
Perinthalmanna Radio
Date: 07-01-2023
മലപ്പുറം: ബഫർ സോണുമായി ബന്ധപ്പെട്ട പരാതികൾ നൽകാനുള്ള സമയപരിധി ഇന്ന് അവസാനിക്കുമെന്നിരിക്കെ ജില്ലയിലെ വിവിധ പഞ്ചായത്തുകളിൽ ലഭിച്ചത് 224 പരാതികൾ. ഏറ്റവും കൂടുതൽ പരാതികൾ ലഭിച്ചത് കരുവാരക്കുണ്ട് പഞ്ചായത്തിലാണ്. ഇവിടെ ആകെ 107 പരാതികളാണ് ലഭിച്ചത്. ഇന്നലെ മാത്രം 35 പരാതികൾ കിട്ടിയിട്ടുണ്ട്. ചോക്കാട് ഗ്രാമപഞ്ചായത്തിൽ 97 പരാതികളും കാളികാവിൽ 20 പരാതികളും ലഭിച്ചു. പഞ്ചായത്തുകളിലെ ഹെൽപ്പ് ഡെസ്ക്കിൽ ലഭിക്കുന്ന പരാതി പഞ്ചായത്ത്, റവന്യു, വനം വകുപ്പ് ഉദ്യോഗസ്ഥർ അടങ്ങുന്ന സമിതി പരാതിയുള്ള സർവേ നമ്പറിലെ ഭൂമി പരിശോധിച്ച് ഉറപ്പുവരുത്തി ജിയോടാഗ് ചെയ്ത ശേഷം സർക്കാരിന് കൈമാറും. ഫീൽഡ് സർവേ ഇന്ന് തന്നെ പൂർത്തിയാക്കാനുള്ള തീവ്രശ്രമത്തിലാണ് പഞ്ചായത്ത് അധികൃതർ. വനാതിർത്തിയോട് ചേർന്ന ഭൂമികളിലാണ് പരിശോധനകൾ ഇപ്പോൾ പുരോഗമിക്കുന്നത്.
ജില്ലയിൽ ബഫർസോൺ പരിധിയിൽ ഏറ്റവും കൂടുതൽ സ്വകാര്യ ഭൂമി ഉൾപ്പെട്ടത് ചോക്കാട്, കരുവാരക്കുണ്ട് ഗ്രാമപഞ്ചായത്തുകളിലാണ്. വാർഡ്തല സർവേ നമ്പർ പരിശോധനയിൽ ചോക്കാട് പഞ്ചായത്തിലെ ചീങ്കകല്ല് ആദിവാസി കോളനി ഉൾപ്പെട്ടതായി കണ്ടെത്തിയിട്ടുണ്ട്. 12 കുടുംബങ്ങളിലായി അമ്പതിലേറെ പേർ ഇവിടെ താമസിക്കുന്നുണ്ട്. കോളനിക്ക് മുകളിലെ കൃഷിഭൂമിയും ബഫർസോൺ ഭൂപടത്തിൽ ഉൾപ്പെട്ടിട്ടുണ്ട്. 350ൽ അധികം ഏക്കർ ഭൂമി ചോക്കാട് മേഖലയിൽ മാത്രം ബഫർസോൺ മാപ്പിൽ ഉൾപ്പെട്ടിട്ടുണ്ട്. കാർഷിക ഭൂമികളാണ് ഇതിൽ ഭൂരിഭാഗവും. സൈലന്റ് വാലി ദേശീയോദ്ധ്യാനത്തിന്റെ കരുതൽ മേഖലയുടെ ഭാഗമാണിത്. താമസക്കാരെ കുടിയിറക്കില്ലെങ്കിലും പുനർനിർമ്മിതി ഉൾപ്പെടെയുള്ളവയ്ക്ക് നിയന്ത്രണങ്ങൾ വന്നേക്കുമെന്നത് ആളുകളെ ആശങ്കപ്പെടുത്തുന്നുണ്ട്. ബഫർ സോണിൽ ഉൾപ്പെട്ട ഭൂമിയുടെ തുടർനടപടികളും നിയമപ്രശ്നങ്ങളും സംബന്ധിച്ച് വ്യക്തമായ ധാരണ ഉദ്യോഗസ്ഥർക്കുമില്ല. പരാതിക്കാരുടെ സംശയങ്ങൾ തീർക്കാൻ അധികൃതർക്ക് കഴിയുന്നില്ല.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
