പോപ്പുലർ ഫ്രണ്ട് ഹർത്താൽ; ജില്ലയിൽ കണ്ടുകെട്ടിയത് 89 വസ്തുക്കൾ

Share to

Perinthalmanna Radio
Date: 22-01-2023

മലപ്പുറം: ഹർത്താൽ നഷ്ടം ഈടാക്കാനായി പോപ്പുലർ ഫ്രണ്ട് ഓഫ് ഇന്ത്യ നേതാക്കളുടെ സ്വത്ത് കണ്ടുകെട്ടൽ നടപടിയുടെ ആദ്യഘട്ടം ജില്ലയിൽ ശനിയാഴ്ച പൂർത്തിയായി. നഷ്ടപരിഹാരം ഈടാക്കാനായി തയ്യാറാക്കിയ പട്ടികപ്രകാരമുള്ള 89 വസ്തുവകകളിലും നോട്ടീസ് പതിച്ചതായി റവന്യൂ റിക്കവറി വിഭാഗം പറഞ്ഞു. ഏഴു താലൂക്കുകളിലുമായി ജില്ലയിൽ 126 സ്ഥാവരജംഗമ വസ്തുക്കളാണ് കണ്ടുകെട്ടാനുണ്ടായിരുന്നത്. എന്നാൽ ഇതിൽ 37 എണ്ണത്തിൽ സ്വന്തമായി സ്വത്തുവകകൾ ഇല്ലാത്തതിനാൽ നടപടി പൂർത്തീകരിക്കാനായില്ല.

ഹൈക്കോടതി ഉത്തരവിനെത്തുടർന്നാണ് സംസ്ഥാനസർക്കാർ റവന്യൂ റിക്കവറി നടപടിയിലേക്ക് നീങ്ങിയത്. സംസ്ഥാനത്ത് ഏറ്റവുംകൂടുതൽ കണ്ടുകെട്ടൽ നടപടികളുള്ളത് മലപ്പുറത്താണ്. ഇതിൽ തിരൂർ താലൂക്കിലാണ് കൂടുതൽ നടപടി. മറ്റ് താലൂക്കുകളിൽ വെള്ളിയാഴ്ചയും ശനിയാഴ്ച രാവിലെയുമായി കണ്ടുകെട്ടൽ പൂർത്തിയാക്കി. തിരൂരിൽ ശനിയാഴ്ച വൈകീട്ടോടെയാണ് അവസാനിച്ചത്. തഹസിൽദാരുമാരുടെ നിർദേശപ്രകാരം വില്ലേജ് ഓഫീസ് അധികൃതരാണ് നടപടികൾ പൂർത്തിയാക്കിയത്. കണ്ടുകെട്ടൽ നടപടി സംബന്ധിച്ച റിപ്പോർട്ട് സർക്കാരിന് കൈമാറിയതായി റവന്യൂ റിക്കവറി വിഭാഗം ഡെപ്യൂട്ടി കളക്ടർ എം.സി. റെജിൽ അറിയിച്ചു.

ജില്ലയിൽ ചിലയിടങ്ങളിൽ ആളുമാറി സ്വത്ത് കണ്ടുകെട്ടിയതായി പരാതി. എടരിക്കോട് അഞ്ചാംവാർഡിൽ ആളുമാറി ലീഗ് നേതാവിന്റെ വീട്ടിൽ കണ്ടുകെട്ടൽ നോട്ടീസ് പതിച്ചു. ലീഗ് പ്രാദേശികനേതാവും എടരിക്കോട് പഞ്ചായത്തംഗവുമായ സി.ടി. അഷ്‌റഫിന്റെ വീടുൾപ്പെടുന്ന സ്ഥലത്താണ് ജപ്തി നടപടി.

നടപടിക്കെത്തിയ വില്ലേജ് ഓഫീസർ ഉൾപ്പെടെയുള്ള റവന്യൂ സംഘത്തോട് കുടുംബം കാര്യങ്ങൾ വിശദീകരിച്ചെങ്കിലും അവർക്കുകിട്ടിയ വിലാസവും സർവേനമ്പറും അതുതന്നെയായതിനാൽ നോട്ടീസ് പതിച്ചുമടങ്ങി. ഇതേ പേരും വീട്ടുപേരുമുള്ള മറ്റൊരാളുണ്ടെന്നും ഈ സാമ്യം കൊണ്ടാണ് നടപടിയെന്നും മനസ്സിലാക്കുന്നതായി സി.ടി. അഷ്‌റഫ് പറഞ്ഞു. തെറ്റായ നടപടിക്കെതിരേ തഹസിൽദാർക്ക് പരാതി നൽകുന്നതുൾപ്പെടെ നിയമനടപടികൾ സ്വീകരിക്കുമെന്നും അഷ്‌റഫ് പറഞ്ഞു.

കോട്ടയ്ക്കൽ ആമപ്പാറയിലെ കോൺഗ്രസ് പ്രവർത്തകനായ പുളിക്കൽ ഫൈസലാണ് മറ്റൊരു പരാതിക്കാരൻ. ഫൈസലിന്റെ വീടും 14 സെന്റ് സ്ഥലവുമാണ് കണ്ടുകെട്ടുന്നതായി നോട്ടീസ് പതിച്ചത്. ഫൈസൽ ജില്ലാ പോലീസ് മേധാവിക്കും കളക്ടർക്കും പരാതി നൽകി. പേരിന്റെ സാമ്യമാണ് ഇവിടെയും പ്രശ്‌നമെന്നാണ് കരുതുന്നത്.

കോട്ടയ്ക്കൽ പുലിക്കോട്ടെ വടക്കേതിൽ മജീദും പരാതിയുമായി രംഗത്തുവന്നു. തനിക്കെതിരേ വല്ല കേസുകളുമുണ്ടോ എന്നറിയാൻ വിവരാവകാശ നിയമപ്രകാരം പോലീസിനെ സമീപിച്ചിട്ടുണ്ട് അദ്ദേഹം.

പെരിന്തൽമണ്ണ താലൂക്കിൽ അങ്ങാടിപ്പുറം വില്ലേജിൽ 18-ാം വാർഡിൽ പുത്തനങ്ങാടിയിലും റവന്യൂ അധികൃതർ വീട് മാറി നോട്ടീസ് പതിച്ചെന്ന് പരാതി. പോപ്പുലർ ഫ്രണ്ട് ബ്രാഞ്ച് പ്രസിഡന്റ് ഇടുപൊടിയൻ അലി, ബ്രാഞ്ച് സെക്രട്ടറി ഹംസ എന്നിവരുടെ പേരിലുള്ള നോട്ടീസാണ് ഒരേ പേരുകളും കുടുംബപ്പേരുമുള്ള മറ്റു രണ്ടുപേരുടെ വീട്ടിൽ പതിച്ചത്.

നോട്ടീസ് പതിച്ച വീടിന്റെ ഉടമയായ ഹംസ പി.എഫ്.ഐ. നേതാവ് ഹംസയുടെ അയൽവാസിയാണ്. ഹർത്താൽ നടക്കുമ്പോൾ ഹംസ വിദേശത്തായിരുന്നു. നാലുമാസം മുൻപാണ് നാട്ടിലെത്തിയത്. ഇപ്പോൾ ഓട്ടോ ഡ്രൈവറായി ജോലിചെയ്യുകയാണ്. രണ്ട് ഹംസമാരുടേയും പിതാവിന്റെ പേര് ഒന്നാണ്. വ്യക്തികളുടെ പേരുകളും കുടുംബപ്പേരും പിതാവിന്റെ പേരും സമാനമായതാണ് ആശയക്കുഴപ്പമുണ്ടാക്കിയത്. പി.എഫ്.ഐ. നേതാവായ അലിയുടെ വീട് നോട്ടീസ് പതിച്ച അലിയുടെ വീട്ടിൽനിന്ന് അരക്കിലോമീറ്റർ ദൂരെയാണ്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *