരീകരിച്ചത്. പെരിന്തൽമണ്ണ കിംസ് അൽശിഫ ആശുപത്രിയിലേക്ക് ചെർപ്പുളശ്ശേരിയിൽനിന്ന് ശ്രീനാഥിനെ എത്തിച്ചപ്പോഴേ മരിച്ചിരുന്നു. പിന്നീടാണ് മൗലാന ആശുപത്രിയിലും ഒരാളെ പ്രവേശിപ്പിച്ചിട്ടുണ്ടെന്നും മരിച്ചതായും അറിഞ്ഞത്. മനോജ് ആണെന്ന് തിരിച്ചറിഞ്ഞതോടെ നാടൊന്നാകെ ദുഃഖത്തിലായി.
പലരും നേരെ പെരിന്തൽമണ്ണയിലെ ആശുപത്രികളിലേക്കെത്തി. മരിച്ച ഇരുവരും ഒരേനാട്ടുകാരും പാടത്തിന്റെ രണ്ടു കരകളിലായുള്ള വീടുകളിൽ താമസിക്കുന്നവരുമാണ്. ഇരുവരുടെയും കുടുംബാംഗങ്ങളെ ആശ്വസിപ്പിക്കാനാകാത്ത അവസ്ഥയിലാണ് നാട്ടുകാർ.
കുന്നക്കാവിലെ ഒരു കമ്പനിയുടെ ആവശ്യത്തിനായി അഞ്ചുപേർ കാറിൽ ഒറ്റപ്പാലത്ത് പോയി തിരികെ വരുമ്പോഴായിരുന്നു അപകടം. പരിക്കേറ്റ സുരേഷും സുധീഷും ഒറ്റപ്പാലത്തെയും ഏലംകുളം കൊല്ലയിൽ അരുൺ പെരിന്തൽമണ്ണയിലെയും ആശുപത്രികളിൽ ചികിത്സയിലാണ്. പെരിന്തൽമണ്ണയിലെ ആശുപത്രികളിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹങ്ങൾ പോസ്റ്റുമോർട്ടം നടപടികൾക്കു ശേഷം ചൊവ്വാഴ്‌ച സംസ്‌കരിക്കും
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FI3ej2Q2HPOAVXXzE9Z7oK
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
