നടന്നു ഹജ്ജിന് പുറപ്പെട്ട ശിഹാബ് യാത്ര തുടരാനാകാതെ പഞ്ചാബിലായിട്ട് മൂന്നുമാസം

Share to

Perinthalmanna Radio
Date: 30-12-2022

ശിഹാബ് ഇപ്പോഴും പ്രതീക്ഷയിലാണ്. ഹജ്ജിന്റെ പുണ്യംതേടിയുള്ള യാത്രയിൽ ഇപ്പോഴുണ്ടായ തടസ്സങ്ങൾ നീങ്ങുമെന്ന ശുഭപ്രതീക്ഷയിൽ. വാഗാ അതിർത്തിയെത്തുന്നതിനും 11 കിലോമീറ്റർ മുൻപ്‌, പഞ്ചാബിലെ കാസയിലുള്ള ആഫിയ കിഡ്‌സ് സ്‌കൂളിൽ, യാത്രയ്ക്ക് താത്കാലികവിരാമം നൽകി താമസിക്കാൻ തുടങ്ങിയിട്ട് മൂന്നുമാസമായി. പാകിസ്താനിലേക്കു കടക്കാനുള്ള അനുമതി ലഭിക്കാത്തതാണ് തടസ്സം.

ഇക്കഴിഞ്ഞ ജൂൺ രണ്ടിന് മലപ്പുറത്തെ ചോറ്റൂരിൽനിന്നാണ് ഇരുപത്തൊമ്പതുകാരനായ ചേലമ്പാടൻ ശിഹാബ് 8640 കിലോമീറ്റർ ദൂരെയുള്ള മക്കയിലേക്ക് കാൽനടയായി ഇറങ്ങുന്നത്. മറ്റെല്ലാ രാജ്യങ്ങളുടെയും വിസ കിട്ടിയെങ്കിലും പാകിസ്താന്റെ വിസമാത്രം ബാക്കിയായി. ഇതിന്റെ നടപടിക്രമങ്ങൾ പുരോഗതിയിലായിരുന്നതുകൊണ്ട് ലഭിക്കുമെന്ന പ്രതീക്ഷയിൽ പുറപ്പെട്ടു. എന്നാൽ സുരക്ഷ ചൂണ്ടിക്കാണിച്ച് പാകിസ്താനിലെ പ്രതിരോധം ഉൾപ്പെടെയുള്ള വകുപ്പുകളുടെ അനുമതി ലഭിക്കാത്തതിനാൽ വിസ ലഭിച്ചിട്ടില്ല. ഡൽഹിയിലുള്ള സഹോദരൻ മനാഫ് ശ്രമം തുടരുന്നുണ്ട്.

ഇതിനിടയിൽ ശിഹാബിന് വിസ അനുവദിക്കണമെന്നാവശ്യപ്പെട്ട് പാക് സുപ്രീംകോടതിയിൽ സർവാർ താജ് എന്നയാൾ ഹർജി നൽകി. മതിയായ രേഖകൾ ഹാജരാക്കിയില്ലെന്നു ചൂണ്ടിക്കാട്ടി ലാഹോർ ഹൈക്കോടതി ആവശ്യം തള്ളിയതിനെത്തുടർന്നാണ് ഇയാൾ സുപ്രീംകോടതിയെ സമീപിച്ചത്. എന്നാൽ സർവാർ താജുമായി ബന്ധമില്ലെന്ന് ഹൈക്കോടതിയിൽ ഹർജി നൽകിയ വേളയിൽ ശിഹാബ് വ്യക്തമാക്കിയിരുന്നു. എങ്കിലും സുപ്രീംകോടതി വിധി ശിഹാബിന്‌ വിസ ലഭിക്കുന്നതിൽ നിർണായകമാകും.

ഇതുവരെയുള്ള യാത്രയിൽ വലിയ സ്വീകരണമാണ് ശിഹാബിന് ലഭിച്ചത്. ഗുജറാത്തിൽ പ്രവേശിച്ചശേഷം അവിടെ കിട്ടിയ വലിയ സ്വീകരണത്തിന്റെ വീഡിയോ ശിഹാബ് പങ്കുവെച്ചിരുന്നു. യൂട്യൂബറായ ശിഹാബ് ഈ അപൂർവയാത്ര സാമൂഹികമാധ്യമങ്ങളിൽ ആഘോഷിക്കുന്നത് പണമുണ്ടാക്കാനാണെന്ന തരത്തിൽ ആരോപണമുയർന്നു. എന്നാൽ എട്ടുമാസത്തെ യാത്രയ്ക്ക് വേണ്ട പണം കൈയിൽ കരുതിയിരുന്നതായും മറ്റൊരുവരുമാനവും ഇതിന് ഉപയോഗിക്കുന്നില്ലെന്നും ശിഹാബ് അന്ന് വിശദീകരിച്ചു. അത്യാവശ്യസാധനങ്ങൾ മാത്രം കൈയിൽക്കരുതിയുള്ള ലളിതമായ യാത്രയാണ്. അന്തിയുറങ്ങാൻ ആരാധനാലയങ്ങളെയും പെട്രോൾപമ്പുകളെയും മറ്റും ആശ്രയിക്കുന്നതിനാൽ അത്തരം ചെലവുകളുമില്ല -അദ്ദേഹം പറഞ്ഞു.

വാഗാ അതിർത്തിവഴി പാകിസ്താൻ, ഇറാൻ, ഇറാഖ്, കുവൈത്ത് എന്നിവിടങ്ങളിലൂടെ സൗദിയിലേക്ക് പ്രവേശിക്കുന്നതാണ് യാത്രാവഴി.

ശിഹാബിന് എത്രയും പെട്ടെന്ന് യാത്രാനുമതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ് ആതവനാട് ചോറ്റൂരിലുള്ള കുടുംബം. ഇതിനായുള്ള പ്രാർഥനയിലാണ് പിതാവ് സെയ്തലവിയും മാതാവ് സൈനബയും ഭാര്യ ഷബ്നയും ഉൾപ്പെടെയുള്ള കുടുംബം.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *