സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ടര മാസം; തദ്ദേശ സ്ഥാപനങ്ങൾ ചെലവഴിക്കേണ്ടത് 532 കോടി

Share to

Perinthalmanna Radio
Date: 20-01-2023

മലപ്പുറം: സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ടര മാസം മാത്രം ശേഷിക്കേ ജില്ലയിലെ തദ്ദേശ സ്ഥാപനങ്ങൾ പൂർത്തിയാക്കേണ്ടത് 532 കോടിയുടെ വികസന പദ്ധതികൾ. പദ്ധതി നിർവഹണത്തിൽ സംസ്ഥാനത്ത് ജില്ല ആറാം സ്ഥാനത്താണ്. ഇന്നലെ വരെ 35.43 ശതമാനം പദ്ധതി പ്രവൃത്തികളാണ് തദ്ദേശ സ്ഥാപനങ്ങൾ പൂർത്തിയാക്കിയത്. 2022-23 സാമ്പത്തിക വർഷം 823.02 കോടിയുടെ പദ്ധതികൾ ജില്ലയിൽ പൂർത്തിയാക്കേണ്ടതുണ്ട്. ഇതിൽ 291.6 കോടിയാണ് ഇതുവരെ പൂർത്തിയാക്കിയത്. മാർച്ചിനകം പദ്ധതികൾ പൂർത്തിയാക്കിയില്ലെങ്കിൽ ഫണ്ട് നഷ്ടപ്പെടും. ജനറൽ ഫണ്ടായി ജില്ലയ്ക്ക് അനുവദിച്ച 443.44 കോടിയിൽ 179.58 കോടിയുടെ പദ്ധതികളാണ് ഇതുവരെ നടപ്പാക്കിയത്. 40.5 ശതമാനം ആണിത്. ജനറൽ ഫണ്ടായി 263.58 കോടി രൂപ ചെലവഴിക്കാനുണ്ട്. പട്ടിക ജാതി വിഭാഗങ്ങൾക്കുള്ള 136.74 കോടിയുടെ പദ്ധതിയിൽ 48.85 കോടി രൂപയാണ് ചെലവഴിച്ചത്. 35.73 ശതമാനം മാത്രം. പട്ടിക വർഗ്ഗ പദ്ധതികളിൽ 9.53 കോടി രൂപയിൽ 3.07 കോടി രൂപയും.

ഓടണം ഏറെ ദൂരം

വിവിധ പദ്ധതികൾക്കായി ജില്ലാ പഞ്ചായത്ത് 100.36 കോടി വകയിരുത്തിയപ്പോൾ 31.04 കോടി രൂപ മാത്രമാണ് ചെലവിട്ടത്. ജനറൽ പദ്ധതികൾക്കുള്ള 53.88 കോടിയിൽ 19.94 കോടി രൂപ മാത്രമാണ് ചെലവഴിച്ചത്. എസ്.സി പദ്ധതികൾക്കുള്ള 23.27 കോടിയിൽ 5.94 കോടിയും. സാമ്പത്തിക വർഷം അവസാനിക്കാൻ രണ്ടര മാസം മാത്രം ശേഷിക്കേ ചെലവഴിക്കാൻ മുന്നിലുള്ളത് വലിയൊരു തുകയാണ്.

50 ശതമാനത്തിന് മുകളിൽ തുക ചെലവഴിച്ചിട്ടുള്ളത് ആറ് തദ്ദേശസ്ഥാപനങ്ങൾ മാത്രമാണ്. വേങ്ങര, ചെറിയമുണ്ടം, മക്കരപ്പറമ്പ, ഊരകം, വട്ടംകുളം, തലക്കാട് ഗ്രാമപഞ്ചായത്തുകളാണിവ. 59.78 ശതമാനവുമായി വേങ്ങര ഗ്രാമപഞ്ചായത്താണ് മുന്നിൽ. ബ്ലോക്ക് പഞ്ചായത്തുകളുടെ ലിസ്റ്റിൽ വേങ്ങരയാണ് മുന്നിൽ. 49.02 ശതമാനം തുക ചെലവഴിച്ചു. നഗരസഭകളുടെ പദ്ധതി നിർവഹണത്തിൽ മുന്നിലുള്ള വളാഞ്ചേരി 44.2 ശതമാനം തുക ചെലവഴിച്ചിട്ടുണ്ട്. താനൂർ – 41.7 ശതമാനവുമായി തൊട്ടുപിന്നിലുണ്ട്. പദ്ധതി നിർവഹണത്തിൽ ഏറ്റവും പിന്നിലുള്ളത് നിലമ്പൂർ നഗരസഭയാണ്. 9.55 കോടിയിൽ 2.05 കോടി മാത്രം ചെലവിട്ട് പദ്ധതി നിർവഹണത്തിൽ 21.47 ശതമാനമാണ് കൈവരിച്ചത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *