വിദേശ രാജ്യങ്ങളിലെ കൊവിഡ് വ്യാപനം; ഇന്ത്യയിൽ അതീവ ജാഗ്രത

Share to

Perinthalmanna Radio
Date: 21-12-2022

ചൈന, അമേരിക്ക, കൊറിയ, ജപ്പാൻ, ബ്രസീൽ എന്നീ രാജ്യങ്ങളിൽ കോവിഡ് വ്യാപനം ശക്തമായ സാഹചര്യത്തിൽ ഡൽഹിയിൽ അടിയന്തിര യോഗം ചേർന്നു. കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യയുടെ അധ്യക്ഷതയിൽ ഡൽഹിയിൽ നടന്ന കോവിഡ് യോഗത്തിൽ നിരവധി മെഡിക്കൽ വിദഗ്ധരും പ്രമുഖ അധികാരികളും പങ്കെടുത്തു. യോഗം അവസാനിച്ചതിന് ശേഷം മൻസുഖ് മാണ്ഡവ്യ പറഞ്ഞു, “കോവിഡ് ഇതുവരെ അവസാനിച്ചിട്ടില്ല. ജാഗ്രത പാലിക്കാനും നിരീക്ഷണം ശക്തമാക്കാനും ഞാൻ ബന്ധപ്പെട്ട എല്ലാവരോടും നിർദ്ദേശിച്ചു. ഏത് സാഹചര്യവും നേരിടാൻ ടീം സജ്ജമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.”

കോവിഡ് പ്രതിരോധ മാർഗങ്ങൾ ശക്തിപ്പെടുത്താൻ നിർദേശം നൽകിയെന്ന് കേന്ദ്ര ആരോഗ്യമന്ത്രി പറഞ്ഞു. വിമാന സർവീസുകളിൽ മാറ്റം വരുത്തേണ്ടതില്ലെന്നാണ് യോഗത്തിലെ ധാരണ. രാജ്യത്തെ കൊവിഡ് സ്ഥിതിഗതികൾ നിരീക്ഷിക്കാൻ പ്രതിവാര യോഗങ്ങൾ നടത്താൻ തീരുമാനിച്ചിട്ടുണ്ട്.

വിമാന സർവീസുകൾ നിലവിലെ പോലെ തുടരാനാണ് തീരുമാനെങ്കിലും, വരും ദിവസങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷം ആവശ്യമായ മാറ്റം വരുത്താനും സാധ്യതയുണ്ട്. പ്രാഥമികമായി ആറ് പ്രധാന കാര്യങ്ങളിൽ അവലോകന യോഗത്തിൽ ചർച്ചകൾ നടക്കുമെന്ന് നേരത്തെ വൃത്തങ്ങൾ അറിയിച്ചു. അന്താരാഷ്ട്ര, ആഭ്യന്തര വിമാനത്താവളങ്ങളിൽ ഇൻകമിംഗ് കേസുകൾ തടയുന്നതിനുള്ള തന്ത്രം, വിദേശത്ത് നിന്ന് യാത്ര ചെയ്യുന്ന യാത്രക്കാർക്ക് മാർഗ്ഗനിർദ്ദേശങ്ങൾ നൽകൽ, കോവിഡിന്റെ പുതിയ വേരിയന്റിനെക്കുറിച്ച് വിദഗ്ധരുമായി കൂടിയാലോചന എന്നിവ ഇതിൽ ഉൾപ്പെടുന്നു.

കോവിഡ് കേസുകളിൽ ജനിതക പരിശോധന കർശനമായി നടത്തണമെന്ന് സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിർദേശം നല്‍കി. ആൾക്കൂട്ടത്തിൽ മാസ്ക് ഉപയോഗിക്കണമെന്ന് നീതി ആയോഗ് അംഗം ഡോ. വി.കെ പോൾ നിര്‍ദേശിച്ചു. എല്ലാവരും ബൂസ്റ്റർ ഡോസ് വാക്സിൻ സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു. ചൈന ഉള്‍പ്പെടെയുള്ള രാജ്യങ്ങളില്‍ കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തിലാണ് രാജ്യം കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കുന്നത്.

ലോകത്ത് വീണ്ടും കോവിഡ് വ്യാപനം ശക്തമായത് പ്രവാസികളിലും ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. അന്താരാഷ്ട്ര വിമാനയാത്രകൾക്ക് നിയന്ത്രണം കൊണ്ടുവരുന്നതുൾപ്പെടെയുള്ള കാര്യങ്ങൾ ഇന്ത്യയുൾപ്പെടെയുള്ള വിവിധ രാജ്യങ്ങൾ ചർച്ച ചെയ്ത് വരികയാണ്. വരും ആഴ്ചകളിലെ സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാകും ഇക്കാര്യത്തിൽ തീരുമാനമുണ്ടാകുക.

പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FI3ej2Q2HPOAVXXzE9Z7oK

®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *