ബാലറ്റുകൾ അടങ്ങിയ വോട്ടുപെട്ടി മാറ്റിയ ദിവസത്തെച്ചൊല്ലിയും വിവാദം

Share to

Perinthalmanna Radio
Date: 22-01-2023

പെരിന്തൽമണ്ണ: ബ്ലോക്ക് പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ നശിപ്പിക്കാൻ നിർദേശിച്ച വോട്ടിങ് സാമഗ്രികൾ മലപ്പുറം സഹകരണ ജോയിന്റ് റജിസ്‌ട്രാർ (ജനറൽ) ഓഫിസിലേക്ക് മാറ്റിയത് പെരിന്തൽമണ്ണ സബ് ട്രഷറിയിലെ ഏറെ തിരക്കേറിയ ദിവസം. സ്ട്രോങ് റൂമിന്റെ ചുമതലയുള്ളവരിൽ സബ് ട്രഷറി ഓഫിസർ ഒരു തെളിവെടുപ്പിന്റെ തിരക്കിലും 2 അക്കൗണ്ടന്റുമാരിൽ ഒരാൾ അവധിയിലുമായ ദിവസമാണ് പെട്ടി മാറ്റിയത്. ഇതു മൂലമുണ്ടായ അശ്രദ്ധയാണോ അതോ അട്ടിമറിയുടെ ഭാഗമായി ഇത്തരമൊരു ദിവസം തിരഞ്ഞെടുത്ത് നടത്തിയ ആസൂത്രണമാണോ സംഭവത്തിനു പിന്നിലെന്നാണ് ഇനി അന്വേഷണത്തിൽ വ്യക്തമാകാനുള്ളത്.

2022 ഫെബ്രുവരി 10ന് ആണ് പെട്ടി മാറ്റം നടന്നത്. ഹൈക്കോടതി നിർദേശപ്രകാരം കുടുംബശ്രീ സിഡിഎസ് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട തെളിവെടുപ്പും അന്ന് സബ് ട്രഷറിയിലുണ്ടായിരുന്നു.  സിഡിഎസ് തിരഞ്ഞെടുപ്പിന്റെ മുഖ്യ വരണാധികാരി കൂടിയായിരുന്ന സബ് ട്രഷറി ഓഫിസറാകട്ടെ അതിന്റെ ഭാഗമായി 23 പേരെ വിസ്തരിക്കുന്ന തിരക്കിലും. ട്രഷറി ഓഫിസർക്കും അക്കൗണ്ടന്റിനും മാത്രമേ മുറികക്കകത്ത് കയറാനും സാധനസാമഗ്രികൾ പുറത്തെടുക്കാനും അധികാരമുള്ളൂ.

പെൻഷൻ ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി മാസത്തിൽ പതിനായിരത്തിലേറെ പേർ പെരിന്തൽമണ്ണ സബ് ട്രഷറിയെ ആശ്രയിക്കുന്നുണ്ട്. പതിവായുള്ള ഈ തിരക്കിനു പുറമേയാണ് അന്നത്തെ പ്രത്യേക സാഹചര്യവുമുണ്ടായത്.

അന്ന് ചുമതലയിൽ ഉണ്ടായിരുന്ന സബ് ട്രഷറി ഓഫിസർ എൻ.സതീഷ് കുമാർ, സീനിയർ അക്കൗണ്ടന്റ് എസ്.രാജീവ് എന്നിവർ നിലവിൽ സസ്പെൻഷനിലാണ്. 2 പേരും അന്വേഷണവും നേരിടുന്നു. ട്രഷറി ഡയറക്‌ടറുടെ പ്രാഥമികാന്വേഷണത്തിന്റെ ഭാഗമായാണ് സസ്പെൻഷൻ. തിരഞ്ഞെടുപ്പ് കമ്മിഷൻ നടപടികളുടെ ഭാഗമായി കലക്‌ടർ ഇരുവർക്കും കാരണം കാണിക്കൽ നോട്ടിസ് നൽകിയിട്ടുണ്ട്. ഒരാഴ്ച സമയമുള്ളതിനാൽ ഇതുവരെ മറുപടി നൽകിയിട്ടില്ല. മറുപടി ലഭിച്ച ശേഷമേ അന്വേഷണത്തിൽ തുടർ നടപടികളുണ്ടാകൂ. പെട്ടി കൊണ്ടു പോകാൻ വന്ന സംഘത്തിൽ ബന്ധപ്പെട്ട ജീവനക്കാർ മാത്രമല്ല പുറമേ നിന്ന് എത്തിച്ച കൂലിക്കാരും ഉണ്ടായിരുന്നതായാണു വിവരം.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *