
Perinthalmanna Radio
Date: 14-02-2023
പെരിന്തൽമണ്ണ: സ്വകാര്യ പാരാമെഡിക്കൽ കോളേജ് ഹോസ്റ്റലിലെ വിദ്യാർഥിനിക്ക് നോറോ വൈറസ് ബാധ സ്ഥിരീകരിച്ചതിനെ തുടർന്ന് പരിശോധനയ്ക്കയച്ച സാമ്പിളുകളിൽ ഒരാൾക്കുകൂടി രോഗബാധ സ്ഥിരീകരിച്ചു. ഇൗ വിദ്യാർഥി രോഗലക്ഷണങ്ങൾ മറികടന്ന് ആരോഗ്യസ്ഥിതി വീണ്ടെടുത്തതായി മെഡിക്കൽ ഓഫീസർ ഡോ. ബൈജു പറഞ്ഞു.
ഈമാസം നാലിന് അയച്ച 12 സാമ്പിളുകളുടെ ഫലം തിങ്കളാഴ്‌ചയാണ് അറിഞ്ഞത്. തിരുവനന്തപുരം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് വൈറോളജിയിലാണ് പരിശോധിച്ചത്. നേരത്തേ രോഗലക്ഷണങ്ങൾ കാണിച്ചവരടക്കമുള്ള വിദ്യാർഥികളുടെ ആരോഗ്യസ്ഥിതി നിലവിൽ തൃപ്തികരമാണെന്ന് ആരോഗ്യവകുപ്പധികൃതർ പറഞ്ഞു. ഒരാൾക്കുകൂടി വൈറസ് സ്ഥിരീകരിച്ചതിനാൽ ചെറിയ രോഗലക്ഷണമുള്ളവരെയും ചൊവ്വാഴ്‌ച പരിശോധിക്കാനാണ് തീരുമാനം.
രണ്ടാഴ്‌ച മുൻപാണ് കോളേജിലെ മറ്റൊരു വിദ്യാർഥിനിക്ക് രോഗബാധ സ്ഥിരീകരിച്ചത്. തുടർന്ന് കോളേജ് ഹോസ്റ്റലിലെ 55 വിദ്യാർഥികളെ നിരീക്ഷണത്തിലാക്കി. ഇതിൽ മറ്റ് 12 പേരുടെ സാമ്പിളുകൾ മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പരിശോധിച്ചിരുന്നു. ഷിഗെല്ല, മഞ്ഞപ്പിത്തം, ടൈഫോയ്ഡ് തുടങ്ങിയവ ഉണ്ടോയെന്ന് ഉറപ്പാക്കാൻ നടത്തിയ ഈ പരിശോധനകളിൽ എല്ലാവരുടെയും ഫലം നെഗറ്റീവ് ആയിരുന്നു.വയറിളക്കം, ഛർദി തുടങ്ങിയവയുമായി വിദ്യാർഥികൾ ആശുപത്രികളിലെത്തിയതോടെയാണ് ആരോഗ്യവകുപ്പ് മെഡിക്കൽ ക്യാമ്പ് നടത്തി സാമ്പിളുകൾ പരിശോധനയ്ക്കയച്ചത്. ഇതിലൊരാൾക്കാണ് ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ചത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
