കെട്ടിട നികുതി 5% കൂട്ടും; ഏപ്രിൽ മുതൽ പ്രാബല്യം

Share to

Perinthalmanna Radio
Date: 23-01-2023

സംസ്ഥാനത്ത് തദ്ദേശ സ്ഥാപനങ്ങൾ വർഷംതോറും ഈടാക്കുന്ന കെട്ടിടനികുതി ഏപ്രിൽ മുതൽ 5% കൂടും. അഞ്ചു വർഷത്തിലൊരിക്കൽ 25% എന്ന തോതിൽ കൂട്ടിയിരുന്ന കെട്ടിടനികുതി ഇനിമുതൽ വർഷംതോറും 5% വീതം കൂട്ടാനുള്ള തീരുമാനത്തിന്റെ തുടക്കമാണിത്. തദ്ദേശസ്ഥാപനങ്ങളിൽ സമർപ്പിച്ച കെട്ടിടപ്ലാനിൽനിന്നു വ്യത്യസ്തമായി പിന്നീടു നടത്തിയ അനുബന്ധ നിർമാണങ്ങൾകൂടി അളന്നു തിട്ടപ്പെടുത്തി നികുതി പുനർനിർണയിക്കാനുള്ള സർക്കാർ വിജ്ഞാപനം ഈയാഴ്ച പുറത്തിറങ്ങും.

അനുബന്ധ നിർമാണങ്ങൾ കണ്ടെത്താൻ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വാർഡ് തോറും വിവരശേഖരണം ആലോചനയിലുണ്ട്. ഗ്രാമസഭകളും വാർഡ് സഭകളും വിളിച്ചുകൂട്ടി ജനങ്ങളെ ബോധ്യപ്പെടുത്തിയാകും നടപടി. ആവശ്യമെങ്കിൽ അതതു തദ്ദേശസ്ഥാപന പരിധിയിലെ എൻജിനീയറിങ് ബിരുദധാരികളുടെ സഹായവും തേടും.

സംസ്ഥാനത്ത് വർഷം 2600 കോടി രൂപയിലേറെയാണു കെട്ടിടനികുതി വഴിയുള്ള വരുമാനം. 5% വർധിപ്പിക്കുമ്പോൾ 130 കോടി രൂപ അധിക വരുമാനം പ്രതീക്ഷിക്കുന്നു. അധികനിർമാണങ്ങൾ കൂടി കണ്ടെത്തി നികുതി പുനർനിർണയിച്ചാൽ വരുമാനം കാര്യമായി കൂടുമെന്നാണു വിലയിരുത്തൽ. കോഴിക്കോട് മണിയൂർ പഞ്ചായത്തിൽ ഇത്തരത്തിൽ നികുതി പുനർനിർണയിച്ചിരുന്നു.

കെട്ടിടനികുതിയെന്നു പൊതുവായി പറയപ്പെടുന്ന വസ്തുനികുതി (പ്രോപ്പർട്ടി ടാക്സ്) 5% കൂട്ടുമ്പോൾ വീടുകൾക്കും സ്ഥാപനങ്ങൾക്കും നികുതി കൂടും. വീടുകൾക്കു പഞ്ചായത്തുകളിൽ ചതുരശ്ര മീറ്ററിന് (ഏകദേശം 10 ചതുരശ്ര അടി) 3–4 രൂപയും നഗരസഭകളിൽ 6–20 രൂപയുമാണു നിരക്ക്.

വസ്തുനികുതി ഇതിനുമുൻപു പരിഷ്കരിച്ചത് 2011ലാണ്. തുടർന്ന് 2016ൽ മുൻവിജ്ഞാപനത്തിന് 5 വർഷത്തെ പ്രാബല്യം കൂടി നൽകി. ഇതിന്റെ കാലാവധി 2021ൽ പൂർത്തിയായി. അഞ്ചുവർഷത്തിലൊരിക്കൽ നികുതി കൂട്ടുന്ന രീതിക്കു പകരം വർഷംതോറും 5% വീതം കൂട്ടണമെന്ന സംസ്ഥാന ധനകാര്യ കമ്മിഷൻ ശുപാർശ സർക്കാർ നേരത്തേ അംഗീകരിച്ചിരുന്നു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *