
Perinthalmanna Radio
Date: 14-01-2023
പുലാന്തോൾ: ബസ് സ്റ്റാൻഡിൽ അന്യ വാഹനങ്ങൾ കയറുന്നതിന് പൊലീസ് കാവൽ ഏർപ്പെടുത്തിയത് കൂനിൻമേൽ കുരുവാകുന്നു. കച്ചവട സ്ഥാപനങ്ങൾക്ക് മുന്നിൽ നിലവിൽ ഉണ്ടായിരുന്ന പാർക്കിങ് സൗകര്യം നഷ്ടപ്പെട്ടതോടെ വെട്ടിലായത് വ്യാപാരികളാണ്. സ്റ്റാൻഡിൽ ബസുകൾ കയറുന്നതോടെ വ്യാപാരം കൂടുമെന്ന പ്രതീക്ഷയാണ് ഇപ്പോൾ അസ്ഥാനത്തായത്. സ്റ്റാൻഡിൽ സ്വകാര്യ വാഹനങ്ങൾ പാർക്ക് ചെയ്തിരുന്ന സമയത്ത് ഉണ്ടായിരുന്ന കച്ചവടത്തിന്റെ മുക്കാൽ ഭാഗവും നഷ്ടപ്പെട്ടതായാണ് വ്യാപാരികൾ പറയുന്നത്.
പെരിന്തൽമണ്ണ- പട്ടാമ്പി റൂട്ടിൽ സർവിസ് നടത്തുന്ന ബസുകളാണ് ഡിസംബർ 12 മുതൽ സ്റ്റാൻഡിൽ കയറാൻ തുടങ്ങിയത്. അന്നു മുതൽ അന്യ വാഹനങ്ങൾ കയറുന്നത് തടയാൻ കവാടത്തിൽ പൊലീസ് കാവലും ഏർപ്പെടുത്തി. ഇപ്പോൾ അത്യാവശ്യത്തിന് ഒരു സൈക്കിൾ യാത്രക്കാരന് പോലും സ്റ്റാൻഡിൽ കയറാൻ പറ്റാത്ത അവസ്ഥയാണ്. ഇതോടെ സ്വന്തം വാഹനത്തിൽ സ്റ്റാൻഡിലെ കടകളിൽ എത്തിയിരുന്ന ഉപഭോക്താക്കൾ പാർക്കിങ് സൗകര്യമുള്ള സ്ഥാപനങ്ങൾ തേടിപ്പോയി. സ്ഥാപനത്തിന് വാടക നൽകാൻ പോലും എന്ത് ചെയ്യണമെന്ന് അറിയാതെ ഉടമകൾ നെടുവീർപ്പിടുകയാണ്.
പെരിന്തൽമണ്ണ – പട്ടാമ്പി റൂട്ടിലെ ബസുകൾ വന്നു പോവുന്നു എന്നല്ലാതെ സ്റ്റാൻഡിലെ കച്ചവട സ്ഥാപനങ്ങൾക്കും ബസുകൾക്കും നഷ്ടമല്ലാതെ പ്രത്യേകിച്ച് പ്രയോജനം ഒന്നുമില്ലെന്നാണ് പറയുന്നത്. പെരിന്തൽമണ്ണ മൂസക്കുട്ടി സ്റ്റാൻഡ് റോഡ് അറ്റകുറ്റപ്പണി കാരണമുള്ള ഗതാഗത കുരുക്ക്, ചെറുകര റെയിൽവേ ഗേറ്റ് അടവിലും പുളിങ്കാവ്, കട്ടുപ്പാറ, തിരുനാരായണപുരം ഭാഗങ്ങളിലെ പൈപ്പ് ലൈൻ പ്രവൃത്തിയിലും പെട്ടുണ്ടാവുന്ന തിരക്കിലും പെട്ട് സമയ നഷ്ടത്തിന്റെ പേരിൽ മിക്ക ബസുകളും സ്റ്റാൻഡിൽ കയറുന്നില്ല. ഇതോടെ ബസ് എവിടെ നിറുത്തും എന്നറിയാതെ കാത്തു നിൽക്കുന്ന യാത്രക്കാരും നട്ടം തിരിയുകയാണ്.
വ്യാപാരികളുടെ ആശങ്ക അകറ്റാൻ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് വ്യാപാരി വ്യവസായി സമിതി പുലാമന്തോൾ യൂനിറ്റ് സെക്രട്ടറി മനോജ് പഞ്ചായത്ത് അധികാരികൾക്ക് നിവേദനം നൽകി.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
