കെഎസ്ആർടിസിയുടെ ഗവി ടൂർ പാക്കേജ് സെഞ്ച്വറി നേട്ടത്തിന്റെ തിളക്കത്തിൽ

Share to

Perinthalmanna Radio
Date: 09-01-2023

കെഎസ്ആർടിസിയുടെ ഗവി ടൂർ പാക്കേജ് ‘സെഞ്ച്വറി’ നേട്ടത്തിന്റെ തിളക്കത്തിൽ. ഇക്കഴിഞ്ഞ ഡിസംബർ 1 ന് ആരംഭിച്ച പാക്കേജ് വളരെ വേഗത്തിലാണ് 100 ട്രിപ്പുകൾ എന്ന നേട്ടം കൈവരിച്ചത്. കേവലം 36 ദിവസം കൊണ്ട് 100 ട്രിപ്പുകളാണ് ആനവണ്ടികൾ ഓടിത്തീർത്തത്. ഇതിലൂടെ 3.6 ലക്ഷം രൂപയുടെ വരുമാനമാണ് കെഎസ്ആർടിസിക്ക് ലഭിച്ചത്. 5 ആഴ്ചകൾക്കുള്ളിൽ 3600 വിനോദ സഞ്ചാരികളാണ് കെഎസ്ആർടിസിയിൽ ഗവി സന്ദർശിച്ചു മടങ്ങിയത്. കേരളത്തിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ളവരാണ് സന്ദർശകർ. സംസ്ഥാനത്തിന്റെ മറ്റു ഭാഗങ്ങളിൽ ഉള്ളവരെ പത്തനം തിട്ട ഡിപ്പോയിലെത്തിക്കും. അവിടെ നിന്നും രാവിലെ 6.30,6.45, 7.00 എന്നീ സമയങ്ങളിൽ ഗവിക്കു പുറപ്പെടുന്ന ബസുകളുണ്ട്. മൂഴിയാർ,കക്കി, ഗവി, വണ്ടിപെരിയാർ, പരുന്തും പാറ വഴി രാത്രി 8.15 ന് തിരികെ പത്തനം തിട്ടയിലെത്തി സർവീസ് അവസാനിപ്പിക്കുന്ന രിതിയിലാണ് പാക്കേജ്.

വിവിധ ഡിപ്പോകളിൽ നിന്നുള്ള ദൂരമനുസരിച്ച് 1300 രൂപ മുതൽ 2500 രൂപ വരെയാണ് ചാർജ് ഈടാക്കുന്നത്. ഇതിൽ ഉച്ചഭക്ഷണം, ഗവിയിലെ ബോട്ടിങ്, പ്രവേശന ഫീസ് എന്നിവയും ഉൾപ്പെടുന്നു. വനം വകുപ്പിന്റെ സഹായത്തോടെ ഗ്രീൻ പ്രോട്ടോക്കോൾ പാലിച്ചാണ് സർവീസുകൾ ഒരുക്കിയിരിക്കുന്നത്. പത്തനം തിട്ട ഡിപ്പോയെ ഇതിനു വേണ്ടി ഒരു ഗവി ഹബ്ബാക്കി മാറ്റിയിട്ടുണ്ട്. പരിചയ സമ്പന്നരായ ജീവനക്കാരെ ഉപയോഗിച്ചാണ് ഈ സർവീസുകളെല്ലാം നടത്തുന്നത്. ബജറ്റ് ടൂറിസം പ്രൊജക്ടിന്റെ ഭാഗമായാണ് ഗവി ടൂർ പാക്കേജ് ആരംഭിച്ചത്. കുന്നുകളും, പുൽമൈതാനങ്ങളും, വന്യമൃഗങ്ങളും ഉൾപ്പെടുന്ന കാനനഭംഗി ആസ്വദിക്കാം എന്നതാണ് പ്രത്യേകത. ഗവിയിൽ എത്തിയതിനു ശേഷം ബോട്ടിങ്ങും, ഉച്ചയൂണും കഴിഞ്ഞ് വണ്ടിപ്പെരിയാർ വഴി പാഞ്ചാലി മേടും കണ്ട് തിരികെ പത്തനം തിട്ടയിലെത്തുന്നു. കോഴിക്കോട് നിന്ന് ആരംഭിക്കുന്ന പാക്കേജ് രണ്ടു ദിവസം നീളുന്നതാണ്. കുമരകം ഉൾപ്പെടെയുള്ള സ്ഥലങ്ങളിലൂടെയാണ് യാത്ര.

നഷ്ടക്കണക്കുകൾക്കിടയിൽ ഇത്തരം പദ്ധതികളുടെ വിജയം കെഎസ്ആർടിസിക്ക് ആശ്വാസമാകുന്നുണ്ട്. അടുത്ത കാലത്തായി കെഎസ്ആർടിസി നടത്തിയ ടൂറിസം പദ്ധതികളിലെല്ലാം ആവേശകരമായ പ്രതികരണമാണ് മലയാളികളിൽ നിന്ന് ലഭിച്ചത്.ടൂറിസം രംഗത്ത് കൂടുതൽ പദ്ധതികൾ നടപ്പാക്കാൻ കെഎസ്ആർടിസിക്ക് ഇത് പ്രചോദനം നൽകുമെന്നാണ് വിലയിരുത്തൽ.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *