
Perinthalmanna Radio
Date: 21-12-2022
മഞ്ചേരി: പാലക്കാട്- കോഴിക്കോട് ഗ്രീൻഫീൽഡ് പാതയ്ക്കു വേണ്ടി മലപ്പുറം ജില്ലയിലെ 15 വില്ലേജുകളിലെ ഭൂമി ഏറ്റെടുക്കൽ നടപടികൾക്കായി മഞ്ചേരി കച്ചേരിപ്പടിയിൽ ഡെപ്യൂട്ടി കളക്ടറുടെ കാര്യാലയം പ്രവർത്തനമാരംഭിച്ചു. കച്ചേരിപ്പടിയിൽ എം.എൽ.എ. ഓഫീസിനു സമീപത്തെ കെട്ടിടത്തിലാണ് പുതിയ ഓഫീസ് ആരംഭിച്ചിട്ടുള്ളത്.
966 ഗ്രീൻഫീൽഡ് പാതയുടെ സ്ഥലമെടുപ്പ് പ്രവർത്തനങ്ങൾക്കൊപ്പം, ദേശീയപാത 66-ന്റെ തുടർപ്രവർത്തനങ്ങളും ഈ ഓഫീസിലാണ് ഇനിമുതൽ നിയന്ത്രിക്കുക.
സർവേ ഗ്രീൻഫീൽഡ് പാതയ്ക്കുവേണ്ടി അളന്നുതിട്ടപ്പെടുത്തിയ മൂന്നുമാസത്തിനുള്ളിൽ വിവരശേഖരണം പൂർത്തിയാക്കി നഷ്‌ടം തിട്ടപ്പെടുത്തും. ഇതിനുശേഷം ഭൂമി ദേശീയപാത അതോറിറ്റിക്ക് കൈമാറും.
ഡെപ്യൂട്ടി കളക്ടർ ജെ.ഒ. അരുണിനാണ് പുതിയ ഓഫീസിന്റെ ചുമതല. രണ്ടു തഹസിൽദാർമാരും ക്ലറിക്കൽ ജീവനക്കാരുമുൾപ്പെടെ 52 പേരെയാണ് ഓഫീസിൽ വിന്യസിച്ചിട്ടുള്ളത്. ഇതിനുപുറമെ ഭൂമിയേറ്റടുക്കൽ നടപടികൾ ത്വരപ്പെടുത്താൻ ഒരു ഡെപ്യൂട്ടി കളക്ടറെയും രണ്ട് തഹസിദാർമാരെയും അധികമായി നിയമിക്കാൻ സർക്കാർ നിർദേശമുണ്ട്. ജില്ലയിലൂടെ കടന്നുപോകുന്ന 620 ഏക്കർ ഭൂമിയിൽ കല്ലിട്ടു. ഏറ്റെടുത്ത ഭൂമിയിലെ കൃഷി, മരങ്ങൾ തുടങ്ങിയ വിവരങ്ങൾ ശേഖരിച്ചുവരുന്നു. കൂടാതെ വ്യക്തികളുടെയും പൊതുസ്ഥാപനങ്ങളുടെയും നഷ്ടപ്പെടുന്ന സ്ഥലത്തിന്റെയും വസ്‌തുവകകളുടെയും കണക്കെടുപ്പാണ് ഇനി പൂർത്തിയാക്കാനുള്ളത്. അതിനുശേഷം നഷ്ടം കണക്കാക്കും.
കൊണ്ടോട്ടി താലൂക്കിലെ വാഴയൂർ, വാഴക്കാട്, ചീക്കോട്, മുതുവല്ലൂർ, ഏറനാട് താലൂക്കിലെ അരീക്കോട്, കാവനൂർ, പെരകമണ്ണ, എടവണ്ണ, കാരക്കുന്ന്, എളങ്കൂർ, പോരൂർ, വെട്ടിക്കാട്ടിരി, ചെമ്പ്രശേരി, തുവ്വൂർ, കരുവാരക്കുണ്ട്, പെരിന്തൽമണ്ണ താലൂക്കിലെ എടപ്പറ്റ വില്ലേജ് വഴിയാണ് പാത കടന്നുപോകുന്നത്. ഭൂവുടമകളുടെ നഷ്ടം സംബന്ധിച്ച വിവരങ്ങളാകും ആദ്യം തിട്ടപ്പെടുത്തുക. ഇതിനായി ഓരോ പ്രദേശത്തെയും ഭൂവുടമകളെ ഉദ്യോഗസ്ഥർ നേരിട്ടുകണ്ട് വിവരശേഖരണം നടത്തും.
45 മീറ്റർ വീതിയിലാണ് പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്ന 122 കിലോമീറ്റർ പാത നിർമിക്കുന്നത്. പാലക്കാട് 62 കിലോമീറ്റർ, മലപ്പുറം-53, കോഴിക്കോട് ഏഴ് എന്നിങ്ങനെയാണ് ദൂരം. വെങ്ങളം-രാമനാട്ടുകര ദേശീയപാത ബൈപ്പാസിൽ പന്തീരാങ്കാവിലാണ് അവസാനിക്കുക. അതേസമയം നഷ്‌ടപരിഹാരം സംബന്ധിച്ച അവ്യക്തത പാതയുടെ തുടർപ്രവർത്തനങ്ങൾക്ക് കാലതാമസം വരുത്തുന്നുണ്ട്.
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/FI3ej2Q2HPOAVXXzE9Z7oK
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
