ബാലറ്റ്പെട്ടി കാണാതായ സംഭവം; പെട്ടി അയച്ചത് നശിപ്പിക്കാൻ, രക്ഷപ്പെട്ടത് കഷ്ടിച്ച്

Share to

Perinthalmanna Radio
Date: 18-01-2023

പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ സാമഗ്രികളെന്ന നിലയിൽ നശിപ്പിക്കാനായി മാറ്റിവച്ച പെട്ടിയാണ് കഴിഞ്ഞ ദിവസം നിയമസഭാ തിരഞ്ഞെടുപ്പിലെ സ്പെഷൽ തപാൽ വോട്ടുകളടങ്ങിയ പെട്ടിയാണെന്നു കണ്ടെത്തിയത്. തദ്ദേശ തിരഞ്ഞെടുപ്പിലെയും തൊട്ടു പിന്നാലെ വന്ന നിയമസഭാ തിരഞ്ഞെടുപ്പിലെയും രേഖകൾ പെരിന്തൽമണ്ണ സബ് ട്രഷറിയിൽ ഒരുമിച്ചാണ് സൂക്ഷിച്ചിരുന്നതെന്നും വേണ്ടത്ര പരിശോധന നടത്താതെ കൈമാറിയതാണ് പെട്ടികൾ മാറി പോകാൻ ഇടയാക്കിയതെന്നും കലക്ടർ പറഞ്ഞു.

തദ്ദേശ തിരഞ്ഞെടുപ്പിലെ തർക്കമില്ലാത്ത സാമഗ്രികൾ നശിപ്പിക്കാൻ മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസറുടെ ഉത്തരവ് നേരത്തേ ലഭിച്ചിരുന്നു. ഇതിന്റെ ഭാഗമായാണ് പെരിന്തൽമണ്ണ റിട്ടേണിങ് ഓഫിസറായ സഹകരണ ജോയിന്റ് റജിസ്ട്രാറുടെ ഓഫിസിൽ നിന്ന് ഉദ്യോഗസ്ഥരെത്തി സബ് ട്രഷറിയിൽ നിന്ന് പെട്ടികൾ ഏറ്റുവാങ്ങിയത്.

പെരിന്തൽമണ്ണ നിയമസഭാ തിരഞ്ഞെടുപ്പിന്റെ പെട്ടിക്ക് സബ് ട്രഷറി അധികൃതർ നൽകിയ കോഡ് നമ്പർ 21. പെരിന്തൽമണ്ണ ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പിന്റെ സാമഗ്രികൾ സൂക്ഷിച്ച പെട്ടിക്ക് നൽകിയ നമ്പർ 121. ഇത് കൊടുക്കേണ്ടതിനു പകരം 21-ാം നമ്പർ പെട്ടി നൽകിയതാണ് ‘പെട്ടിവിവാദ’ത്തിന് പിന്നിലെന്നാണ് നിഗമനം. സർക്കാരിന്റെ വിവിധ ഏജൻസികൾ നടത്തിയ അന്വേഷണത്തിലാണ് ഈ മാറിപ്പോകൽ മനസ്സിലാക്കിയത്.

‌സ്‌ട്രോങ്‌റൂമിൽ സൂക്ഷിക്കാൻ കൊണ്ടുവരുന്ന സാമഗ്രികൾ ഓരോന്നിനും കോഡ് നമ്പർ ഇട്ടാണ് ട്രഷറി ഓഫീസർ സൂക്ഷിക്കുക. സാമഗ്രി കൊണ്ടുവരുന്ന ആളിന് ഈ നമ്പർ ചേർത്തുള്ള രസീത് നൽകും. പിന്നീടിത് തിരിച്ചെടുക്കണമെങ്കിൽ ഈ രസീത് കൊണ്ടുവരണം.

തദ്ദേശ സ്ഥാപനങ്ങളിലെ സാമഗ്രികൾ ഇത്തരത്തിൽ ഓഫിസിൽ സൂക്ഷിക്കുന്നതിൽ വീഴ്ചയില്ലെന്ന് കലക്ടർ പറഞ്ഞു. എന്നാൽ പെരിന്തൽമണ്ണ മണ്ഡലത്തിലെ സ്പെഷൽ തപാൽ വോട്ടുകളടങ്ങിയ പെട്ടി എത്രനാൾ ഓഫീസിൽ സൂക്ഷിച്ചു എന്നതിന് കലക്ടർ കൃത്യമായ മറുപടി പറഞ്ഞില്ല.

മുഖ്യ തിരഞ്ഞെടുപ്പ് ഓഫിസർക്കുള്ള റിപ്പോർട്ട് കഴിഞ്ഞ ദിവസം അർധ രാത്രിയോടെ തന്നെ നൽകിയതായി കലക്ടർ പറഞ്ഞു. സംഭവത്തെക്കുറിച്ച് പെരിന്തൽമണ്ണ സബ് കലക്ടർ ശ്രീധന്യ സുരേഷ് നൽകിയ റിപ്പോർട്ട് പരിഗണിച്ചാണ് കലക്ടർ മറുപടി നൽകിയത്.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *