ഓപ്പറേഷൻ ആഗ് പരിശോധനയിൽ ജില്ലയില്‍ 267 പേർ അറസ്റ്റിൽ

Share to

Perinthalmanna Radio
Date: 06-02-2023

മലപ്പുറം: കുറ്റ കൃത്യങ്ങൾ തടയുന്നതിന്റെ ഭാഗമായുള്ള ഓപ്പറേഷൻ ‘ആഗ്’ പരിശോധനയിൽ കർശന നടപടിയുമായി ജില്ലാ പോലീസ്. ശനിയാഴ്‌ച നടന്ന പരിശോധനയിൽ മാത്രം സമൂഹ വിരുദ്ധർക്കെതിരേ 836 കേസുകളാണ് രജിസ്റ്റർചെയ്തത്. 267 പേർ അറസ്റ്റിലുമായി. ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത്‌ ദാസിന്റെ നിർദേശ പ്രകാരം മലപ്പുറം, പെരിന്തൽമണ്ണ, നിലമ്പൂർ, കൊണ്ടോട്ടി, തിരൂർ, താനൂർ ഡിവൈ.എസ്.പി.മാരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.

2895 വാഹനങ്ങൾ പരിശോധിക്കുകയും നിയമ ലംഘനം കണ്ടെത്തിയതിനെ തുടർന്ന് 9,80,750 രൂപ പിഴചുമത്തുകയും ചെയ്തു. നിരവധി കേസുകളിൽ പ്രതിയായി കോടതി ജാമ്യമെടുത്ത് ഒളിവിൽ കഴിഞ്ഞിരുന്ന 35 പേരെ പിടികൂടി. രാത്രികാല പരിശോധനയിൽ ജാമ്യമില്ലാ വാറന്റ് പ്രകാരം 80 പേരെയും മറ്റു കേസുകളിൽ 40 പേരെയും പിടികൂടി.

സമൂഹ വിരുദ്ധ പ്രവർത്തന പശ്ചാത്തലമുള്ള 122 പേരിൽ 53 പേരെ കരുതൽ തടങ്കലിലാക്കി. മയക്കുമരുന്ന്, ലഹരി ഉപയോഗം, വിതരണം എന്നിവയുമായി ബന്ധപ്പെട്ട് 88 കേസുകളും രജിസ്റ്റർചെയ്തു. സംസ്ഥാന അതിർത്തിവഴി എം.ഡി.എം.എ. കടത്തിയതിന് പൂക്കോട്ടുംപാടം സ്വദേശികളായ രണ്ടുപേരെ അറസ്റ്റുചെയ്തു.

അനധികൃത മദ്യവിൽപ്പനയ്ക്കെതിരേ 103 കേസുകൾ, എക്‌സ്‌പ്ലോസീവ് ആക്ട് പ്രകാരം ഒരു കേസ്, അനധികൃത മണൽക്കടത്തിനെതിരേ 18 കേസുകൾ എന്നിവയും രജിസ്റ്റർചെയ്തു.

മൂന്നക്കനമ്പർ ചൂതാട്ടംപോലുള്ള സമാന്തര ലോട്ടറി നടത്തുന്നവർക്കെതിരേ ലോട്ടറി ആക്ട് പ്രകാരം 43 കേസുകളാണ് രജിസ്റ്റർചെയ്തത്.

നിരോധിത പുകയില ഉത്പന്നങ്ങളുടെ വിൽപ്പനയ്ക്കെതിരേ ലഹരിവിരുദ്ധ നിയമപ്രകാരം 61 കേസുകളും ഗതാഗത നിയമലംഘനങ്ങളുമായി ബന്ധപ്പെട്ട് വിവിധ വകുപ്പുകളിലായി 212 കേസുകളും രജിസ്റ്റർചെയ്തു.

വരും ദിവസങ്ങളിലും പരിശോധന തുടരുമെന്ന് ജില്ലാ പോലീസ് മേധാവി എസ്. സുജിത്ത്‌ദാസ് അറിയിച്ചു.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *