വിദ്യാർത്ഥികളിൽ നിന്ന് സ്വകാര്യ ബസുകൾ അമിത ചാർജ്ജ് ഈടാക്കുന്നതായി വ്യാപക പരാതി

Share to

Perinthalmanna Radio
Date: 13-01-2023

മലപ്പുറ: സ്‌കൂൾ വിദ്യാർത്ഥികളിൽ നിന്ന് സ്വകാര്യ ബസുകൾ അമിത ചാർജ്ജ് ഈടാക്കുന്നതായി വ്യാപക പരാതി. മേട്ടോർ വാഹന വകുപ്പ്,​ പൊലീസ് ഉദ്യോഗസ്ഥരുടെ മൗന സമ്മതത്തോടെയാണ് ഇത്തരത്തിൽ അമിത ചാർജ് ഈടാക്കുന്നതെന്നാണ് ആക്ഷേപം. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ സർവീസ് നടത്തുന്ന ഭൂരിഭാഗം സ്വകാര്യ ബസുകളും ഇത്തരത്തിൽ അമിത ചാർജ്ജ് ഈടാക്കുന്നുണ്ട്. അഞ്ച് രൂപ മുതൽ പത്ത് രൂപ വരെയാണ് വിദ്യാർത്ഥികളിൽ നിന്ന് ഈടാക്കുന്നത്.

ഒന്നിലേറെ ബസുകളിൽ സ്‌കൂളിൽ എത്തേണ്ട വിദ്യാർത്ഥികൾക്ക് വലിയ തുകയാണ് ദിവസവും നൽകേണ്ടി വരുന്നത്. കൂടുതൽ മക്കളുള്ള രക്ഷിതാക്കൾക്ക് ഈ ഇനത്തിൽ മാത്രം നല്ലൊരു തുക ചെലവാകും. പല ബസുകളും തോന്നിയത് പോലെയാണ് ചാർജ്ജ് ഈടാക്കുന്നത്. സ്റ്റാൻഡുകളിൽ വച്ച് ബസുകളിൽ കയറുന്ന വിദ്യാർത്ഥികളിൽ നിന്ന് വാങ്ങുന്നത് 10 രൂപയാണ്. പത്ത് രൂപ ചാർജ്ജ് കൊടുക്കുന്ന വിദ്യാർത്ഥികൾക്ക് ബസ് സ്റ്റാന്റുകളിൽ നിന്ന് തിക്കിതിരക്കാതെ ബസിൽ കയറാൻ സാധിക്കും. എന്നാൽ ഇങ്ങനെ കൊടുത്ത് കയറുന്ന വിദ്യാർത്ഥികൾക്ക് സീറ്റുകളിൽ ഇരിക്കാൻ അനുവദിക്കില്ല. അഞ്ച് രൂപ കൊടുത്ത് ബസിൽ കയറുന്ന വിദ്യാർത്ഥികളെ ക്യൂവിൽ നിറുത്തും. യാത്രക്കാർ കയറിയ ശേഷം ബസ് പുറപ്പെടാൻ സമയത്ത് മാത്രം തിക്കി തിരക്കി കയറാൻ അനുവദിക്കും. ജില്ലയുടെ വിവിധ ബസ് സ്റ്റാന്റുകളിൽ ഈ പ്രവണത തുടരുമ്പോഴും പൊലീസ്,​ മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥർ കണ്ടില്ലെന്ന് നടിക്കുകയാണ്.

ഒരു രൂപ, രണ്ട് രൂപ തോതിൽ നൽകുന്ന വിദ്യാർത്ഥികളെ മറ്റുള്ളവരുടെ മുമ്പിൽ വച്ച് കണ്ടക്ടർമാർ ചീത്ത വിളിക്കുകയും അപമാനിക്കാനും ഇറക്കി വിടാനും ശ്രമിക്കുന്നതായും പരാതികളുണ്ട്. ഇതുമൂലം പല വിദ്യാർത്ഥികളും അഞ്ച് രൂപ കൊടുക്കാൻ നിർബന്ധിതരാവുകയാണ്. അപമാനിക്കുന്ന അവസ്ഥ ഭയന്ന് പ്രതികരിക്കാൻ പോലും കഴിയാതെയാണ് പല വിദ്യാർത്ഥികളും യാത്ര ചെയ്യുന്നത്.

പല ബസുകളും വിദ്യാർത്ഥികളെ കാണുമ്പോൾ സ്റ്റോപ്പുകളിൽ നിറുത്താതെ പോവുകയും സ്‌കൂൾ സ്റ്റോപ്പ് എത്തുന്നതിന് തൊട്ടു മുമ്പായി ബോർഡുകൾ മറച്ചുവയ്ക്കുന്നതായും പരാതിയുമുണ്ട്. ബസ് ചാർജ്ജ് കൂട്ടിയ സമയത്തും വിദ്യാർത്ഥികളുടെ കൺസഷൻ നിരക്ക് വർദ്ധിപ്പിച്ചിട്ടില്ലായിരുന്നു. സ്ഥിരമായി അഞ്ച് രൂപ കൊടുക്കുന്നത് കൊണ്ട് പല രക്ഷിതാക്കളും കുട്ടികളുടെ ചാർജ്ജ് അഞ്ച് രൂപയാണെന്ന തെറ്റിദ്ധാരണയിലാണ്‌.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *