കഴിഞ്ഞ വർഷം ജില്ലയിൽ 321 പേർക്ക് വാഹനാപകടങ്ങളിൽ ജീവൻ നഷ്ടമായി; 182 പേരും മരിച്ചത് ഇരുചക്ര വാഹനാപകടത്തിൽ

Share to

Perinthalmanna Radio
Date: 12-02-2023

മലപ്പുറം: ന്യൂജൻ ബൈക്കുകളിൽ കാതടപ്പിക്കുന്ന ശബ്ദമുണ്ടാക്കി, അഭ്യാസം കാണിച്ച്, ചീറിപ്പായുന്നവരും െെകയടിച്ച് പ്രോത്സാഹിപ്പിക്കുന്നവരും ഒന്നോർക്കുക- നിരത്തിലെ അപകടങ്ങളിൽ എപ്പോഴും ‘മുഖ്യപ്രതി’ ഇരുചക്രവാഹനങ്ങളാണ്. അതിൽ ഏറെയും ബൈക്കുകൾതന്നെ.

കഴിഞ്ഞ വർഷം ജില്ലയിൽ 321 പേർക്കാണ് വാഹനാപകടങ്ങളിൽ ജീവൻ നഷ്ടമായത്. അതിൽ 182 പേരും മരിച്ചത് ഇരുചക്ര വാഹനാപകടത്തിലാണ്. കാറപകടത്തിൽ മരിച്ചത് 22 പേർ മാത്രം. കഴിഞ്ഞ വർഷം 3361 അപകടങ്ങളാണ് ജില്ലയിൽ റിപ്പോർട്ട് ചെയ്തത്. അതിൽ പകുതിയിലേറെയും ഇരുചക്രവാഹനങ്ങളായിരുന്നു. ബൈക്കിന് പിന്നിലിരുന്ന് യാത്ര ചെയ്ത 53 പേരാണ് 2022-ൽ മരിച്ചത്.

ഇരുചക്രവാഹന യാത്രികരെ അപകടങ്ങൾ വിടാതെ പിന്തുടരുകയാണ്. വാഹനഗതാഗത വകുപ്പും പോലീസുമെല്ലാം വ്യാപകമായി പരിശോധനകളും നടത്തുന്നുണ്ട്. ജില്ലയിൽ പക്ഷേ, ഹെൽമെറ്റ് വെക്കാതെയുള്ള യാത്രയ്ക്ക് ഒട്ടും കുറവില്ല. പിൻസീറ്റിൽ ഇരിക്കുന്നവരടക്കം ഹെൽമെറ്റ് ധരിക്കണമെന്നാണ് നിയമം. എന്നാൽ വണ്ടി ഓടിക്കുന്നവർപോലും പലപ്പോഴും നിയമം പാലിക്കുന്നില്ല. ഹെൽമെറ്റ് ധരിക്കാതെ വണ്ടിയോടിച്ചതിന് കഴിഞ്ഞ വർഷം 25,199 പേർക്കെതിരേയാണ് കേസെടുത്തത്. ജില്ലയിൽ ഏറ്റവും കൂടുതൽ നിയമലംഘന കേസുകൾ രജിസ്റ്റർ ചെയ്യുന്നതും ഈ കുറ്റത്തിനാണ്.

ഇരുചക്ര വാഹനങ്ങളിൽ മൂന്നുപേർ യാത്ര ചെയ്യുന്നതും ജില്ലയിലെ പതിവ് കാഴ്ചയാണ്. സ്‌കൂൾ, കോളേജ് വിദ്യാർഥികളാണ് ഇതിൽ മുന്നിൽ. പെൺകുട്ടികളടക്കം ഈ നിയമലംഘനം നടത്തുന്നു. ഓരോ വാഹനത്തിനും താങ്ങാവുന്ന ഭാരമുണ്ട്. ഭാരം കൂടുമ്പോൾ അപകടത്തിലേക്കാണ് വഴിതുറക്കുന്നതെന്ന് പലരും ഓർക്കുന്നില്ല. 2022-ൽ മൂന്നുപേരെ വെച്ച് വണ്ടിയോടിച്ചതിന് 698 പേർക്കെതിരേയാണ് കേസെടുത്തത്.

കഴിഞ്ഞ മാർച്ച് 31 വരെയുള്ള കണക്കുപ്രകാരം ജില്ലയിൽ 9,11,429 ഇരുചക്രവാഹനങ്ങളുണ്ട്. രജിസ്‌ട്രേഷനുള്ള മൊത്തം വാഹനങ്ങളുടെ 63 ശതമാനം വരും ഇത്. 2021-22 സാമ്പത്തികവർഷം മാത്രം മലപ്പുറത്ത് 49,217 മോട്ടോർ സൈക്കിളുകൾ രജിസ്‌ട്രേഷൻ നടത്തി.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *