
Perinthalmanna Radio
Date: 30-01-2023
പെരിന്തൽമണ്ണ: തപാൽ ബാലറ്റുകൾ കാണാതായതിനെത്തുടർന്ന് പുതിയ വഴിത്തിരിവിലേക്കെത്തിയ പെരിന്തൽമണ്ണ നിയമസഭാ തിരഞ്ഞെടുപ്പ് കേസ് തിങ്കളാഴ്ച വീണ്ടും ഹൈക്കോടതി പരിഗണിക്കും. പുതിയ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തിൽ ഹൈക്കോടതിയുടെ തീരുമാനമറിയാൻ കാത്തിരിക്കുകയാണ് ഇരുമുന്നണികളും.
പെരിന്തൽമണ്ണ സബ്ട്രഷറിയിലെ സ്ട്രോങ് റൂമിൽ സൂക്ഷിച്ചിരുന്ന പ്രത്യേക തപാൽ വോട്ടുകൾ അടങ്ങിയ പെട്ടി കാണാതായത് അതിഗൗരവതരമെന്നാണ് 17-ന് കേസ് പരിഗണിച്ച കോടതി അഭിപ്രായപ്പെട്ടത്. കേസിൽ തിരഞ്ഞെടുപ്പ് കമ്മിഷനെയും സബ്കളക്ടറെയും കക്ഷിചേർക്കാനും കോടതി നിർദേശിച്ചിരുന്നു. തപാൽ ബാലറ്റ് അടക്കമുള്ള നിർണായകരേഖകളടങ്ങിയ ഇരുമ്പുപെട്ടിയിൽനിന്ന് സാധുവായ 482 തപാൽ ബാലറ്റുകൾ കാണാതായതായും സബ്കളക്ടർ കോടതിക്ക് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു. ഇതോടെ തിരഞ്ഞെടുപ്പ് ഹർജിയിൽ കോടതി തീരുമാനം നിർണായകമായി.
38 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച യു.ഡി.എഫ്. എം.എൽ.എ. നജീബ് കാന്തപുരത്തിന്റെ വിജയം ചോദ്യംചെയ്ത് ഇടതുമുന്നണി സ്ഥാനാർഥി കെ.പി.എം. മുസ്തഫയാണ് കോടതിയെ സമീപിച്ചത്. സാങ്കേതിക കാരണങ്ങളാൽ മാറ്റിവെച്ച 348 പ്രത്യേക തപാൽ വോട്ടുകൾ എണ്ണണമെന്നും ആവശ്യപ്പെട്ടാണ് മുസ്തഫ കോടതിയെ സമീപിച്ചത്. ഈ മാസം 16-ന് കേസുമായി ബന്ധപ്പെട്ട രേഖകളും ബാലറ്റുകളും ഹൈക്കോടതിയിൽ എത്തിക്കുന്നതിനായി സബ്ട്രഷറി സ്ട്രോങ് റൂം തുറന്ന് പെട്ടികൾ പരിശോധിച്ചപ്പോഴാണ് പ്രത്യേക തപാൽ വോട്ടുകൾ അടങ്ങിയ ഒരു പെട്ടി കാണാതായതായി അറിയുന്നത്. അന്വേഷണത്തിൽ ഇത് മലപ്പുറത്തുള്ള സഹകരണ ജോയിന്റ് രജിസ്ട്രാറുടെ ഓഫീസിൽ കണ്ടെത്തി. ഓഫീസിന്റെ ഒരു മൂലയിൽ കൂട്ടിയിട്ട നിലയിലാണ് പെട്ടിയിലെ രേഖകൾ കണ്ടെത്തിയതെന്നും സബ്കളക്ടർ നൽകിയ റിപ്പോർട്ടിൽ പറയുന്നു.
പെരിന്തൽമണ്ണ ബ്ലോക്ക്പഞ്ചായത്ത് തിരഞ്ഞെടുപ്പിലെ പെട്ടികളും സബ്ട്രഷറിയിൽ സൂക്ഷിച്ചിരുന്നു. ഈ തിരഞ്ഞെടുപ്പിന്റെ വരണാധികാരിയായിരുന്ന സഹകരണ ജോയിന്റ് രജിസ്ട്രാറുടെ ഓഫീസിലേക്ക് ബ്ലോക്കിലെ സാമഗ്രികൾ നശിപ്പിക്കാൻവേണ്ടി കൊണ്ടുപോയപ്പോൾ 121-ാം നമ്പറിലുള്ള പെട്ടിക്ക് പകരം 21-ാം നമ്പർ പെട്ടിയാണ് കൊടുത്തുവിട്ടത്. സംഭവത്തെത്തുടർന്ന് സബ്ട്രഷറി ഓഫീസർ എൻ. സതീഷ്കുമാർ, സീനിയർ അക്കൗണ്ടന്റ് എസ്. രാജീവ്, സഹകരണ ജോയിന്റ് രജിസ്ട്രാർ എസ്. പ്രബിത്ത്, സീനിയർ ഇൻസ്പെക്ടർ സി.എൻ. പ്രതീഷ് എന്നിവരോട് ജില്ലാ വരണാധികാരിയായ കളക്ടർ വിശദീകരണം തേടിയിരുന്നു. കൊണ്ടുപോയപ്പോൾ അബദ്ധത്തിൽ പെട്ടി മാറിപ്പോകുകയായിരുന്നുവെന്നാണ് ഇവർ നൽകിയ വിശദീകരണം.
ഇതിനിടെ സബ്ട്രഷറി ഉദ്യോഗസ്ഥരെ സസ്പെൻഡ്ചെയ്തു. 482 തപാൽ വോട്ടുകൾ കാണാതായ സംഭവത്തിൽ ജില്ലാ വരണാധികാരി കൂടിയായ കളക്ടർ വി.ആർ. പ്രേംകുമാർ ജില്ലാ പോലീസ് മേധാവിക്ക് നൽകിയ പരാതിയിൽ 26-ന് പെരിന്തൽമണ്ണ പോലീസ് കേസെടുത്തു. സംഭവത്തിനുപിന്നിൽ അട്ടിമറിയുണ്ടെന്നും സമഗ്ര അന്വേഷണം വേണമെന്നും ഇരു സ്ഥാനാർഥികളും മുന്നണികളും ആവശ്യപ്പെട്ടിട്ടുണ്ട്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
