
Perinthalmanna Radio
Date: 15-01-2023
പെരിന്തൽമണ്ണ: കോഴിക്കോട് റോഡ് ബൈപാസ് ജംക്ഷനിൽ ട്രാഫിക് സിഗ്നൽ ലൈറ്റിന് വേണ്ടി 8 വർഷം മുൻപ് പൊടിച്ചത് 12 ലക്ഷം. പരീക്ഷണ അടിസ്ഥാനത്തിൽ പേരിന് മാത്രം പ്രവർത്തിപ്പിച്ചത് അല്ലാതെ ഇവ ഉപയോഗമില്ലാതെ തുരുമ്പെടുത്ത് നശിച്ചു. അന്ന് പെരിന്തൽമണ്ണ എംഎൽഎ ആയിരുന്ന മഞ്ഞളാംകുഴി അലിയുടെ ആസ്തി വികസന ഫണ്ടിൽ നിന്നുള്ള തുക ഉപയോഗിച്ചാണ് ഇലക്ട്രോണിക് ട്രാഫിക് സിഗ്നൽ സംവിധാനം സജ്ജമാക്കിയത്.
അക്കാലത്ത് ഇവിടെ ഗതാഗത കുരുക്ക് കുറുവ് ആയിരുന്നു എന്നതാണ് ബന്ധപ്പെട്ടവരുടെ ന്യായം. എന്നാൽ രാഷ്ട്രീയ വടംവലിയും ഇതിന് പിന്നിൽ ഉണ്ടായിരുന്നു എന്നാണ് ജനപക്ഷം.
പുതുതായി മൂസക്കുട്ടി സ്മാരക ബസ് സ്റ്റാൻഡ് തുറക്കുകയും പുതിയ ഗതാഗത പരിഷ്കരണം നടപ്പാക്കുകയും ചെയ്തതോടെ ഈ ജംക്ഷനിൽ കുരുക്ക് ഒഴിഞ്ഞ സമയം ഇല്ലെന്നായി. ടൗണിൽ എത്തുന്ന മിക്കവാറും ബസുകളെല്ലാം ഇതു വഴിയാണ് കടന്നു പോകുന്നത്. ഇവിടെ ഡ്യൂട്ടി എടുക്കുന്ന പൊലീസ് ഉദ്യോഗസ്ഥർ കുരുക്കഴിക്കാനും ഗതാഗത നിയന്ത്രണത്തിനും പൊരി വെയിലിൽ പെടാപ്പാട് പെടുകയാണ്. വാഹനങ്ങൾ പ്രധാന ജംക്ഷനിൽ നിന്ന് കുരുക്കഴിച്ച് എത്തുമ്പോൾ ഇവിടെ വലിയ കുരുക്കാവും.
എന്നിട്ടും തുരുമ്പെടുത്ത് കിടക്കുന്ന പഴയ സിഗ്നൽ ലൈറ്റ് അറ്റകുറ്റപ്പണി നടത്താനോ പുതുക്കി ഉപയോഗിക്കാനോ നടപടിയില്ല. അതിനിടെ ദിവസങ്ങൾക്ക് മുൻപ് രാത്രിയിൽ ചരക്കു വാഹനം മുട്ടി ഇവയിൽ ബൈപാസ് റോഡിലേക്കുള്ള വിളക്കുകാൽ തകർന്നു. ഇത് പിന്നീട് അധികൃതർ എത്തി പിഴുതുമാറ്റി. സിഗ്നൽ സംവിധാനത്തിന്റെ വാർഷിക അറ്റകുറ്റപ്പണി സ്ഥാപിച്ച ഏജൻസി ചെയ്യണം. ഇക്കാലത്തിനിടെ അതും ഉണ്ടായിട്ടില്ല. താലൂക്ക് വികസന സമിതിയിലും ഈ പ്രശ്നം പല തവണ ചർച്ചക്ക് എത്തിയെങ്കിലും ഫലം ഉണ്ടായില്ല.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
