കൂടെ വനിതാ കൂട്ടായ്മയുടെ പ്രവർത്തനത്തിലൂടെ നിരാലംബരായ കുടുംബത്തിന് വീട് ഒരുങ്ങി

Share to

Perinthalmanna Radio
Date: 09-01-2023

പെരിന്തൽമണ്ണ: പേര് അന്വർഥമാക്കുന്ന ‘കൂടെ’ വനിതാ കൂട്ടായ്മയുടെ പ്രവർത്തനത്തിലൂടെ നിരാലംബരായ ഒരു കുടുംബത്തിന് വീടൊരുങ്ങി. നാല് വനിതകൾ മാത്രമുള്ള കുടുംബം അടച്ചു പൂട്ടിക്കിടക്കാൻ ഒരു വാതിൽ പോലുമില്ലാത്ത വീട്ടിലാണ് കഴിഞ്ഞിരുന്നത്. പെരിന്തൽമണ്ണ ഒലിങ്കര താഴെവെട്ടിയിൽ തൈക്കോട്ടിൽ ഖദീജയും രണ്ട് പെൺമക്കളും അവരിലൊരാളുടെ മകളുമാണ് സുരക്ഷിതത്വമില്ലാത്ത വീട്ടിൽ കഴിഞ്ഞിരുന്നത്. പാർക്കിൻസൺ ബാധിതയാണ് എഴുപതുകാരിയായ ഖദീജ.

തികച്ചും അരക്ഷിതമായ ചുറ്റുപാടുകളോട് പോരാടി കഴിഞ്ഞിരുന്ന കുടുംബത്തിന് നിയമസഹായം നൽകുന്നതിനായാണ് മാസങ്ങൾക്കു മുൻപ് ‘കൂടെ’ ഭാരവാഹികളെത്തുന്നത്. സെക്രട്ടറി അഡ്വ. ഇന്ദിര നായരുടെയും പ്രസിഡന്റ് ഡോ. ഫെബീന സീതിയുടെയും നേതൃത്വത്തിലെത്തിയ സംഘം വീടും പരിസരവും നിരീക്ഷിച്ചു. സ്ത്രീകൾ മാത്രമുള്ള വീടിന് അടച്ചുറപ്പുള്ള ശൗചാലയം നിർമിച്ചുനൽകിയാലെന്തെന്ന ചിന്ത ഒടുവിൽ ആ കുടുംബത്തിന്റെ അത്യാവശ്യമായ വീടെന്ന സ്വപ്‌നത്തിലേക്കായി. കൂടെ നിർവാഹകസമിതിയംഗമായ നഗരസഭാംഗം കെ.സി. ഹസീന ലൈഫ് പദ്ധതിയിൽ രജിസ്റ്റർ ചെയ്യാൻ ശ്രമിച്ചെങ്കിലും ഇവരുടെ റേഷൻകാർഡിലുള്ള മറ്റൊരംഗം നേരത്തെ പദ്ധതിയിൽ രജിസ്റ്റർ ചെയ്തതിനാൽ സാധിച്ചില്ല.

മറ്റ് ആനുകൂല്യങ്ങൾക്കും തടസ്സം നേരിട്ടു. ഇതോടെയാണ് ‘കൂടെ’ അംഗങ്ങൾ മുന്നിട്ടിറങ്ങിയത്. അംഗങ്ങൾ സ്വന്തമായി സ്വരൂപിച്ച നാലരലക്ഷം രൂപയും മറ്റ് സുമനസുകളുടെ സഹായവും ചേർത്ത് ആറു ലക്ഷം രൂപയ്ക്കാണ് വീട് നിർമാണം പൂർത്തിയാക്കിയത്. പഴയ തറ നിലനിർത്തിയാണ് പുതിയ വീട് പണിതത്. അതുവരെ കുടുംബത്തെ വാടകവീട്ടിലേക്ക് മാറ്റുകയും വാടകത്തുക ‘കൂടെ’ വഹിക്കുകയും ചെയ്തു. സ്ത്രീകളുടെയും പെൺകുട്ടികളുടെയും സുരക്ഷയും പുനരധിവാസവും ലക്ഷ്യമാക്കി പെരിന്തൽമണ്ണ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന വനിതാ കൂട്ടായ്മയാണിത്. അശരണർക്ക് വീടുവെച്ചുനൽകുക ലക്ഷ്യങ്ങളിൽ ഉൾപ്പെട്ടതല്ലെങ്കിലും പ്രത്യേക സാഹചര്യത്തിൽ ഏറ്റെടുത്ത ദൗത്യം പൂർത്തീകരിക്കാനായതിൽ ചാരിതാർഥ്യമുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു. ഞായറാഴ്ച ‘കൂടെ’ ഭാരവാഹികളെത്തി വീടിന്റെ താക്കോൽ ഖദീജയ്ക്കും കുടുംബത്തിനും കൈമാറി.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *