
Perinthalmanna Radio
Date: 21-12-2022
താമരശ്ശേരി: വ്യാഴാഴ്ച രാത്രി 11 മുതല്‍ അടിവാരം മുതല്‍ ചുരംവഴി വയനാട് ജില്ലയിലേക്കും തിരിച്ചും വാഹനങ്ങള്‍ക്ക് കര്‍ശന നിരോധനം ഏര്‍പ്പെടുത്തിയതായി കോഴിക്കോട് കളക്ടര്‍ അറിയിച്ചു. മൈസൂരു നഞ്ചന്‍ഗോഡിലെ നെസ്ലെ ഇന്ത്യ ലിമിറ്റഡ് കമ്പനിയുടെ പ്ലാന്റിലേക്കുള്ള കൂറ്റന്‍ യന്ത്രങ്ങളുമായി പോകുന്ന ട്രെയിലറുകള്‍ കടന്നു പോകുന്നതിനായാണ് മറ്റ് വാഹനങ്ങള്‍ നിയന്ത്രിക്കുന്നത്. 22-ന് രാത്രി യാത്രയ്ക്ക് ബദല്‍ മാര്‍ഗങ്ങള്‍ പൊതുജനങ്ങള്‍ സ്വീകരിക്കണമെന്നാണ് നിര്‍ദേശം.
സെപ്റ്റംബര്‍ പത്തിനെത്തിയ ലോറികള്‍ മൂന്നു മാസത്തിലേറെയായി അടിവാരത്ത് നിര്‍ത്തിയിട്ടിരിക്കയാണ്. ചുരംവഴി പോകുന്നത് ഗതാഗതതടസ്സമുണ്ടാക്കുമെന്നുകണ്ടെത്തി ജില്ലാ ഭരണകൂടം ഇവയുടെ യാത്ര തടയുകയായിരുന്നു. ചര്‍ച്ചകള്‍ക്കുശേഷമാണ് ഇപ്പോള്‍ യാത്രാനുമതി നല്‍കിയത്.
ജില്ലാഭരണകൂടം ആവശ്യപ്പെട്ടതുപ്രകാരമുള്ള സത്യവാങ്മൂലം, 20 ലക്ഷം രൂപയുടെ ഡിമാന്‍ഡ് ഡ്രാഫ്റ്റ്, മിനിസ്ട്രി ഓഫ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് അതോറിറ്റി സര്‍ട്ടിഫിക്കറ്റ് തുടങ്ങിയ രേഖകള്‍ അണ്ണാമലൈ ട്രാന്‍സ്‌പോര്‍ട്ട് കമ്പനി അധികൃതര്‍ ഹാജരാക്കിയ ശേഷമാണ് യാത്രാത്തീയതി നിശ്ചയിച്ചത്. ഇന്‍ഡസ്ട്രിയല്‍ ഫില്‍ട്ടര്‍ ഇന്റര്‍ ചേംബര്‍ വഹിക്കുന്ന ഓവര്‍ ഡൈമന്‍ഷണല്‍ മോഡുലാര്‍ ഹൈഡ്രോളിക് ട്രെയ്ലറുകള്‍ ചുരംപാത കയറുന്ന അവസരത്തില്‍ ആവശ്യമായ സഹായവും സാന്നിധ്യവും ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് അടിവാരം-വയനാട് ചുരം സംരക്ഷണസമിതി, ഫയര്‍ഫോഴ്സ്, ഫോറസ്റ്റ് അധികൃതര്‍, കെ.എസ്.ഇ.ബി., പുതുപ്പാടി ഗ്രാമപ്പഞ്ചായത്ത് അധികൃതര്‍ എന്നിവര്‍ക്ക് താമരശ്ശേരി ഡിവൈ.എസ്.പി. അഷ്റഫ് തെങ്ങിലക്കണ്ടി കത്തയച്ചു.
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FI3ej2Q2HPOAVXXzE9Z7oK
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
