Perinthalmanna Radio
Date: 18-01-2023
മലപ്പുറം: വാഹനങ്ങള്‍ക്ക് രൂപമാറ്റം വരുത്തി മോടിയാക്കിയും സൈലന്‍സറിന് ഘടനാ മാറ്റം വരുത്തി ശബ്ദം കൂട്ടിയും നിരത്തിലിറങ്ങുന്നവരെ പൂട്ടാന്‍ മോട്ടോര്‍ വാഹന വകുപ്പ്. ദേശീയ റോഡ് സുരക്ഷ വാരത്തിന്റെ ഭാഗമായാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറുടെ നിര്‍ദ്ദേശ പ്രകാരം മോട്ടോര്‍ വാഹന വകുപ്പ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗം വാഹനങ്ങളുടെ നിയമലംഘനങ്ങളും സുരക്ഷാ വീഴ്ചകളും കണ്ടെത്താനുള്ള കര്‍ശന പരിശോധന നടത്തിയത്. എയര്‍ഹോണ്‍ ഉപയോഗിക്കുന്ന ബസുകള്‍ ഉള്‍പെടെയുള്ള വാഹനങ്ങള്‍ക്കെതിരെയും നടപടി കര്‍ശനമാക്കിയിട്ടുണ്ട് . വാഹനങ്ങളുടെ സൈലന്‍സര്‍ മിനി പഞ്ചാബി, ലോങ്ങ് പഞ്ചാബി, പുട്ടും കുറ്റി, ഡോള്‍ഫിന്‍,പഞ്ചാബി, റെഡ് ട്രോസ്റ്റ്, സദാ, ജി ഐ പൈപ്പ് എന്നീ പേരുകളില്‍ പ്രചരിക്കുന്ന ഡിസൈനുകളിലേക്ക് മാറ്റിയാണ് അമിത ശബ്ദം പുറപ്പെടുവിക്കുന്നത്. ഇത്തരത്തില്‍ സൈലന്‍സര്‍ രൂപ മാറ്റം വരുത്തിയ 43 ഇരുചക്ര വാഹനങ്ങള്‍ ഉള്‍പ്പെടെ 96 വാഹനങ്ങള്‍ക്കെതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 319750 പിഴ ചുമത്തി.
എന്‍ഫോഴ്‌സ്‌മെന്റ് എം വി ഐ മാരായ പി കെ മുഹമ്മദ് ഷഫീഖ്, ബിനോയ് കുമാര്‍, എ എം വി ഐ മാരായ പി ബോണി, കെ ആര്‍ ഹരിലാല്‍, എബിന്‍ ചാക്കോ, സലീഷ് മേലെപാട്ട്, ഷൂജ മാട്ടട എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലയിലെ ദേശീയ സംസ്ഥാനപാതകള്‍ കേന്ദ്രീകരിച്ച് പരിശോധന നടത്തിയത്. പിഴക്ക് പുറമെ വാഹനം പൂര്‍വസ്ഥിതിയിലാക്കി രജിസ്‌ട്രേഷന്‍ അതോറിറ്റിക്ക് മുമ്പാകെ ഹാജരാക്കുവാന്‍ നിര്‍ദ്ദേശിച്ചിട്ടുമുണ്ട്. വീഴ്ച വരുത്തുന്ന പക്ഷം വാഹനത്തിന്റെ രജിസ്‌ട്രേഷന്‍ റദ്ദാക്കുമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് എംവിഐ പി കെ മുഹമ്മദ് ഷഫീക്ക് പറഞ്ഞു.
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ