
Perinthalmanna Radio
Date: 03-02-2023
പെരിന്തൽമണ്ണ; നിലമ്പൂർ – ഷൊർണൂർ പാതയിൽ ട്രെയിനുകളുടെ എൻജിൻ തകരാർ പതിവായി. ഇന്നലെയും പാതയിലെ 4 ട്രെയിനുകൾ ഇതുമൂലം വൈകിയോടി. കഴിഞ്ഞ ദിവസം ഷൊർണൂർ- നിലമ്പൂർ ട്രെയിൻ പട്ടിക്കാ ട് വെച്ച് എൻജിൻ തകരാറിലായതു മൂലം 4 ട്രെയിനുകൾ മണിക്കൂറുകളോളം വൈകിയിരുന്നു.
ഇന്നലെ രാവിലെ 7ന് നിലമ്പുരിൽ നിന്ന് ഷൊർണൂരിലേക്ക് നിറയെ യാത്രക്കാരുമായി പുറപ്പെട്ട ട്രെയിൻ വാണിയമ്പലത്ത് നിന്ന് എടുത്ത് തൊടികപ്പുലത്ത് എത്തിയപ്പോഴാണ് എൻജിൻ തകരാറിലായത്. ഇതുമൂലം മുക്കാൽ മണിക്കൂറോളം ട്രെയിൻ വഴിയിൽ കിടന്നു. വേഗം കുറച്ചാണ് പിന്നീട് ട്രെയിൻ കടന്നു പോയത്.
ഷൊർണൂരിലെത്തി തിരിച്ച് 9 ന് നിലമ്പൂരിലേക്ക് പോകേണ്ട ഈ ട്രെയിൻ 9.30 നാണ് പുറപ്പെട്ടത്. ഇതേ തുടർന്ന് 7.45 ന് അങ്ങാടിപ്പുറത്ത് എത്തിയ പാലക്കാട് -നിലമ്പൂർ ട്രെയിൻ അങ്ങാടിപ്പുറത്ത് 8.20 വരെ പിടിച്ചിട്ടു. 10.10 ന് നിലമ്പൂരിൽ നിന്ന് ഷൊർണൂരിലേക്കുള്ള ട്രെയിൻ വാണിയമ്പലത്ത് പിടിച്ചിട്ട് 40 മിനിറ്റിന് ശേഷമാണ് സർവീസ് തുടങ്ങിയത്. ഷൊർണൂരിൽ നിന്ന് 10.20 ന് എടുക്കുന്ന കോട്ടയം- നിലമ്പൂർ ട്രെയിൻ അങ്ങാടിപ്പുറത്ത് 25 മിനിറ്റോളം പിടിച്ചിട്ടു.
കോട്ടയം ട്രെയിനിന് എല്ലാ സ്റ്റേഷനുകളിലും സ്റ്റോപ്പില്ലാത്തത് വൈകിയോടുന്ന സമയങ്ങളിൽ യാത്രക്കാർക്ക് കൂടുതൽ പ്രതിസന്ധിയാണ്. വിവിധ ആശുപ്രതികളിലേക്കും ഓഫിസുകളിലേക്കും ഉള്ളവരും വിദ്യാർഥികളും വിവിധ ജോലികൾക്കായി പോകുന്നവരും ഉൾപ്പെടെ നൂറു കണക്കിന് യാത്രക്കാരാണ് ഇന്നലെയും ദുരിതത്തിലായത്. കാര്യമായ മറ്റ് വാഹന സൗകര്യങ്ങളില്ലാത്ത വാണിയമ്പലത്തിനും തൊടിയപ്പുല ത്തിനും ഇടയ്ക്കാണ് ട്രെയിൻ കുടുങ്ങിയത്. അങ്ങാടിപ്പുറത്തിനും വാണിയമ്പലത്തിനും ഇടയ്ക്ക് ക്രോസിങ് സ്റ്റേഷൻ ഇല്ലാത്തത് മൂലമാണ് ട്രെയിനുകളെല്ലാം പിടിച്ചിടേണ്ടി വന്നത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
