
Perinthalmanna Radio
Date: 31-01-2023
മലപ്പുറം: കലക്ടറേറ്റിലെ ജീവനക്കാരുടെ ഹാജർ ബയോമെട്രിക് പഞ്ചിങ് സംവിധാനത്തിലേക്കു മാറുന്നതിന്റെ ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ. പഞ്ചിങ് മെഷീനുകൾ സ്ഥാപിച്ചു ട്രയൽ റൺ തുടങ്ങി. കലക്ടറേറ്റിലുള്ള 90 ശതമാനം ജീവനക്കാരുടെയും ആധാർ അധിഷ്ഠിത ഡേറ്റാബേസ് തയാറാക്കിയിട്ടുണ്ട്. കലക്ടർ അനുമതി നൽകുന്നതോടെ ഫെബ്രുവരി ആദ്യവാരത്തോടെ പഞ്ചിങ് ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. കഴിഞ്ഞ 3 മുതൽ സർക്കാർ ഓഫിസുകളിൽ ബയോമെട്രിക് പഞ്ചിങ് സംവിധാനം ആരംഭിക്കുമെന്നാണു പറഞ്ഞിരുന്നത്. ഒരുക്കങ്ങൾ പൂർത്തിയാവാത്തതിനാൽ വൈകുകയായിരുന്നു.
കോവിഡിനു മുൻപ് കലക്ടറേറ്റിൽ പഞ്ചിങ് സംവിധാനം നിലവിലുണ്ടായിരുന്നെങ്കിലും ആധാറുമായി ബന്ധിപ്പിച്ചിരുന്നില്ല. പുതിയ സംവിധാനം നിലവിൽ വരുന്നതോടെ ജീവനക്കാരുടെ ഹാജരും ശമ്പളവുമായി ബന്ധിപ്പിക്കും. പഞ്ചിങ് കണക്ടിവിറ്റി, പഞ്ചിങ് കാർഡ് എന്നിവ കെൽട്രോണാണു സജ്ജീകരിക്കുന്നത്. ഡേറ്റാബേസിൽ പേരും മറ്റു വിവരങ്ങളും ചേർത്ത് റജിസ്റ്റർ ചെയ്യുന്നതിനായി നാഷനൽ ഇൻഫർമാറ്റിക്സ് സെന്റർ (എൻഐസി) ജീവനക്കാർക്ക് പരിശീലനം നൽകിയിട്ടുണ്ട്.
മറ്റുള്ള ഓഫിസുകളിൽ തുടങ്ങാൻ വൈകും
കലക്ടറേറ്റിലെ ജീവനക്കാരുടെ ബയോമെട്രിക് പഞ്ചിങ് മാത്രമാണു തുടങ്ങുന്നത്. മറ്റുള്ള ഓഫിസുകളിൽ പഞ്ചിങ് തുടങ്ങാൻ ഇനിയും വൈകും. ഇതിനുള്ള പ്രാഥമിക നടപടികൾപോലും പല വകുപ്പുകളും തുടങ്ങിയിട്ടില്ല. അതേസമയം മാർച്ച് 31ന് അകം എല്ലാ സർക്കാർ ഓഫിസുകളിലും ബയോമെട്രിക് പഞ്ചിങ് സംവിധാനം നടപ്പാക്കണമെന്നാണു സർക്കാർ നിർദേശം.സിവിൽ സ്റ്റേഷനിലെ എല്ലാ ഓഫിസുകളിലും ആധാർ അധിഷ്ഠിത സ്പാർക് ബന്ധിത ബയോമെട്രിക് അറ്റൻഡൻസ് സംവിധാനം ഒരുക്കുന്നതിന് പ്ലാൻ ഫണ്ടിൽനിന്ന് രണ്ടു മാസം മുൻപ് 18,56,714 രൂപ അനുവദിച്ചിരുന്നു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
