
Perinthalmanna Radio
Date: 22-02-2023
പെരിന്തൽമണ്ണ: നഗരസഭയിൽ ഒഴിഞ്ഞു കിടക്കുന്ന മുറികളും അഞ്ചു കംഫർട്ട് സ്റ്റേഷനുകളും ലേലം നടത്തിയപ്പോൾ ഏറ്റെടുക്കാൻ ആളില്ല. പഴയ മാർക്കറ്റ്, ബസുകൾ കയറാത്ത മനഴി ബസ് സ്റ്റാൻഡിലെ കോംപ്ലക്സ്, ബസുകൾ കയറി ഇറങ്ങാത്ത ബൈപാസ് ബസ് സ്റ്റാൻഡ് കോംപ്ലക്സ്, ട്രാഫിക് ജങ്ഷനിലെ ഹൈടെക് കോംപ്ലക്സ് എന്നിവിടങ്ങളിലെ കംഫർട്ട് സ്റ്റേഷൻ ലേലം നടത്തിയെങ്കിലും ആരും പങ്കെടുത്തില്ല. ഈ സ്ഥലങ്ങളിലെ ഒഴിഞ്ഞ കടമുറികൾ 14ന് ലേലം നടത്തിയതിലും ആരും പങ്കെടുത്തിരുന്നില്ല. രണ്ടു തവണ ലേലം നടത്തിയിട്ടും ആരും ലേലം കൊള്ളാത്തതിനാൽ പ്രത്യേക ഓഫർ പ്രഖ്യാപിച്ച് ലേലം ചെയ്യാനിരിക്കുകയാണ് നഗരസഭ. നഗര മധ്യത്തിൽ ട്രാഫിക് ജങ്ഷനോട് ചേർന്ന ഹൈടെക് ഷോപ്പിങ് കോംപ്ലക്സിൽ 21 മുറികളാണ് ഒഴിഞ്ഞ് കിടക്കുന്നത്.
ഒന്നാം നിലയിൽ പത്തു ലക്ഷം ഡെപ്പോസിറ്റും വാടകയും രണ്ടാം നിലയിൽ അഞ്ചു ലക്ഷം ഡെപ്പോസിറ്റും വാടകയും മൂന്നാം നിലയിൽ ഒന്നര ലക്ഷം രൂപ ഡെപ്പോസിറ്റും വാടകയുമാണ്. വെള്ളവും ലിഫ്റ്റ് സൗകര്യവും ഇല്ലാത്തത് ഷോപ്പിങ് കോംപ്ലക്സിൽ വർഷങ്ങളായി ഉയരുന്ന പരാതികളാണ്. ഇത് പരിഹരിക്കാൻ നഗരസഭക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല.
ബസുകൾ കയറി ഇറങ്ങുന്നത് നിലച്ചതോടെ മനഴി ബസ് സ്റ്റാൻഡിലും ബൈപാസ് ബസ് സ്റ്റാൻഡിലും മുറികൾ പലരും ഒഴിവാക്കി. നഗരസഭയിൽ മൂസക്കുട്ടി ബസ് സ്റ്റാൻഡ് കംഫർട്ട് സ്റ്റേഷൻ ഫീസ് പരിവ് 5.89 ലക്ഷത്തിനും ബസ് സ്റ്റാൻഡ്, ടാക്സി സ്റ്റാൻഡ് ഫീസ് പിരിവ് 4.6 ലക്ഷത്തിനും ഫല വൃക്ഷത്തിൽ നിന്നുള്ള ആദായമെടുക്കാൻ 56,300 രൂപക്കും ലേലം ഉറപ്പിച്ചു. വൻ തുടക മുടക്കി നഗര സഭ നിർമിച്ച ഷോപ്പിങ് കോംപ്ലക്സുകളിലാണ് ഇത്തരത്തിൽ മുറികൾ ഒഴിഞ്ഞു കിടക്കുന്നത്. പുതുതായി ബസ് സ്റ്റാൻഡ് നിർമിച്ച് ഗതാഗത ക്രമം പാടേ മാറ്റിയതോടെയാണ് ഈ സ്ഥിതി വന്നത്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക
https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ
