നെയ്മറെ പുണർന്ന കുഞ്ഞാന് ജന്മനാടിന്റെ സ്വീകരണം

Share to

Perinthalmanna Radio
Date: 22-12-2022

പെരിന്തൽമണ്ണ: ചക്രക്കസേരയിലിരുന്നപ്പോഴും കണ്ട കിനാവുകൾ യാഥാർഥ്യമായതിന്റെ ആവേശം ജന്മനാട്ടിൽ തിരികെയെത്തിയപ്പോളും കുഞ്ഞാന് വിട്ടുമാറിയിട്ടില്ല. ഖത്തറിലെത്തി ലോകകപ്പ് മത്സരങ്ങൾ കാണുക മാത്രമല്ല, ഇഷ്ടതാരം നെയ്മർ അടക്കമുള്ള താരങ്ങളെ പുണരാൻ കഴിഞ്ഞതിന്റെയും സംതൃപ്തിയോടെയാണ് ബുധനാഴ്ച പുലർച്ചെ കുഞ്ഞാൻ സന്തതസഹചാരി ഷെബീബിനൊപ്പം വിമാനമിറങ്ങിയത്. സ്വപ്‌നസാക്ഷാത്കാരവുമായെത്തിയ കുഞ്ഞാന് ‘തണലോരം ശലഭങ്ങൾ’ എന്ന കൂട്ടായ്മയാണ് സ്വീകരണമൊരുക്കിയത്.

ഖത്തറിലെ 974 സ്റ്റേഡിയത്തിൽ ബ്രസീൽ -ദക്ഷിണകൊറിയ മത്സരത്തിന് തൊട്ടുമുൻപാണ് താഴേക്കോട് സ്വദേശിയായ കുഞ്ഞാന് നെയ്മറെ കാണാൻ അവസരമൊരുങ്ങിയത്. ഡ്രസ്സിങ് റൂമിലേക്ക് പോകുന്ന വഴിയിൽ കുഞ്ഞാൻ വിളിച്ചപ്പോൾ സൂപ്പർതാരം നെയ്മർ അടുത്തെത്തി പുണർന്നത് വൈറലായ കാഴ്ചയായിരുന്നു. ടീമുകളുടെ ദേശീയ ഗാനാലാപന സമയത്ത് സ്റ്റേഡിയത്തിൽ എത്താനും കുഞ്ഞാന് അവസരമുണ്ടായി. പിന്നീട് റോണാൾഡീഞ്ഞോ അടക്കമുള്ള താരങ്ങളെ പരിചയപ്പെടാനും സാധിച്ചു. ജീവകാരുണ്യമേഖലയിൽ പ്രവർത്തിക്കുന്ന ‘തണലോരം ഡെസ്റ്റിറ്റ്യൂട്ട് കെയറിന്’ കീഴിലുള്ള കൂട്ടായ്മയായ ‘തണലോരം ശലഭങ്ങൾ’ ആണ് കുഞ്ഞാനെയും ആസിം വെളിമണ്ണ, സൽമാൻ കുറ്റിക്കോട് എന്നിവരെയും ഖത്തറിൽപ്പോയി തിരിച്ചെത്താൻ സഹായിച്ചത്. തിരിച്ചെത്തിയപ്പോൾ കൂട്ടായ്മയുടെ നേതൃത്വത്തിൽ പെരിന്തൽമണ്ണ ആയിഷ കോംപ്ലക്‌സ് പരിസരത്തായിരുന്നു ആദ്യ സ്വീകരണം. എം.എൽ.എ.മാരായ മഞ്ഞളാംകുഴി അലി, നജീബ് കാന്തപുരം, മുഖ്യരക്ഷാധികാരി ഡോ. ഷാജി അബ്ദുൾ ഗഫൂർ തുടങ്ങിയവർ മാലയിട്ട് സ്വീകരിച്ചു. കൂട്ടായ്മ ചെയർമാൻ സൈഫുള്ള താന്നിക്കാടൻ, കുറ്റീരി മാനുപ്പ, ഹബീബ് മണ്ണേങ്ങൽ, ജസീർ കാപിറ്റോൾ, ഹനീഫ പുലാമന്തോൾ, കോ -ഓർഡിനേറ്റർ ഷഹബാസ് തുടങ്ങിയവർ നേതൃത്വംനൽകി. പിന്നീട് പെരിന്തൽമണ്ണ ജില്ലാ ആശുപത്രിക്ക് സമീപത്തും താഴേക്കോടും കുഞ്ഞാന് സ്വീകരണമൊരുക്കിയിരുന്നു.

പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/FI3ej2Q2HPOAVXXzE9Z7oK

®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *