മേലാറ്റൂർ – പുലാമന്തോൾ പാത നവീകരണം പാതിവഴിയിൽ

Share to

Perinthalmanna Radio
Date: 24-02-2023

പെരിന്തൽമണ്ണ: മേലാറ്റൂർ മുതൽ പുലാമന്തോൾ വരെയുള്ള സംസ്ഥാന പാതയുടെ പണിക്കായി നീക്കി വച്ച 139.4 കോടി രൂപ എവിടെ പോയി. 30.88 കിലോ മീറ്റർ വരുന്ന റോഡിന്റെ പുനർ നിർമാണത്തിനായാണ് ഫണ്ട് അനുവദിച്ചത്. റീബിൽഡ് കേരള പദ്ധതിയിൽ ഉൾപ്പെടുത്തി 2020 സെപ്റ്റംബർ 29ന് മുഖ്യമന്ത്രി പിണറായി
വിജയനാണ് റോഡിന്റെ നിർമാണ ഉദ്ഘാടനം ഓൺലൈനായി നിർവഹിച്ചത്. 7 മീറ്റർ വീതിയിൽ നിർമിക്കുന്ന റോഡിലെ 4 പാലങ്ങൾ വീതി കൂട്ടുമെന്നും ഒരു
പാലം പുതുക്കി പണിയുമെന്നും
പറഞ്ഞിരുന്നു. നിർമാണ
മേൽനോട്ടത്തിന്
കെഎസ്ടിപിയെയാണ് ചുമതല ഏൽപ്പിച്ചത്. റോഡ് വീതികൂട്ടി,
റബറൈസ് ചെയ്ത്, കയറ്റിറക്കങ്ങൾ ക്രമീകരിച്ച് അഴുക്കു ചാലുകൾ നവീകരിച്ച് ഒന്നര വർഷം കൊണ്ട് നിർമാണം പൂർത്തിയാക്കാൻ ആയിരുന്നു കരാർ നൽകിയത്.

രണ്ടര വർഷം പിന്നിടുമ്പോൾ പണി പാതി വഴിയിൽ ഉപേക്ഷിക്കപ്പെട്ട നിലയിലാണ്.  ഈ റോഡിന്റെ കാര്യത്തിൽ നാളിതു വരെ വകുപ്പു മന്ത്രിയും ബന്ധപ്പെട്ട
ഉദ്യോഗസ്ഥരും കരാറുകാരും ജനത്തിന് നൽകിയ ഉറപ്പുകൾ ഒന്നും പാലിക്കപ്പെട്ടില്ല. തകർന്ന റോഡിൽ തട്ടിയും മുട്ടിയും തട്ടി തടഞ്ഞും ജനത്തിന് ദുരിതം ബാക്കി. അശാസ്ത്രീയമായി അങ്ങിങ്ങായി ചെയ്ത ചില നിർമാണ പ്രവർത്തനങ്ങൾ ഒഴിച്ചാൽ പണി പാതി വഴിയിലാണ്. ഹൈദരാബാദ് കേന്ദ്രമായ കമ്പനി കരാറെടുത്ത് ചെന്നൈ കേന്ദ്രമായ കമ്പനിക്ക് ഉപകരാർ നൽകുകയായിരുന്നു. ഇടയ്ക്ക് ഉപകരാർ എടുത്ത കമ്പനിയെ ഒഴിവാക്കി. നേരിട്ട് കരാറെടുത്ത കമ്പനി
തന്നെയാണ് ഒടുവിൽ പണിയെടുക്കുന്നത്.

പെരിന്തൽമണ്ണ ടൗൺ മുതൽ കുന്നപ്പള്ളി വരെയുള്ള 4 കിലോ മീറ്റർ വരുന്ന ഭാഗം മാത്രമാണ് രണ്ടാംഘട്ട ടാറിങ് നടന്നത്. തികച്ചും അശാസ്ത്രീയമായി നടന്ന നിർമാണത്തിൽ കയറ്റിറക്കങ്ങൾ ക്രമീകരിക്കുകയോ ശാസ്ത്രീയമായ അഴുക്കു ചാലുകളുടെ നിർമാണമോ നടന്നില്ല. ഇവിടങ്ങളിൽ പലയിടത്തും ഗുണനിലവാരം ഇല്ലാത്തതിനാൽ ടാറിങ് അടർന്ന നിലയിലാണ്. കുന്നപ്പള്ളി വളയം മൂച്ചിയിൽ ടാറിങ് വിണ്ടു പൊളിഞ്ഞ ഭാഗം കഴിഞ്ഞ ദിവസം അറ്റകുറ്റപ്പണി നടത്തി. പെരിന്തൽമണ്ണ ജൂബിലി ജംക്ഷൻ കഴിഞ്ഞ് ടാർ അടർന്നു നിൽക്കുന്നുണ്ട്.

പല വീതിയിലും ആഴത്തിലുമായി നിർമിച്ച അഴുക്കു ചാലിന്റെ കോൺക്രീറ്റിങ് പലയിടത്തും ഇതിനകം
തന്നെ പൊട്ടി തകർന്നു. വളഞ്ഞു പുളഞ്ഞ് ദിശമാറി കിടക്കുകയാണ് അഴുക്കുചാൽ. പണി കഴിഞ്ഞ കുന്നപ്പള്ളി ഭാഗത്ത് അഴുക്കു ചാലിന്റെ അശാസ്ത്രീയത മൂലം മഴ പെയ്താൽ റോഡാകെ വെള്ള കെട്ടാണ്. റോഡിൽ നിന്ന് നീക്കാനുള്ള വൈദ്യുതി കാലുകൾ പോലും ഇനിയും നീക്കാനായില്ല.
പട്ടിക്കാട് മുതൽ മേലാറ്റൂർ വരെ അഴുക്കു ചാലിന്റെ പണി തുടങ്ങിയിട്ട് വർഷം പിന്നിട്ടു. മേലാറ്റൂരിനും പട്ടിക്കാടിനും ഇടയ്ക്ക് ചിലയിടങ്ങളിൽ നാമമാത്രമായി ഒന്നാം ഘട്ട ടാറിങ് നടത്തി. അതെല്ലാം പലയിടത്തും അടർന്നു മാറി. റോഡ് വീതി കൂട്ടുന്നതിന്
പലയിടത്തും റോഡിന്റെ ഇരുവശവും മണ്ണിട്ട് പോയതു മൂലം പൊടിയഭിഷേകത്തിൽ നട്ടം തിരിയുകയാണ്.
…………………………………………
കൂടുതൽ വാർത്തകൾക്ക് www.perinthalmannaradio.com എന്ന ഞങ്ങളുടെ വെബ്സൈറ്റ് സന്ദര്‍ശിക്കുക
———————————————-
പെരിന്തൽമണ്ണയിലേയും പരിസര പ്രദേശങ്ങളിലേയും വാർത്തകൾ വാട്സാപ്പിൽ   ലഭിക്കാൻ താഴെ കാണുന്ന ലിങ്കിൽ ക്ലിക് ചെയ്യുക

https://chat.whatsapp.com/EYuz71RniLNAdUHfxjrKjr
———————————————
®Perinthalmanna Radio
വാർത്തകൾ ഇനി നിങ്ങളുടെ വിരൽതുമ്പിൽ

Share to

Leave a Reply

Your email address will not be published. Required fields are marked *