
Perinthalmanna Radio
Date: 21-12-2022
മലപ്പുറം: കളക്ടറേറ്റിൽ ജീവനക്കാരുടെ ഹാജർ രേഖപ്പെടുത്താൻ ജനുവരി ഒന്നുമുതൽ ആധാർ അധിഷ്ഠിത ബയോമെട്രിക് പഞ്ചിങ് സംവിധാനം നടപ്പാക്കും. മാർച്ച് 31-നകം എല്ലാ സർക്കാർ ഓഫീസുകളിലും ബയോമെട്രിക് സംവിധാനം നടപ്പാക്കണമെന്ന സർക്കാർ നിർദേശത്തിന്റെ ഭാഗമായാണിത്. ജില്ലയിൽ ആദ്യഘട്ടത്തിൽ കളക്ടറേറ്റിലാണ് ആധാർ അധിഷ്ഠിത പഞ്ചിങ് സംവിധാനം ഏർപ്പെടുത്തുന്നത്.
കോവിഡിനു മുൻപ് പഞ്ചിങ് നിലവിലുണ്ടായിരുന്നെങ്കിലും ആധാറുമായി ബന്ധിപ്പിച്ചിരുന്നില്ല. പുതിയ സംവിധാനം നിലവിൽവരുന്നതോടെ ജീവനക്കാരുടെ ഹാജരും ശമ്പളവുമായി ബന്ധിപ്പിക്കും. പഞ്ചിങ് നടപ്പാക്കുന്നതിനു മുന്നോടിയായി ജീവനക്കാരുടെ ആധാർ അധിഷ്ഠിത ഡേറ്റാബേസ് തയ്യാറാക്കും.
നാഷണൽ ഇൻഫർമാറ്റിക്സ് സെന്റർ (എൻ.ഐ.സി.) വഴിയാണ് ഡേറ്റാബേസ് തയ്യാറാക്കുന്നത്. പഞ്ചിങ് കണക്ടിവിറ്റി, പഞ്ചിങ് കാർഡ് എന്നിവ കെൽട്രോണും സജ്ജീകരിക്കും. https://kllrdtvc.attendance.gov.in/ എന്ന ലിങ്ക് വഴി കളക്ടറേറ്റ് ജീവനക്കാർ ഹാജർ ഡേറ്റാബേസിനായി യൂസർ രജിസ്ട്രേഷൻ നടത്തണം. നിലവിൽ പാലക്കാട്, കാസർകോട് ജില്ലകളിൽ ആധാർ അധിഷ്ഠിത ബയോമെട്രിക് ഹാജർ സംവിധാനം നടപ്പാക്കിയിട്ടുണ്ട്.
സംവിധാനം നടപ്പാക്കുന്നതിനു മുന്നോടിയായി കളക്ടറേറ്റിൽ ജീവനക്കാർക്ക് പരിശീലനം നൽകി. ഡേറ്റാബേസിൽ പേരും മറ്റു വിവരങ്ങളും ചേർത്ത് രജിസ്റ്റർ ചെയ്യുന്നതിലായിരുന്നു പരിശീലനം. എൻ.ഐ.സി. ജില്ലാ ഇൻഫർമാറ്റിക്സ് ഓഫീസർ പി. പവനൻ നേതൃത്വംനൽകി.
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FI3ej2Q2HPOAVXXzE9Z7oK
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
