
Perinthalmanna Radio
Date: 15-01-2023
പെരിന്തൽമണ്ണ: ആർക്കും ആരെയും ആശ്വസിപ്പിക്കാനാവുന്നില്ല. ആഘോഷങ്ങൾ ഉയരേണ്ട വീടും നാടും തരിച്ചിരിക്കുകയാണ്. വിവാഹം കഴിഞ്ഞ് ഭർത്തൃ വീട്ടിലേക്ക് പോകേണ്ടയാളെ ആ സമയം നാടാകെ യാത്രയാക്കിയത് തിരിച്ച് വരവില്ലാത്ത ഇടത്തേക്കായിരുന്നു.
വിവാഹത്തലേന്ന് കുഴഞ്ഞു വീണ് മരിച്ച പാതായ്‌ക്കര സ്കൂൾപടി കിഴക്കേതിൽ ഫാത്തിഫ ബത്തൂലിനെ(19) കാണാൻ നാടാകെയെത്തി. വെള്ളിയാഴ്ച രാത്രി വീട്ടിൽ കൂട്ടുകാരും വീട്ടുകാരുമൊത്ത് ചിത്രമെടുക്കുന്നതിനിടയിലാണ് ഫാത്തിഫ കുഴഞ്ഞുവീണത്.
ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷപ്പെടുത്താനായില്ല. വിവാഹത്തലേന്നത്തെ വിശേഷവസ്ത്രങ്ങൾ ധരിച്ച് അണിഞ്ഞൊരുങ്ങിയ പ്രിയപ്പെട്ടവൾ വീണത് മരണത്തിലേക്കായിരുന്നെന്ന് വിശ്വസിക്കാനാവാത്ത അവസ്ഥയിലാണ് വീട്ടുകാരും നാട്ടുകാരും. രണ്ടാഴ്ച മുൻപാണ് മൂർക്കനാട് സ്വദേശിയുമായി നിക്കാഹ് കഴിഞ്ഞിരുന്നത്. ഇ.എം.എസ്. ആശുപത്രി മോർച്ചറിയിലായിരുന്ന മൃതദേഹം കാണാൻ ആശുപത്രിയിലും ആളുകൾ കൂട്ടമായെത്തിയിരുന്നു.
രാവിലെ പോലീസ് നടപടിക്രമങ്ങൾക്കുശേഷം മഞ്ചേരി മെഡിക്കൽകോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി. വൈകീട്ട് മൂന്നോടെയാണ് മൃതദേഹം വീട്ടിലെത്തിച്ചത്. കല്യാണപ്പന്തലൊക്കെ രാത്രിയിലേ അഴിച്ചുമാറ്റിയിരുന്നു.
സഹപാഠികളും നാട്ടുകാരുമടക്കം നിരവധിയാളുകൾ അന്ത്യാഞ്ജലി അർപ്പിക്കാനെത്തി. പ്രതിശ്രുതവരനും ബന്ധുക്കളുമെത്തിയിരുന്നു. ഫാത്തിഫയും കുടുംബവും മൂന്നുമാസം മുമ്പാണ് പുതിയവീടുവെച്ച് താമസം തുടങ്ങിയത്.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BYcevSuLs0dH5STbBgvWwr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
