Perinthalmanna Radio
Date: 23-12-2022
പെരിന്തൽമണ്ണ: ക്രിസ്‌മസ് അവധി ആഘോഷത്തിൻ എത്താൻ മറുനാടൻ മലയാളികൾക്ക് ഇത്തവണ ബസ് കാത്തു നിന്നിട്ട് കാര്യമുണ്ടാകുമെന്ന് തോന്നുന്നില്ല. കർണാടക, തമിഴ്‌നാട്, മഹാരാഷ്‌ട്ര ഭാഗങ്ങളിൽ നിന്ന് ജില്ലയിലേക്കെത്തുന്ന കെഎസ്ആർടിസി ബസുകളിലേറെയും അടുത്ത ദിവസങ്ങളിലേക്ക് റിസർവേഷൻ പൂർത്തിയായി.
പെരിന്തൽമണ്ണ വഴി ജില്ലയിലൂടെ കടന്നു പോകുന്ന കോട്ടയം–ബെംഗളൂരു, തൃശൂർ–മൈസൂരു, പാല–ബെംഗളൂരു, ഗുരുവായൂർ –ബെംഗളൂരു, തൃശൂർ–മൈസൂരു, പെരിന്തൽമണ്ണ–മൈസൂരു, കണ്ണൂർ–പോണ്ടിച്ചേരി, കണ്ണൂർ–മധുര, പാലക്കാട് –മംഗളൂരു ബസുകളിലെല്ലാം റിസർവേഷൻ ഏറെക്കുറെ പൂർണമാണ്.
ബെംഗളൂരു–പെരിന്തൽമണ്ണ, കോഴിക്കോട്–ചെന്നൈ തുടങ്ങിയ റൂട്ടുകളിലോടുന്ന സ്വകാര്യ ബസുകളെയാണ് പലരും ആശ്രയിക്കുന്നത്. ടിക്കറ്റ് ചാർജ് രണ്ടും മൂന്നും ഇരട്ടിയായിട്ടുണ്ട്. കോഴിക്കോട് –ബെംഗളൂരു റൂട്ടിൽ പുതുതായി ആരംഭിച്ച കെഎസ്ആർടിസി ബസുകളാണ് ചെറിയ ആശ്വാസം പകരുന്നത്.
കോഴിക്കോടെത്തി ജില്ലയിലേക്ക് ബസു പിടിച്ചാൽ മതി. ബെംഗളൂരുവിൽ നിന്ന് പെരിന്തൽമണ്ണയിലേക്ക് 799 രൂപ സാധാരണ ചാർജ് ഈടാക്കിയിരുന്ന സ്വകാര്യ ബസുകളിൽ ഇന്നേക്ക് 2399 രൂപയാണ് റിസർവേഷൻ ചാർജ്. 1100 രൂപയുണ്ടായിരുന്ന മറ്റൊരു ബസ് 2500 രൂപയാണ് ഇന്നേക്കുള്ള റിസർവേഷൻ ചാർജ് ഈടാക്കുന്നത്.
കെഎസ്ആർടിയുടെ ബെംഗളൂരു–ഗുരുവായൂർ സ്വിഫ്‌റ്റ് ബസിൽ 756 ഉം ബാംഗ്ലൂർ–കോട്ടയം സ്വിഫ്‌റ്റ് ബസിൽ 726 ഉം ബെംഗളൂരു–പാലാ സ്വിഫ്‌റ്റ് ബസിൽ 613 ഉം മാത്രമാണ് പെരിന്തൽമണ്ണയിലേക്ക് ചാർജ്. രാജകീയ യാത്രയുമാകാം. എന്നാൽ ടിക്കറ്റുകൾ റിസർവ് ചെയ്‌തു കഴിഞ്ഞതിനാൽ അടുത്ത ദിവസങ്ങളിലേക്ക് ലഭ്യമല്ലെന്ന് മാത്രം. ബസുകളിൽ ടിക്കറ്റ് ലഭിക്കാനുള്ള പ്രയാസവും അമിത ചാർജുമായതോടെ പലരും ഗ്രൂപ്പുകളായി ടാക്‌സി വാഹനങ്ങൾ പിടിച്ച് വരുന്ന സാഹചര്യവുമുണ്ട്.
അവധിക്കാലത്ത് നാട്ടിലേക്കു പോകാൻ ഒരു വഴി തേടി പായുകയാണു മലബാറിലെ മറുനാടൻ മലയാളികൾ. സ്പെഷൽ ട്രെയിനുകൾ അനുവദിച്ച് റെയിൽവേ കനിയുന്ന മട്ടില്ല. ഇന്നും നാളെയുമൊന്നും ജില്ലയിലെ റെയിൽവേ സ്റ്റേഷനുകളിലേക്ക് ചെന്നൈ മെയിലിൽ സ്‍ലീപ്പർ ടിക്കറ്റേയില്ല.
ക്രിസ്മസ്, പുതുവത്സര അവധിക്കാല യാത്രക്കാരുടെ എണ്ണത്തിൽ കണ്ണുനട്ട് യാത്രാനിരക്കു കുത്തനെ കൂട്ടി വിമാനക്കമ്പനികൾ. 50% മുതലാണു വർധന. നാട്ടിലെയും വിദേശത്തെയും അവധി ദിനങ്ങൾ കണക്കിലെടുത്ത് ഗൾഫ് നാടുകളിലേക്കും തിരിച്ചും യാത്ര ചെയ്യുന്നവരെ ലക്ഷ്യമിട്ടാണു വർധന.മറ്റു ജിസിസി രാഷ്ട്രങ്ങളിൽ ജോലിചെയ്യുന്ന ആയിരക്കണക്കിനു പ്രവാസികൾ ലോകകപ്പ് കാണാൻ ഖത്തറിലെത്തിയിരുന്നു. അവരിൽ പലരും അവധിക്കു നാട്ടിലേക്കു മടങ്ങാൻ കാത്തിരിക്കുന്നവരാണ്. നാട്ടിൽനിന്നു വിദേശത്തേക്കും തിരിച്ചും ടിക്കറ്റ് നിരക്ക് വർധിപ്പിച്ചിട്ടുണ്ട്.
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ