
Perinthalmanna Radio
Date: 02-02-2023
പെരിന്തൽമണ്ണ മണ്ഡലത്തിലെ പോസ്റ്റൽ ബാലറ്റ് അടക്കമുള്ള രേഖകളടങ്ങിയ ഇരുമ്പ് പെട്ടിയിൽ നിന്ന് 482 പോസ്റ്റൽ വോട്ടുകൾ കാണാതായ സംഭവത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷന്റെ മേൽനോട്ടത്തിൽ അന്വേഷണം ആവശ്യപ്പെടുന്ന നജീബ് കാന്തപുരത്തിന്റെ പുതിയ ഹർജിയിൽ ഹൈക്കോടതി കമ്മിഷന്റെ നിലപാട് തേടി. തിരഞ്ഞെടുപ്പ് കമ്മിഷനെ കക്ഷിചേർത്ത് അന്വേഷണത്തിന് നിർദേശിക്കണം എന്നാണ് ഹർജിയിലെ ആവശ്യം. ഏഴ് ദിവസത്തിനുള്ളിൽ നിലപാട് അറിയിക്കാനാണ് ജസ്റ്റിസ് എ. ബദറുദ്ദീൻ നിർദേശിച്ചിരിക്കുന്നത്. ഹർജി 10-ന് വീണ്ടും പരിഗണിക്കും.
നജീബ് കാന്തപുരത്തിന്റെ തിരഞ്ഞെടുപ്പ് വിജയം ചോദ്യം ചെയ്ത് എതിർ സ്ഥാനാർഥിയായിരുന്ന ഇടത് സ്വതന്ത്രൻ കെ.പി.എം. മുസ്തഫ നൽകിയ ഹർജിയാണ് ഹൈക്കോടതിയുടെ പരിഗണനയിലുള്ളത്. ഈ ഹർജിയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ കക്ഷിയല്ല. ബാലറ്റ് അടങ്ങിയ പെട്ടി കാണാതായ സാഹചര്യത്തിൽ തിരഞ്ഞെടുപ്പ് കമ്മിഷനെയും സർക്കാരിനെയും കേസിൽ കക്ഷിയാക്കണം എന്ന ആവശ്യം ഹർജി പരിഗണിക്കവേ ഉന്നയിക്കപ്പെട്ടു.
ബാലറ്റ് അടക്കമുള്ള രേഖകൾ കാണാതായ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരേ നടപടി വേണം എന്ന ആവശ്യവും ഉന്നയിച്ചിട്ടുണ്ട്. ബന്ധപ്പെട്ട ഉദ്യോഗസ്ഥരേയും കേൾക്കേണ്ടതുണ്ടെന്ന് കോടതി അഭിപ്രായപ്പെട്ടു.
കാണാതായ പെട്ടിയിലായിരുന്നു എണ്ണാതെ മാറ്റി വെച്ചിരുന്ന പോസ്റ്റൽ ബാലറ്റും സൂക്ഷിച്ചിരുന്നത്. ഇതിൽ എന്തെങ്കിലും കേടുപാടുകൾ വരുത്തിയിട്ടുണ്ടാകുമോ എന്ന ആശങ്ക നജീബ് കാന്തപുരത്തിന്റെ അഭിഭാഷകൻ ഉന്നയിച്ചു. പെട്ടി കാണാതായ സംഭവത്തിൽ സബ് കളക്ടർ നൽകിയ റിപ്പോർട്ടിൽ മറുപടി നൽകാൻ സമയം വേണമെന്ന് കക്ഷികൾ അറിയിച്ചു.
38 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് നജീബ് കാന്തപുരം വിജയിച്ചത്. സാങ്കേതിക കാരണങ്ങൾ പറഞ്ഞ് 340 പോസ്റ്റൽ വോട്ടുകൾ എണ്ണിയില്ലെന്നും ഇവയിൽ മുന്നൂറോളം വോട്ടുകൾ തനിക്കാണ് ലഭിച്ചതെന്നുമുള്ള വാദമാണ് ഹർജിക്കാരൻ ഉന്നയിക്കുന്നത്.
നിലവിൽ മണ്ഡലത്തിലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട രേഖകൾ ഹൈക്കോടതിയിലാണ് സൂക്ഷിച്ചിരിക്കുന്നത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
