
Perinthalmanna Radio
Date: 12-02-2023
പെരിന്തൽമണ്ണ: സംസ്ഥാനത്ത് എല്ലാ പ്രധാന റോഡുകളിലും സീബ്രാ ലൈൻ അടയാളപ്പെടുത്തണമെന്ന ഹൈക്കോടതി നിർദേശം വന്നത് രണ്ട് ദിവസം മുൻപാണ്. സീബ്രാ ലൈനിൽ കാൽനട യാത്രക്കാർക്ക് മുൻഗണയുണ്ടെന്നും അവരെ വാഹനം ഇടിച്ചാൽ ഡ്രൈവർക്ക് ഉത്തരവാദിത്തമുണ്ടെന്നും കോടതി വ്യക്തമാക്കുകയും ചെയ്തിരുന്നു. സീബ്രാ ലൈനുകളുടെ പ്രാധാന്യം ഏറെയാണെങ്കിലും പെരിന്തൽമണ്ണയിൽ പ്രധാന ജങ്ഷനിൽ പോലും സുരക്ഷിതം എന്നു പറയാൻ ഒരു സീബ്രാ ലൈൻ പോലും ഇല്ലെന്നതാണ് യാഥാർഥ്യം.
പലയിടങ്ങളിലും സീബ്രാവരകൾ മാഞ്ഞ് ഇല്ലാതാകുന്നതും ആവശ്യമുള്ളിടത്തല്ലാതെ തോന്നുംപോലെ ഇവ വരച്ചിട്ടുള്ളതും വാഹനങ്ങൾക്കും കാൽനടക്കാർക്കും ഒരുപോലെ പ്രയാസമാകുന്നു. ദേശീയ പാതയും സംസ്ഥാന പാതയും കൂടിച്ചേരുന്നതും തിരക്കേറിയതുമായ പെരിന്തൽമണ്ണയിലെ ട്രാഫിക് ജങ്ഷനിൽ തന്നെ സീബ്രാവരകൾ ഇല്ലാതാവാൻ തുടങ്ങിയിട്ട് മാസങ്ങളായി.
നാല് ഭാഗത്തേക്കുള്ള റോഡുകളിലും ഇതേ അവസ്ഥയാണ്. ദേശീയപാത നവീകരണസമയത്ത് വരച്ച ഇവ മാഞ്ഞ് പേരിനൊരു വര മാത്രമായിരിക്കുകയാണ്. സംസ്ഥാന പാതയുടെ നവീകരണം പൂർത്തിയാകാത്തതും പുതുതായി വരയ്ക്കുന്നതിന് തടസ്സമാകുന്നു. ജങ്ഷനിൽ വാഹനങ്ങൾ നിശ്ചിത ഇടത്ത് നിർത്തണം എന്നു കാണിക്കുന്ന വരകൾ നേരത്തെ ഇല്ലാതായിരുന്നു. ഇതിനാൽ പല വാഹനങ്ങളും സീബ്രാവരകൾ കഴിഞ്ഞോ ഇവയ്ക്ക് മുകളിലോ വാഹനം നിർത്തുന്ന സ്ഥിതിയാണ്. കെ.എസ്.ആർ.ടി.സി. ഡിപ്പോയ്ക്ക് മുന്നിലെ സീബ്രാവരയിൽതന്നെ ബസുകൾ നിർത്തുന്നതും പതിവാണ്. ജില്ലാ ആശുപത്രിക്ക് മുന്നിൽ നിരവധി രോഗികളും ആളുകളും റോഡ് മുറിച്ചുകടക്കാൻ പ്രയാസപ്പെടുന്നതും പതിവ് കാഴ്ചയാണ്.
ഇവിടെ രണ്ട് സീബ്രാവരകളുടെ വീതിയിലാണ് വരച്ചിട്ടുള്ളത്. ടൗണിൽ നിന്ന് വരുമ്പോൾ ചെറിയ കയറ്റം കഴിഞ്ഞയുടനെയാണ് സീബ്രാവരയുള്ളത്. പലപ്പോഴും ഡ്രൈവർമാരുടെ ശ്രദ്ധയിൽപ്പെടില്ലെന്നതും പ്രശ്‌നമാണ്. പലയിടങ്ങളിലും സീബ്രാവരകൾ മാഞ്ഞുതുടങ്ങിയിട്ടുണ്ട്. ഇവയിലൂടെ മാത്രം റോഡ് മുറിച്ചുകടക്കാൻ കാൽനടക്കാർ ശ്രമിക്കാത്തതും അപകടങ്ങൾക്കിടയാക്കുന്നുണ്ട്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/BuEppF2WClmF172FMFIJJx
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
