മയോണൈസില്‍ പച്ചമുട്ട ഉപയോഗിക്കുന്നത് നിരോധിച്ചു; പാഴ്‌സലുകളില്‍ സമയം രേഖപ്പെടുത്തണം

Share to

Perinthalmanna Radio
Date: 12-01-2023

മയോണൈസില്‍ പച്ചമുട്ട ഉപയോഗിക്കുന്നത് സംസ്ഥാനത്ത് നിരോധിച്ചു. ആരോഗ്യ മന്ത്രി വീണാ ജോര്‍ജാണ് ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ ദിവസം മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഹോട്ടല്‍, റെസ്റ്റോറന്റ്, ബേക്കറി, വഴിയോരക്കച്ചവടക്കാര്‍, കാറ്ററിങ് മേഖലകളിലെ സംഘടനകളുമായുള്ള യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം എടുത്തത്.

മുട്ട ഉപയോഗിക്കണമെന്ന് നിര്‍ബന്ധമുള്ളവര്‍ക്ക് പാസ്ചറൈസ് ചെയ്ത മുട്ട ഉപയോഗിച്ച് മയോണൈസ് ഉണ്ടാക്കാം. വെജിറ്റബിള്‍ മയോണൈസ് ഉപയോഗിക്കാമെന്നാണ് ഹോട്ടലുടമകള്‍ മുന്നോട്ടുവെച്ച നിര്‍ദേശമെന്നും മന്ത്രി പറഞ്ഞു.

പാഴ്‌സലുകളില്‍ ഭക്ഷണം കൊടുക്കുന്ന സമയം കൃത്യമായി രേഖപ്പെടുത്തിയ സ്റ്റിക്കര്‍ ഉണ്ടായിരിക്കണം. എത്ര മണിക്കൂറിനകം ആ ഭക്ഷണം ഉപയോഗിക്കണം എന്നതും ഈ സ്റ്റിക്കറില്‍ വ്യക്തമാക്കിയിരിക്കണം.

ഭക്ഷണം പാകം ചെയ്യുന്നവര്‍ക്കും വിതരണം ചെയ്യുന്നവര്‍ക്കും കൃത്യമായ ശുചിത്വം ഉറപ്പുവരുത്തണം. ജീവനക്കാർക്ക് ഹെല്‍ത്ത് കാര്‍ഡ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. അത് സ്ഥാപനത്തിന്റെ ഉത്തരവാദിത്തമാണ്. ഫുട്‌സേഫ്റ്റി സൂപ്പര്‍വൈസര്‍ സ്ഥാപനത്തില്‍ വേണം. തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ ഹോട്ടല്‍ തൊഴിലാളികള്‍ക്ക് പരിശീലനം നല്‍കുമെന്നും മന്ത്രി പറഞ്ഞു.

ഓഡിറ്റോറിയങ്ങളില്‍ ഭക്ഷണം വിതരണം ചെയ്യുന്നതിന് ഫുഡ്‌സേഫ്റ്റി അതോറിറ്റിയുടെ ലൈസന്‍സുള്ളവര്‍ക്ക് മാത്രമാണ് അനുമതിയുള്ളത്. ഓഡിറ്റോറിയങ്ങളിലെ വെള്ളം കൃത്യമായി ഇടവേളകളില്‍ പരിശോധിച്ച് ഗുണമേന്മ ഉറപ്പാക്കണം.

ഹൈജീന്‍ റേറ്റിങ് ആപ്പ് തയ്യാറായിട്ടുണ്ട്. അടുത്ത ആഴ്ചയോടെ പ്ലേസ്റ്റോറില്‍ നിന്ന് പൊതുജനങ്ങള്‍ക്ക് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിക്കാനാകും. അത് സ്ഥാപനങ്ങള്‍ക്കും ജനങ്ങള്‍ക്കും ഗുണം ചെയ്യുമെന്നും മന്ത്രി പറഞ്ഞു.

സ്റ്റേറ്റ് ലെവല്‍ സ്‌പെഷ്യല്‍ ടാസ്‌ക്‌ഫോഴ്‌സ് രഹസ്യ സ്വഭാവത്തോടെ റെയ്ഡുകള്‍ നടത്തും. ടാസ്‌ക്‌ഫോസ് പരിശോധന നടത്തുന്ന ഇടങ്ങളില്‍ അതാത് മേഖലകളിലെ എഫ്എസ്ഒ ടീമിനൊപ്പം പങ്കാളികളാകും.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *