
Perinthalmanna Radio
Date: 24-01-2023
പെരിന്തൽമണ്ണ: സിവില്‍ സര്‍വ്വീസ് മെയിന്‍സ് പരീക്ഷ പാസായി കൂടിക്കാഴ്ചക്ക് കാത്തിരിക്കുന്ന ഉദ്യോഗാര്‍ത്ഥികള്‍ക്കായി പെരിന്തല്‍മണ്ണ ഹൈദരലി ശിഹാബ് തങ്ങള്‍ അക്കാദമി ഫോര്‍ സിവില്‍ സര്‍വ്വീസസിൻ്റെ ആഭിമുഖ്യത്തില്‍ നടക്കുന്ന ദ്വിദിന പരിശീലന പരിപാടിക്ക് തിരുവനന്തപുരം മാസ്ക്കറ്റ് ഹോട്ടലില്‍ തുടക്കമായി. പേഴ്സണാലിറ്റി ടെസ്റ്റ് എന്ന പേരിലാണ് പ്രത്യേക മോക്ക് ഇന്‍റര്‍വ്യൂ സംഘടിപ്പിക്കുന്നത്. കേരളത്തിലെ വിവിധ ജില്ലകളില്‍ നിന്നുള്ള ഉദ്യോഗാര്‍ത്ഥികളാണ് ദ്വിദിന പരിശീലന പരിപാടിയില്‍ പങ്കെടുക്കുന്നത്. നേരത്തെ രജിസ്റ്റര്‍ ചെയ്ത ഉദ്യോഗാര്‍ത്ഥികള്‍ക്ക് വേണ്ടിയാണ് പേഴ്സനാലിറ്റി ടെസ്റ്റ് നടത്തുന്നത്.
നജീബ് കാന്തപുരം എം.എല്‍.എ പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തില്‍ നടപ്പാക്കുന്ന വിദ്യാഭ്യാസ പദ്ധതിയായ ക്രിയയുടെയും മുദ്ര എഡ്യുക്കേഷണല്‍ ആന്‍റ് ചാരിറ്റബ്ള്‍ ഫൗണ്ടേഷന്‍റെയും നേതൃത്വത്തില്‍ പെരിന്തല്‍മണ്ണയില്‍ പ്രവര്‍ത്തനമാരംഭിച്ച ഹൈദരലി ശിഹാബ് തങ്ങള്‍ അക്കാദമി ഫോര്‍ സിവില്‍ സര്‍വ്വീസസാണ് മോക്ക് ഇന്‍ര്‍വ്യൂ സംഘടിപ്പിക്കുന്നത്. ഹൈദരലി ശിഹാബ് തങ്ങള്‍ സിവില്‍ സര്‍വ്വീസ് അക്കാദമിയും പൂര്‍ണ്ണമായും സൗജന്യമായാണ് സിവില്‍ സര്‍വ്വീസ് തല്‍പ്പരരായ കുട്ടികള്‍ക്ക് റസിഡന്‍ഷ്യല്‍ സൗകര്യങ്ങളോടെയുള്ള പരിശീലനം നല്‍കുന്നത്. കാസര്‍ഗോഡ് മുതല്‍ തൃശൂര്‍ വരെയുള്ള ഏഴു ജില്ലകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണ് അക്കാദമിയില്‍ പഠിക്കുന്നത്. വിവിധ പരീക്ഷകള്‍ നടത്തിയാണ് വിദ്യാര്‍ത്ഥികള്‍ക്ക് അക്കാദമിയില്‍ പ്രവേശനം നല്‍കുന്നത്.
ആദ്യ ദിനത്തില്‍ മുന്‍ ചീഫ് സെക്രട്ടറിയും കേരള സ്റ്റേറ്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഒാഫ് മാനേജ്മെന്‍റ് ഡയറക്ടറും മുന്‍ യു.പി.എസ്.സി അംഗവുമായ കെ. ജയകുമാര്‍, കേന്ദ്ര സാംസ്ക്കാരിക വകുപ്പ് ഡെപ്യൂട്ടി സെക്രട്ടറിയും കാശ്മീരില്‍ നിന്നുള്ള സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥനുമായ ഷാ ഫൈസല്‍ ഐ.എ.എസ്, കുടുംബശ്രീ എക്സിക്യൂട്ടീവ് ഡയറക്ടര്‍ ജാഫര്‍ മാലിക് ഐ.എ.എസ്,
നാഷണല്‍ അക്കാദമി ഫോര്‍ ഇന്ത്യന്‍ റെയില്‍വെസ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ മോഹന്‍ മേനോന്‍ ഐ.ആര്‍.പി.എസ് തുടങ്ങിയവര്‍ മോക്ക് ഇന്‍റര്‍വ്യൂവിന് നേതൃത്വം നല്‍കി. ഡോ. ശശി തരൂര്‍ എം.പി. പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ എന്നിവര്‍ ഉദ്യോഗാര്‍ത്ഥികളുമായി സംവദിച്ചു. നജീബ് കാന്തപുരം എം.എല്‍.എ, മുദ്ര എഡ്യൂക്കേഷണല്‍ ആന്‍റ് ചാരിറ്റബ്ള്‍ ഫൗണ്ടേഷന്‍ ഡയറക്ടര്‍ ഡോ. പി. ഉണ്ണീന്‍, ഹൈദരലി ശിഹാബ് തങ്ങള്‍ അക്കാദമി ഫോര്‍ സിവില്‍ സര്‍വ്വീസസ് ഡയറക്ടര്‍ കെ. സംഗീത് തുടങ്ങിയവര്‍ സംസാരിച്ചു.
ബുധനാഴ്ച നടക്കുന്ന പരിശീലന പരിപാടിക്ക് മുഹമ്മദ് ഹനീഷ് ഐ.എ.എസ്., ഗോപാലകൃഷ്ണന്‍ ഐ.എ.എസ്., പി.ബി. സലീം ഐ.എ.എസ്., ദിവ്യ എസ്. അയ്യര്‍ ഐ.എ.എസ്., വിഘ്നേശ്വരി ഐ.എ.എസ്., കെ.എസ്. അഞ്ജു ഐ.എ.എസ്., ജീവന്‍ ബാബു ഐ.എ.എസ്., ഡോ. വിനയ് ഗോയല്‍ ഐ.എ.എസ്., അരുണ്‍ വിജയന്‍ ഐ.എ.എസ് തുടങ്ങിയവര്‍ പങ്കെടുക്കും.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
